പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി പൊലിസ് മുന്നോട്ട്
പമ്പ: ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ മലചവിട്ടുന്നു. രാവിലെ ഏഴ് മണിയോടെയാണ് ഇവര്‍ മലചവിട്ടി തുടങ്ങിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ എന്നിവരാണ് മലചവിട്ടുന്നത്. പ്രതിഷേധം വകവെക്കാതെ യുവതികള്‍ മുന്നേറുക തന്നെയാണ്. ഇവര്‍ മരക്കൂട്ടം പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. ഏതാണ്ട് ഒരു കിലോമീറ്റര്‍ മാത്രമാണ് ഇനി സന്നിധാനത്തേക്കുള്ളത്.
പൊലിസ് കൃത്യമായി ഓരോ പോയിന്റിലും ഇവര്‍ക്ക് സുരക്ഷ ഒരുക്കുന്നുണ്ട്. സ്വാമി അയ്യപ്പന് റോഡ് വഴിയല്ല, മറിച്ച് പരമ്പരാഗത കാനന പാതയിലൂടെയാണ് ഇവര്‍ മലകയറുന്നത്.
അരമണിക്കൂര്‍ യാത്ര പിന്നിട്ടപ്പോള്‍ തന്നെ പ്രതിഷേധവും തുടങ്ങിയിരുന്നു. പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അപ്പാച്ചിമേട്ടില്‍ അരമണിക്കൂറോളം പ്രതിഷേധക്കാര്‍ യുവതികളെ തടഞ്ഞു. പൊലിസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി സന്നിധാനത്തേക്കുള്ള യാത്ര തുടരുകയായിരുന്നു.
എന്തുവന്നാലും സന്നിധാനത്തെത്തുകയും ശബരിമല ശാസ്താവിനെ ദര്‍ശിക്കുകയും ചെയ്യുമെന്ന് മലകയറുന്ന ബിന്ദു പറഞ്ഞു. ' ഇവിടെ 144 പ്രഖ്യാപിച്ച സ്ഥലമാണ്. സമാധാനപരമായി നിയമപരമായിട്ടാണ് ദര്‍ശനത്തിന് പോകുന്നത്. രാജ്യത്തെ നിയമം നടപ്പാക്കണം, തുല്യത വേണം. സുരക്ഷ ഒരുക്കേണ്ടത് പൊലിസിന്റെ ഉത്തരവാദിത്തമാണ്. സുപ്രിം കോടതി വിധി നടപ്പാക്കണം. ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് മുഖ്യമന്ത്രി വാക്കു തന്നതാണ്. അത് പാലിക്കണം. നിലയ്ക്കല്‍ പൊലിസ് സുരക്ഷിതമായി ഞങ്ങളെ പമ്പ വരെ എത്തിച്ചു. എന്ത് പ്രതിഷേധമുണ്ടായാലും കയറും. അതില്‍ ഒരു മാറ്റവുമില്ലെന്നും' ബിന്ദു പ്രതികരിച്ചു.
തമിഴ്നാട്ടിലെ മനിതി സംഘടനയുടെ നേതൃത്വത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ ഞായറാഴ്ച ഒമ്പത് മണിക്കൂര്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മലയകറാനാകാതെ മടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."