തട്ടിപ്പുകള്‍ വര്‍ധിക്കുമ്പോഴും സുരക്ഷാ സംവിധാനങ്ങളില്ലാതെ എ.ടി.എമ്മുകള്‍
പാലക്കാട്: രാജ്യത്ത് അനുദിനം എ.ടി.എം തട്ടിപ്പുകള്‍ വര്‍ധിക്കുമ്പോഴും സുരക്ഷാസംവിധാനങ്ങള്‍ പേരിലൊതുങ്ങുന്നു. രാജ്യത്തൊട്ടാകെ ദേശസാല്‍കൃത, പുതുതലമുറ ബാങ്കുകളുടെ രണ്ടു ലക്ഷത്തോളം എ.ടി.എം കൗണ്ടറുകളുണ്ടെങ്കിലും കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉള്ളത് 1000ല്‍ താഴെ എ.ടി.എമ്മുകള്‍ക്കു മാത്രം.
ഇത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തുന്നു. രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുള്ള എ.ടി.എം മെഷിനുകളില്‍ സാങ്കേതിക സംവിധാനങ്ങള്‍ രണ്ടുതരത്തിലാണ്. 2005നു മുന്‍പ് സ്ഥാപിച്ചവയിലും 2005നു ശേഷം സ്ഥാപിച്ച എം.ടി.എമ്മുകളിലും വ്യത്യസ്ത രീതിയിലുള്ള സോഫ്റ്റ്‌വെയറുകളും സാങ്കേതിക സംവിധാനങ്ങളുമാണുള്ളത്. എന്നാല്‍ ആദ്യകാലങ്ങളില്‍ എ.ടി.എമ്മുകളില്‍ പ്രവേശിക്കണമെങ്കില്‍ ഡോറിനോടു ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള സേഫ് ഹോളില്‍ കാര്‍ഡ് റീഡിങിന് കാണിച്ചാല്‍ മാത്രമേ ഡോര്‍ തുറക്കുകയുള്ളൂവെന്നതും ഇടപാടുകാരന്‍ അകത്ത് പ്രവേശിക്കുന്നതോടെ അടയുന്ന ഡോര്‍ ഉള്ളില്‍ നിന്നു ബട്ടണുപയോഗിച്ചു മാത്രമേ തുറക്കാനുമാവൂ എന്നതുമാണ് ഇതിന്റെ പ്രത്യേകത.
എന്നാല്‍ നിലവില്‍ ഭൂരിഭാഗം എ.ടി.എമ്മുകളിലും ഇത്തരം സംവിധാനങ്ങളില്ല. മാത്രമല്ല നഗരങ്ങളില്‍ വിരലിലെണ്ണാവുന്ന എ.ടി.എമ്മുകളില്‍ മാത്രമാണ് സുരക്ഷാ ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. ബാങ്കുകള്‍ സാമ്പത്തികലാഭം ഉണ്ടാക്കുന്നതിനായാണ് ഇത്തരത്തില്‍ എ.ടി.എമ്മുകളില്‍ സുരക്ഷാജീവനക്കാരെ നിര്‍ത്താത്തതെന്നാണ് പരക്കെ ഉയരുന്ന പരാതി. എ.ടി.എമ്മിനകത്ത് ഹെല്‍മറ്റ,് തൊപ്പി എന്നിവ ധരിക്കാന്‍പാടില്ല, ഒന്നില്‍കൂടുതല്‍ ആളുകള്‍ കയറരുത് തുടങ്ങിയ നിര്‍ദേശങ്ങളൊന്നും മിക്കയിടത്തും പാലിക്കപ്പെടുന്നില്ല.
മാത്രമല്ല എ.ടി.എം കൗണ്ടറുകളിലെ ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ ബാങ്കുകള്‍ യഥാസമയം നിരീക്ഷിക്കാത്തതാണ് പലപ്പോഴും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് വളമാകുന്നത്. എ.ടി.എമ്മുകളില്‍ പണം നിറക്കാനേല്‍പ്പിക്കുന്നത് സ്വകാര്യ ഏജന്‍സികളെയാണ്. ബാങ്കുകള്‍ തന്നെ ഇതിനായി ജീവനക്കാരെ നിയോഗിക്കുന്ന സംവിധാനത്തിലേക്ക് മാറാന്‍ തയാറാവണമെന്നാണ് ഇടപാടുകാര്‍ ആവശ്യപ്പെടുന്നത്. വിജനമായ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എ.ടി.എമ്മുകള്‍ തകര്‍ത്ത് പണംകവരാന്‍ നേരത്തെയും ശ്രമങ്ങള്‍ നടന്നിരുന്നു. ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ എ.ടി.എമ്മുകളിലെ പ്രവര്‍ത്തനങ്ങളും സി.സി ടി.വി ദൃശ്യങ്ങളും കൃത്യമായി നിരീക്ഷിക്കുകയും, 24 മണിക്കൂറും സേവനസന്നദ്ധരായ സെക്യൂരിറ്റി ജീവനക്കാരെയും ഉറപ്പുവരുത്തിയാല്‍ പകുതിയിലേറെ എ.ടി.എം തട്ടിപ്പുകള്‍ തടയാമെന്നാണു വിലയിരുത്തല്‍.
അനുദിനം ഇടപാടുകാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനക്കനുസരിച്ച് രാജ്യവ്യാപകമായി എ.ടി.എമ്മുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയാണുണ്ടായിട്ടുള്ളത്. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ പേരിനു മാത്രമാണ്. മാത്രമല്ല ചിലയിടത്ത് കൗണ്ടറുകള്‍ക്കകത്ത് ഒന്നില്‍ കൂടുതല്‍ എ.ടി.എം, കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ എന്നിവ സ്ഥാപിക്കുന്നതും ഇടപാടുകാരില്‍ അസ്വാരസ്യം ഉണ്ടാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."