ഷിംല ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 50 കടന്നു. മരണ സംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്നു രാവിലെ മുതല്‍ വീണ്ടും ആരംഭിച്ചു. സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മാണ്ഡി-പത്താന്‍കോട്ട് ദേശീയപാതയില്‍ ഉരുള്‍പൊട്ടലുണ്ടായത്. മണ്ണിടിച്ചിലില്‍ രണ്ടു ബസുകള്‍ പൂര്‍ണമായും മണ്ണിനടിയലായിരിക്കുകയാണ്. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസാണ് അപകടത്തില്‍ പെട്ടത്.
ചമ്പയില്‍ നിന്ന് മാണ്ഡിയിലേക്ക് പോവുകയായിരുന്നു ബസില്‍ 47 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കത്രയില്‍ നിന്ന് മണാലിയിലേക്ക് പോവുകയായിരുന്നു രണ്ടാമത്തെ ബസ്. ഇതില്‍ എട്ടോ പത്തോ യാത്രക്കാരാണുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതുവരെയായി 46ഓളം മൃതദേഹങ്ങളാണ് പുറത്തെടുത്തത്. അപകടത്തെത്തുടര്‍ന്ന് മാണ്ഡി-പത്താന്‍കോട്ട് ദേശീയപാത അടച്ചു. പ്രദേശത്ത് ഇന്നലെ വൈകീട്ടും മഴയും മണ്ണിടിച്ചിലും തുടര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."