പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ സാധിക്കുന്നില്ല ; രക്ഷിതാക്കള്‍ ആശങ്കയില്‍
എടച്ചേരി: ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ പുതുക്കാന്‍ കഴിയാതെ രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍. മുന്‍ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവരും അപേക്ഷിച്ചിട്ട് ഇതുവരെ ലഭിക്കാത്തവരുമാണ് എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായത്. സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പഴയ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് പുതുക്കുക മാത്രമേ ചെയ്യേണ്ടതുള്ളു.
നാലാം തരവും ഏഴാം തരവും വിജയിച്ച് മറ്റു സ്‌കൂളുകളില്‍ ഉപരിപഠനത്തിനു ചേര്‍ന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ പഴയ രജിസ്റ്റര്‍ നമ്പറിനൊപ്പം തൊട്ടുമുന്‍പ് പഠിച്ച സ്‌കൂളില്‍നിന്നു ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റ് കൂടി ഉണ്ടായാല്‍ മതി. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളില്‍നിന്ന് നിശ്ചിത മാനദണ്ഡങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. 1000 രൂപയാണ് ഓരോ ക്ലാസിലും വര്‍ഷത്തില്‍ ഒരുതവണ ലഭിക്കുക.
2017-18 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് അപേക്ഷ പുതുക്കുന്നവര്‍ക്കാണ് പ്രയാസം നേരിടുന്നത്. സ്‌കോളര്‍ഷിപ്പിന്റെ സൈറ്റില്‍ റിന്യൂവല്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിക്കുമ്പോള്‍ പഴയ വിവരങ്ങള്‍ കാണുന്നില്ലെന്നാണ് പരാതി. ഇതു കാരണം പല രക്ഷിതാക്കള്‍ക്കും അപേക്ഷകള്‍ പുതുക്കാന്‍ സാധിക്കുന്നില്ല. നിരവധി രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച സംശയങ്ങളും പരാതികളുമായി സ്‌കൂള്‍ അധികൃതരെ സമീപിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച കുട്ടികളുടെ അപേക്ഷകളുടെ കോപ്പി അതത് സ്‌കൂളുകളില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഇത് ഉപയോഗിച്ച് പഴയപോലെ പുതുക്കാമെന്ന നിര്‍ദേശമാണ് ഡി.പി.ഐ നല്‍കുന്നത്. ഇങ്ങനെ പുതുക്കാന്‍ സാധിക്കാത്തവര്‍ വീണ്ടും പുതിയത് (ഫ്രഷ് ) ആയി അപേക്ഷിക്കണമെന്നും പറയുന്നു. അതേസമയം മുന്‍ വര്‍ഷങ്ങളില്‍ ചെയ്ത പോലെ അപേക്ഷയോടൊപ്പം രേഖകള്‍ ഒന്നും തന്നെ അപ്‌ലോഡ് ചെയ്യേണ്ടതുമില്ല. പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനു മാത്രമേ ഇപ്പോള്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതുള്ളുവെന്നുമാണ് നിര്‍ദേശങ്ങളില്‍ പറയുന്നത്.
പ്രസിദ്ധീകരിച്ചിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെ ഒപ്പോടെ സ്‌കൂളില്‍ സൂക്ഷിക്കണം. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സ്‌കൂളിന്റെ ഉത്തരവാദിത്തത്തിലാണ് സമര്‍പ്പിക്കേണ്ടത്. സ്‌കൂള്‍ മുഖേനയോ കുട്ടിക്ക് സ്വന്തം താല്‍പര്യപ്രകാരമോ അപേക്ഷിക്കാം. ഈ അപേക്ഷാ ഫോറത്തിലെ രക്ഷിതാവിന്റെ സത്യപ്രസ്താവനയില്‍ വാര്‍ഷിക വരുമാനം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇതു സ്‌കൂളുകളില്‍ സൂക്ഷിക്കുകയും അപേക്ഷയില്‍ വരുമാനം രേഖപ്പെടുത്തുകയും വേണം.
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വര്‍ഷം തന്നെ ഇതുസംബന്ധിച്ച് ഏറെ വിവാദങ്ങള്‍ നിലനിന്നിരുന്നു. രക്ഷിതാക്കളുടെ വരുമനം സംബന്ധിച്ചായിരുന്നു പ്രശ്‌നം. ഇതിനു വേണ്ടിയിരുന്ന പത്തു രൂപയുടെ മുദ്രപേപ്പര്‍ ലഭ്യമല്ലാത്തതിനാല്‍ ആയിരക്കണക്കിന് രക്ഷിതാക്കള്‍ അന്ന് 100 രൂപയുടെ മുദ്രപത്രമാണ് വാങ്ങിയത്. വില്ലേജ് ഓഫിസില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ അതിനും രക്ഷിതാക്കള്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മുദ്രപത്രവും, വില്ലേജ് ഓഫിസറുടെ വരുമാന സര്‍ട്ടിഫിക്കറ്റും ആവശ്യമില്ലെന്ന് ഉത്തരവുണ്ടായി. രക്ഷിതാക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് മതിയെന്നും തീര്‍ച്ചപ്പെടുത്തി. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനയുമാക്കി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷയും രക്ഷിതാക്കള്‍ക്ക് പ്രയാസമാവുകയായിരുന്നു. ഇപ്പോള്‍ പുതുതായി അപേക്ഷിക്കാനും പുതുക്കാനുമാണ് രക്ഷിതാക്കള്‍ സ്‌കൂളുകളിലും ഇന്റര്‍നെറ്റ് കഫേകളിലും കയറിയിറങ്ങുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ പുതുക്കാന്‍ ബുദ്ധിമുട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇന്റര്‍നെറ്റ് സൗകര്യവും കംപ്യൂട്ടറുമുള്ള സ്‌കൂളുകളില്‍നിന്ന് അധ്യാപകര്‍ തന്നെ ഇതു ചെയ്തു കൊടുക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചിട്ടും സ്‌കോളര്‍ഷിപ്പ് തുക ബാങ്കുകളിലെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന പരാതിയും രക്ഷിതാക്കള്‍ ഉന്നയിക്കുന്നു. അപേക്ഷയിലെ തെറ്റുകളാണ് ഇതിനു കാരണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ബാങ്ക് അക്കൗണ്ട് നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല. അതുപോലെ ആധാര്‍ കാര്‍ഡിലെ വിവരങ്ങളില്‍നിന്ന് വ്യത്യസ്തമായ പേര്, പിതാവിന്റെ പേര് തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ അപേക്ഷകളും നിരസിച്ചിട്ടുണ്ട്. മുന്‍പ് കാണിച്ച വരുമാനത്തിലെ മാറ്റമാണ് ഒരുതവണ തുക കിട്ടിയവര്‍ക്ക് പിന്നീട് ലഭിക്കാതെ വന്നതിനു കാരണമെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ആശങ്ക ദൂരീകരിക്കും വിധം ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് വിവിധ പി.ടി.എ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."