സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാടെങ്ങും ഉത്സവ ലഹരിയില്‍
കൊച്ചി: രാജ്യത്തിന്റെ 71ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ജില്ലയിലുടനീളം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്‌കൂളുകളും കോളജുകളും വിവിധ സ്ഥാപനങ്ങളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ചാണ് ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഉള്‍പ്പെടെയുള്ള കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളും ആഘോഷം കെങ്കേമമാക്കാനുള്ള തയാറെടുപ്പിലാണ്. 11ന് ആരംഭിച്ച ജില്ലാതല ആഘോഷ പരിപാടിയിലെ പരേഡ് റിഹേല്‍സല്‍ ഇന്നും തുടരും. ജില്ലാതല ആഘോഷപരിപാടികള്‍ കാക്കനാട് കലക്ടറേറ്റ് അങ്കണത്തിലെ പരേഡ് മൈതാനിയിലാണ് ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 8.30ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന ബാന്‍ഡ്, സൗകൗട്ട്, ഗൈഡ്‌സ്, എന്‍.സി.സി, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവര്‍ പരേഡില്‍ പങ്കെടുക്കും.എറണാകുളം ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനം ആലപിക്കും.ശുചിത്വ മിഷന്‍, സാമൂഹ്യക്ഷേമം, കൃഷി, ഡി.എം.ഒ, ഡി.ടി.പി.സി, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്ലോട്ടുകള്‍ അണിനിരക്കും.പരേഡില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും കാണികള്‍ക്കും ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാത്ത നടപടികള്‍ക്ക് എ.ഡി.എം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍കുട്ടികള്‍ക്കാവശ്യമായ ഭക്ഷണവും കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കായി ജനറല്‍ ആശുപത്രിയിലേയും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിന്റെയും ആംബുലന്‍സുകള്‍ സജ്ജമാക്കും.സുരക്ഷയുടെ ഭാഗമായി പരേഡ് ഗ്രൗണ്ട് ഉള്‍പ്പെടെ കലക്ടറേറ്റിന്റെ മുഴുവന്‍ ഭാഗങ്ങളും കാമറയുടെ നിരീക്ഷണത്തിലായിരിക്കും.
വര്‍ണാഭമാക്കാന്‍ സ്‌കൂളുകളും ഒരുങ്ങി
സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമാക്കാന്‍ ജില്ലയിലെ സ്‌കൂളുകളും ഒരുങ്ങിക്കഴിഞ്ഞു. വിവിധ കലാപരിപാടികളോടെ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.രാവിലെ എട്ട് മണിമുതല്‍ സ്‌കൂളുകളില്‍ പ്രധാനാധ്യാപകര്‍ ദേശീയ പതാക ഉര്‍ത്തും.ദേശസ്‌നേഹം ഊട്ടി ഉറപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. മധുരവിതരണവും നടക്കും.വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌ക്കാരിക പരിപാടികളും കുട്ടികള്‍ അവതരിപ്പിക്കും.ക്വിസ്,പ്രസംഗം,ഉപന്യാസം തുടങ്ങി വിവിധ മത്സരങ്ങളും അരങ്ങേറും.സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളിലും സൗജന്യ യാത്രയും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
ഓര്‍ക്കുക, ദേശീയപതാകയോട് അനാദരവ് വേണ്ട
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വാനോളം ഉയര്‍ത്താന്‍ ത്രിവര്‍ണ്ണപതാകകളും ഒരുങ്ങിക്കഴിഞ്ഞു.എന്നാല്‍ ദേശീയപതാകയോട് അനാദരവ് പാടില്ലെന്നും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കമ്പിളി,പരുത്തി,ഖാദി സില്‍ക്ക് എന്നിവ ഉപയോഗിച്ച് കൈകൊണ്ട് നെയ്ത പതാകകള്‍ മാത്രമെ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശമുണ്ടെങ്കിലും ചില ഉപാധികളോടെ കടലാസില്‍ നിര്‍മിക്കുന്ന പതാകകള്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.ആഘോഷശേഷം വലിച്ചെറിയാതെ ദേശീയപതാകയുടെ മഹത്വം ഉള്‍ക്കൊണ്ട് ഇത്തരം പതാകകള്‍ നിര്‍മാര്‍ജനം ചെയ്യണമെന്നാണ് മറ്റൊരു നിര്‍ദേശം.
നാളത്തെ ആഘോഷത്തിന് പ്ലാസ്റ്റിക് നിര്‍മിത പതാകകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം പതാകകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും ദേശീയ പതാകയുടെ മഹത്വത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ നശിപ്പിക്കുന്നതും 1971 ലെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കല്‍ തടയുന്നതിനുള്ള നിയമം അനുസരിച്ച് ശിക്ഷാര്‍ഹമാണ്.
ബലൂണുകളും തൊപ്പിയുമായി വിപണിയും സജീവം
ദേശീയ പതാകയുടെ നിറത്തിലുള്ള തൊപ്പികളും വലിയ ബലൂണുകളുമൊക്കെ സ്വാതന്ത്ര്യദിനാഘോഷ വിപണി സജീവമാക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ ഒരുക്കിയിരിക്കുന്ന ആഘോഷപരിപാടികള്‍ക്ക് തൊപ്പികള്‍ക്കും ബലൂണിനുമൊക്കെ ആവശ്യക്കാരേറെയാണ്. കടകളില്‍ ദേശീയ പതാകകളുടെ വിപണനവും സര്‍ക്കാരിന്റെ കര്‍ശന സര്‍ക്കുലര്‍ പാലിച്ചുകൊണ്ടുതന്നെയാണ് നടക്കുന്നത്.
തുണികൊണ്ടും കടലാസു കൊണ്ടും നിര്‍മിച്ച ത്രിവര്‍ണ്ണപതാകകളാണ് ഇവിടെ വില്‍ക്കുന്നത്.ഒന്നുമുതല്‍ 1900 രൂപ വരെയാണ് വിവിധ വലിപ്പത്തിലുള്ള ഇവയുടെ വില.
കടകള്‍ക്കുമുന്നില്‍ ദേശീയ പാതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും ഡിസ്‌ക്കൗണ്ട് നല്‍കാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശമുള്ളതിനാല്‍ തുണിയില്‍ പൊതിഞ്ഞുവച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ഖാദി വില്‍പ്പനകേന്ദ്രം ഉള്‍പ്പെടെയുള്ളവ.ആറ് അടി നീളവും നാല് അടി വീതിയുമുള്ള പതാകകള്‍ കപ്പലിലും വലിയ ഫ്‌ളാറ്റുകളിലും മറ്റുമാണ് ഉപയോഗിക്കുന്നത്.1890 രൂപയാണ് ഇതിന്റെ വില.
നാലര അടി നീളവും മൂന്നടി വീതിയുമുള്ള പതാകകളാണ് സ്‌കൂളുകളിലും ഓഫിസുകളിലും മറ്റും ഉപയോഗിക്കുന്നത്.വീടുകളിലുപയോഗിക്കുന്ന ഒന്നര അടി നീളവും ഒരടി വീതിയുമുള്ള വീടുകളില്‍ ഉപയോഗിക്കുന്ന പതാകകളും വിപണിയിലുണ്ട്.കര്‍ണാടകയില്‍ നിന്നാണ് ഇത്തവണ കേരളത്തിലെ ഖാദിയുടെ വിവിധ വിപണന കേന്ദ്രങ്ങളിലേക്ക് കൈകൊണ്ട് നെയ്ത പതാകകളെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."