HOME
DETAILS

തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  
backup
December 28 2018 | 09:12 AM

cm-inaugurate-two-over-bridge-at-kozhikode

കോഴിക്കോട്: നഗരത്തിന്റെ ഗതാഗതക്കുരുക്കിനു പരിഹാരമായ തൊണ്ടയാട്, രാമനാട്ടുകര മേല്‍പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പിനും വിരാമമാവുകയാണ്. രണ്ടു മേല്‍പാലങ്ങളും ഉപയോഗയോഗ്യമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

രാവിലെ 10 ന് തൊണ്ടയാടും 11ന് രാമനാട്ടുകരയിലുമായിരുന്നു ഉദ്ഘാടന ചടങ്ങ്. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനായിരുന്നു, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

45,000ത്തോളം വാഹനങ്ങള്‍ ഒരു ദിവസം കടന്നുപോകുന്നിടത്താണ് തൊണ്ടയാട് മേല്‍പാലം നിര്‍മിച്ചിരിക്കുന്നത്. ദേശീയപാത ആയതിനാല്‍ ഈ രണ്ടു മേല്‍പാലങ്ങളുടെയും ചെലവ് കേന്ദ്ര സര്‍ക്കാരാണു വഹിക്കേണ്ടിയിരുന്നത്. എങ്കിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഫണ്ടിന്റെ കാര്യത്തില്‍ കൃത്യതയില്ലാത്തതിനാല്‍ നിര്‍മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. 2016 മാര്‍ച്ച് നാലിനു പ്രവൃത്തി ആരംഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് വന്നതിനാല്‍ നടന്നില്ല. പിന്നീട് മെയ് മാസം കഴിഞ്ഞാണു നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്.

രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തൊണ്ടയാട് ജങ്ഷനില്‍ 2017 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. തൊണ്ടയാട്ടിലെ 480 മീറ്റര്‍ മേര്‍പാലത്തിനു കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് 54 കോടി രൂപയാണു വകയിരുത്തിയത്. മെയ് മാസത്തില്‍ പൂര്‍ത്തിയാകേണ്ട പ്രവൃത്തി മഴ കാരണം നീണ്ടുപോകുകയായിരുന്നു. 12 മീറ്റര്‍ വീതിയിലും 480 മീറ്റര്‍ നീളത്തിലുമാണ് പാലത്തിന്റെ നിര്‍മാണം. 50 സെന്റി മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി ക്രാഷ് ബാരിയറുകളും പുറമെ നടപ്പാതകളും പാലത്തിലുണ്ട്. ജില്ലാ അക്കാദമി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട് (ഡി.എഫ്.പി) പ്രകാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപറേറ്റിവ് സൊസൈറ്റിയാണു പാലം നിര്‍മിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജിലേക്കുള്ള പ്രധാന വഴിയായതിനാല്‍ തൊണ്ടയാട് ജങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. ഇതിനു പുറമെ അപകടങ്ങളും ഇവിടെ പതിവായിരുന്നു.

അതേസമയം കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് 89 കോടി രൂപ ചെലവഴിച്ചാണു രാമനാട്ടുകര മേല്‍പാലം യാഥാര്‍ഥ്യമാക്കിയിട്ടുള്ളത്. 440 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണിത്. 30 മീറ്റര്‍ നീളമുള്ള 14 സ്പാനുകളാണ് പാലത്തിനായി നിര്‍മിച്ചിരിക്കുന്നത്. ബൈപാസ് ജങ്ഷനില്‍ 40 മീറ്റര്‍ നീളമുള്ള രണ്ടു സ്പാനുകളുണ്ട്. രാമനാട്ടുകരയിലെ മേല്‍പാലം മറ്റു മേല്‍പ്പാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്പാനുകള്‍ക്കിടയിലെ വിടവുകുറച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇതു വാഹനങ്ങള്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക ചാട്ടം ഒഴിവാക്കും. മേല്‍പാലത്തിനൊപ്പം നീലിത്തോടിനു മുകളില്‍ മൂന്നു പാലങ്ങളും ഇവിടെ നിര്‍മിക്കുന്നുണ്ട്. 24 മീറ്റര്‍ നീളത്തിലുള്ള പാലങ്ങളില്‍ രണ്ടെണ്ണത്തിന് എട്ടര മീറ്റര്‍ വീതിയും ഒന്നിന് 12 മീറ്റര്‍ വീതിയുമാണുണ്ടാവുക.

രണ്ടു പാലങ്ങളുടെയും രൂപകല്‍പനയും നിര്‍വഹണവും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ്. കൂടാതെ നിര്‍മാണത്തില്‍ യൂറ്റിലിറ്റി ഡക്ട് അടക്കമുള്ള ആധുനിക രീതികള്‍ അവലംബിച്ചിട്ടുണ്ട്. പാലത്തിന് ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018 ലെ മികച്ച കോണ്‍ക്രീറ്റ് നിര്‍മിതിക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

രാവും പകലും അശ്രാന്ത പരിശ്രമം നടത്തിയാണ് തൊണ്ടയാട്, രാമനാട്ടുകര മേല്‍പാലം പൊതുമരാമത്ത് വകുപ്പ് യാഥാര്‍ഥ്യമാക്കിയത്. ദേശീയപാതയുടെ നിര്‍ദിഷ്ട ആറുവരികളില്‍ പകുതി ഈ മേല്‍പാലത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ സാക്ഷാല്‍ക്കരിച്ചിരിക്കുകയാണ്. കൂടാതെ ദേശീയപാത അതോറിറ്റി മൂന്നു വരികളുള്ള മറ്റൊരു മേല്‍പാലം ഇവിടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കും. ദേശീയപാത അതോറിറ്റി രണ്ടു മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നതോടുകൂടി ആറുവരിപ്പാത ഇവിടെ യാഥാര്‍ഥ്യമാകും.

പുതിയകാലം, പുതിയ നിര്‍മാണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നവകേരളത്തിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ രാമനാട്ടുകര, തൊണ്ടയാട് മേല്‍പാലങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെയും മൂന്നാമത്തെയും മേല്‍പാലങ്ങളാണിവ. കൂടാതെ നഗര റോഡ് വികസന പദ്ധതിയില്‍പെടുത്തി ആറു റോഡുകള്‍ മുഖ്യമന്ത്രി തന്നെ ഈ വര്‍ഷം ജനുവരിയില്‍ നാടിനു സമര്‍പ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."