വില്ലേജ് ഓഫിസുകള്‍ ജനസൗഹൃദമാക്കാന്‍ ജനകീയ സമിതികള്‍ രൂപീകരിക്കുന്നു
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ഭൂസംരക്ഷണ ഉപയോഗ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ജനകീയ സമിതികള്‍ രൂപം കൊള്ളുന്നു. സംസ്ഥാന വ്യാപകമായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഏകദേശം 80 ശതമാനം വില്ലേജുകളില്‍ ജനകീയ സമിതികള്‍ രൂപംകൊണ്ടു കഴിഞ്ഞു. 2008 ല്‍ വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ജനകീയ സമിതികള്‍ രൂപീകരിച്ചിരുന്നെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര കാര്യക്ഷമതയോടു കൂടി നടന്നിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജന സൗഹൃദമാക്കുന്നതിനായി ഒക്ടോബര്‍ മാസത്തോടെ പദ്ധതി പുനരാരംഭിക്കുകയാണുണ്ടായത്. സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ സമിതികള്‍ രൂപീകരിച്ചത്. പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും സുതാര്യമാക്കുന്നതും ലക്ഷ്യമിട്ടുകൊണ്ട് വില്ലേജ് തലത്തില്‍ ജനപ്രതിനിധികള്‍ അടങ്ങുന്ന ജനകീയ സമിതികള്‍ക്ക് രൂപം കൊടുക്കുന്നതിനുള്ള നയപരമായ തീരുമാനമാണ് സര്‍ക്കാര്‍ കൈകൊണ്ടത്.
വില്ലേജ് ഓഫിസര്‍ കണ്‍വീനറായാണ് സമിതിയുടെ പ്രവര്‍ത്തനം. എല്ലാമാസവും മൂന്നാം ശനിയാഴ്ചയാണ് സമിതി ചേരുക. വില്ലേജ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്നതാണ് വില്ലേജ് തല ജനകീയ സമിതികള്‍ . ഒരു താലൂക്കില്‍ ഉള്‍പ്പെടുന്ന എല്ലാ വില്ലേജുകളുടേയും ജനകീയ സമിതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ചുമതല തഹസില്‍ദാരില്‍ നിക്ഷിപ്തമാണ്. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."