ബഹുസ്വരതയാണ് നാടിന്റെ സൗന്ദര്യം
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന നിലയില്‍ ഒരു അജയ്യ ശക്തിയായി നിലനില്‍ക്കാനായി എന്നതും സന്തോഷകരമാണ്. ഇന്ത്യക്കൊപ്പം സ്വതന്ത്രമായ പല രാഷ്ട്രങ്ങളും ആഭ്യന്തര ശൈഥില്യത്താല്‍ ഉഴറുമ്പോഴും ഇന്ത്യ ജനാധിപത്യത്തിന്റെ ഉരുക്ക് മാതൃകയായി നില്‍ക്കുന്നു എന്ന് വേണമെങ്കില്‍ നമുക്കു പറയാം. രാഷ്ട്ര ശില്‍പ്പികള്‍ സ്വപ്നം കണ്ട ബഹുസ്വര സമൂഹത്തിലെ ശാന്തിയും സമാധാനവുമുളള രാഷ്ട്ര സങ്കല്‍പം ഇനിയും എത്രയോ അകലെയാണന്നത് മറ്റൊരു കാര്യമാണ്. എഴുപത് ആണ്ട് തികയുമ്പോഴാണ് ഇന്ത്യയുടെ അധികാരികളുടെ മൂക്കിന് താഴെ 70 ശിശുക്കള്‍ പിടഞ്ഞു മരിച്ചത് എന്നതും ആഘോഷങ്ങള്‍ക്കപ്പുറത്ത് രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്നതിനെ കുറിച്ചുളള ആശങ്കകള്‍ വലുതാകുകയാണ്.
ശക്തമായ ഇന്ത്യ എന്ന് മുദ്രാവാക്യം മുഴക്കിയ ഒരു ഫാസിസ്റ്റ് ഭരണകൂടമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. സകല സംവിധാനങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധം രാജ്യ സിരാ കേന്ദ്രത്തില്‍ നിന്ന് ഒട്ടുമകലെയല്ലാത്ത ഉത്തരേന്ത്യയിലെ ഗൊരഖ്പൂരിലാണ് പ്രാണവായു ശ്വസിക്കാന്‍ കഴിയാതെ ഈ കുഞ്ഞുങ്ങള്‍ പൊലിഞ്ഞ് പോയത്. എന്നിട്ടും മനസ്സലിവ് തോന്നാത്ത ഭരണകൂടം ആ കുഞ്ഞ് ദേഹങ്ങളോട് കാണിച്ചത് ഹൃദയ ശൂന്യമായ ക്രൂരതയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ അര്‍ധരാത്രിയില്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിപ്പിക്കുന്നത് മഹാത്മജിയുടെ ഒരു വലിയ സ്വപ്നത്തെ സൂചിപ്പിച്ചുകൊണ്ടാണ്. ഓരോ നയനങ്ങളില്‍നിന്നും അശ്രുകണങ്ങള്‍ തടുക്കാന്‍ കഴിയാത്ത ഭരണ സംവിധാനങ്ങള്‍ക്ക് വിജയിക്കാനാകില്ല എന്നതായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസംഗത്തിന്റെ സന്ദേശം. സ്വപ്ന തുല്യമായി തോന്നുന്ന ആ പ്രസംഗത്തിന്റെ എഴുപതാം ആണ്ട് കൂടി തികയുമ്പോള്‍ ഗൊരഖ്പൂരില്‍ നിന്നു കേള്‍ക്കുന്ന അമ്മമാരുടെ ആര്‍ത്തനാദം വാക്കുകള്‍ക്കതീതമായ വേദനയാണ് മനസ്സാക്ഷിയുള്ള ഇന്ത്യക്കാരനുണ്ടാകേണ്ടത്. വിദ്വേഷ രാഷ്ട്രീയം കൊണ്ടും ആള്‍ക്കൂട്ട ഭീകരത കൊണ്ടും ഒരു രാജ്യമനസ്സാക്ഷിയെ ഷണ്ഡീകരിച്ച് കളയാനുളള സംഘ്പരിവാര്‍ ഭരണ സംവിധാനത്തിന്റെ വ്യാമോഹത്തെ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയും.
രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കേള്‍ക്കുന്ന ആര്‍ത്തനാദങ്ങള്‍, കര്‍ഷകാത്മഹത്യകള്‍, ആള്‍ക്കൂട്ട അക്രമങ്ങള്‍, വിദ്വേഷ പ്രചരണങ്ങള്‍ നമ്മെ ലജ്ജിപ്പിക്കേണ്ടതുണ്ട്. ആര്‍ത്തനാദങ്ങള്‍ക്ക് പിന്നാലെ നടന്ന് ഉഴറിയ മനസ്സുമായി ഒരു മഹാകാവ്യം രചിച്ച വാല്‍മീകിയാണ് ഇന്ത്യയുടെ ആദ്യകവി. സാധാരണമായ സഹന തന്ത്രങ്ങളിലൂടെ അഹിംസ എന്ന വജ്രായുധം ഉപയോഗിച്ച് ഒരു വലിയ സാമ്രാജ്യത്വ ശക്തിയെ മുട്ട്കുത്തിച്ച മഹാത്മജിയാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവ്.
ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ പോലും സഹിഷ്ണുതയുടെയും മാനവ മൈത്രിയുടെയും മഹാഗീതങ്ങള്‍ ഉയര്‍ന്ന കാലം ഇന്ത്യയെ കുറിച്ചെഴുതിയ ചരിത്രകാരന്മാര്‍ അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. മാക്‌സ് മുളളറും അല്‍ബാഷയും എല്ലാം ഈ മഹത്തായ രാഷ്ട്രത്തിന്റെ സാംസ്‌കാരിക സൗന്ദര്യത്തെ സപ്തസ്വരങ്ങളുളള സംഗീതത്തിന്റെ സൗന്ദര്യമായി വായിച്ചെടുക്കുന്നു. ആ ഇന്ത്യയാണ് വര്‍ഗീയ ധ്രുവീകരണത്താല്‍ ശിഥിലമായി പോകുമോ എന്ന് ഭയക്കേണ്ടി വരുന്ന വിധം അപക്വമായ രാഷ്ട്രീയ നേതൃത്വത്തിന്റെ കെടുകാര്യതസ്ഥക്ക് മുമ്പില്‍ ഭീതിയോടെ നില്‍ക്കുന്നത്.
ദാര്‍ശനിക വൈവിധ്യത്താല്‍ ധന്യമായിരുന്ന ഇന്ത്യയുടെ സാംസ്‌കാരിക മുറ്റത്തേക്കാണ് ഇസ്‌ലാം, ക്രൈസ്തവ മതങ്ങള്‍ കടന്നുവന്നത്. ഇത്രയേറെ വിപുലമായ സംസ്‌കാര വര്‍ണങ്ങള്‍ നിലനില്‍ക്കുമ്പോഴും രാജ്യം ഈ മഹാ മതങ്ങളെ സ്വീകരിച്ചു. രാജ്യത്തെ വ്യത്യസ്തമായ ഭാഷകള്‍ക്കും കലാ നിര്‍മിതികള്‍ക്കും എന്തിന് സംഗീതത്തിന് പോലും ഇസ്‌ലാമിക് സാരസന്‍ സംസ്‌കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായി. രാജ്യത്തിന്റെ അഭിമാനമായി നില്‍ക്കുന്ന താജ്മഹലും കുതബ് മീനാറും ചെങ്കോട്ടയുമെല്ലാം മുഗള്‍ കാലത്തെ നിര്‍മിതികളെന്ന നിലയില്‍ നമ്മുടെ ചരിത്രത്തിലെ കൊടുക്കല്‍ വാങ്ങലുകളുടെ നിതാന്ത മാതൃകയായി നില കൊളളുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പോലും വ്യവസ്ഥാപിതമായ വികാസത്തിന് കാരണം ചിശ്തി - സൂഫികളുടെ പര്‍ണശാലകളായിരുന്നു എന്ന് അല്‍ബാഷാം ദ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ സംഗീതജ്ഞന്‍മാരുടെ സൂഫികളോടുളള വിശിഷ്യാ ചിശ്തി-സൂഫി വര്യന്മാരോടുളള നിരതമായ ഭക്ത്യാദരവാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ശാസ്ത്രീയമായ ശൈലീ വികാസത്തിന് കാരണം എന്നാണ് അല്‍ ബാഷാം സമര്‍ഥിക്കുന്നത്.
ഇന്ത്യയുടെ സ്വതന്ത്രസമര പോരാട്ടങ്ങളിലും അത്ഭുതകരമായ ബഹുസ്വരത നിലനിന്നിരുന്നു. 1857 ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുന്നത് മുഗള്‍ രാജവംശ ശൃംഖലയിലെ അവസാനത്തെ കണ്ണിയായ ബഹദൂര്‍ഷാ സഫറിനെ മുന്നില്‍ നിര്‍ത്തിയാണ്.
ഝാന്‍സി റാണിയും നാനാ സാഹിബും മൗലവി അബ്ദുല്ലയുമെല്ലാം മത വൈവിധ്യങ്ങള്‍ക്കപ്പുറത്ത് തോളോട് തോള്‍ ചേര്‍ന്ന് സാമ്രാജ്യത്വ ശക്തിക്ക് നേരെ അതിശക്തമായ പോരാട്ടം നടത്തിയത് നമുക്ക് മറക്കാനാകില്ല. മലബാറില്‍ ആംഗലേയ ഭരണകൂടത്തിനെതിരായി സമര മുഖത്തുണ്ടായത് ഹിന്ദു മുസ്‌ലിം ഒരുമിച്ചാണ്. എളംപുളിശ്ശേരി ഉണ്ണി മൂസയുടേയും വീര പഴശ്ശിയുടേയും പോരാട്ട ചരിത്രം സൗഹൃദങ്ങളുടെ ഒരു കാലഘട്ടത്തിന്റെ സുകൃത സ്മരണയാണ് ഉണര്‍ത്തുന്നത്.
പോര്‍ച്ചുഗല്‍ അധിനിവേശം മുതല്‍ ബ്രിട്ടീഷ് അധികാര കാലം വരെയുളള സാമ്രാജ്യത്വ വിരുദ്ധ സമരത്തെ ആവേശോജ്വലമാക്കിയത് മലബാറിലെ ഹിന്ദു മുസ്‌ലിം ഒന്നിച്ചാണ്.
ഖാളി മുഹമ്മദും, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും രണ്ടാമനും കുഞ്ഞാലിമരക്കാര്‍മാരും സാമൂതിരി രാജാക്കന്‍മാര്‍ക്ക് വേണ്ടി പോരാട്ട വീര്യം പകര്‍ന്നവരും ജീവന്‍ ത്യജിച്ചവരുമാണ്.
മമ്പുറം തങ്ങളും ഫസല്‍ പൂക്കോയ തങ്ങളുമെല്ലാം ബ്രിട്ടീഷ് അധികാരത്തിന് നേരെ പൊരുതി നിന്ന ഇതിഹാസങ്ങളാണ്. '1825 ല്‍ മമ്പുറത്തെ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച തീവ്രമായ സംഭവ ഗതികള്‍ ഓര്‍ക്കേണ്ടതാണ്. മമ്പുറം തങ്ങളുടെ നേര്‍ക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍ തങ്ങള്‍ വിളിച്ചു കൂട്ടിയ രഹസ്യ യോഗത്തില്‍ പതിനായിരം മാപ്പിളമാര്‍ പങ്കെടുത്തു. (ഖിലാഫത്ത് സ്മരണകള്‍ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് - പേജ് 67)
സ്വാതന്ത്ര്യത്തിന്റെ അര്‍ധരാത്രിയില്‍ നവഖാലി തെരുവിലൂടെ നടന്ന ഒരു മനുഷ്യസ്‌നേഹിയാണ് നമ്മുടെ മാതൃകയാവേണ്ടത്. നീണ്ട സമര തന്ത്രങ്ങളിലൂടെ ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ഏറെ ആഹ്ലാദിക്കേണ്ട ആ വയോവൃദ്ധന്‍ തന്റെ ഊന്നുവടിയുമായി നടന്നുനീങ്ങിയത് കലാപത്താല്‍ രക്തപങ്കിലമായ പശ്ചിമ ബംഗാളിലെ നവഖാലി തെരുവിലൂടെയാണ്.
ഡല്‍ഹിയിലെ ആഹ്ലാദാരവങ്ങളില്‍ പങ്ക് ചേരാതെ ഹിന്ദു മുസ്‌ലിം മൈത്രിയുടെ മഹത് സന്ദേശവുമായി ആ പരിവ്രാജകന്‍ ഏകാന്തപഥികനായി ആ തെരുവില്‍ നടന്നുനീങ്ങുന്ന കാഴ്ചയാണ് ഇന്ത്യയുടെ സ്വാതന്ത്ര ലബ്ധിയുടെ അര്‍ധരാത്രി ലോകം കണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ആ ദുര്‍ബലമായ നെഞ്ചകങ്ങളിലേക്ക് വെടിയുതിര്‍ത്ത നാഥുറാം ഗോട്‌സെ വീരപുരുഷനാകുന്ന വര്‍ത്താമാന ഇന്ത്യയുടെ മുഖത്തെ ഭീതിയോടെ മാത്രമേ നമുക്ക് അഭിമുഖീകരിക്കാനാകൂ.
സാമൂഹിക ധ്രുവീകരണത്തിനായി പശു രാഷ്ട്രീയ ഭീകരത വിദ്വേഷം പടര്‍ത്തുമ്പോഴാണ് നാം കൂടുതല്‍ ജാഗ്രതയോടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സൗഹൃദത്തിനും കാവല്‍ നില്‍ക്കേണ്ടത്.
ഭ്രാന്തമായ ആള്‍ക്കൂട്ട ഭീകരത ഇന്ത്യയുടെ സാംസ്‌കാരിക നേതൃത്വത്തെയും ദലിത് ന്യൂനപക്ഷ വിഭാഗങ്ങളേയും കൈകാര്യം ചെയ്യുന്ന ആസുരകാലത്ത് നിശ്ശബ്ദരായി ഇരിക്കേണ്ടവരല്ല നാം. തീര്‍ച്ചയായും ഭീതിയുടെ ഈ കരിനിഴല്‍ വീഴ്ത്തിയ കറുത്ത രാത്രികള്‍ പുതിയ പ്രഭാതത്തിലേക്ക് പ്രതീക്ഷയോടെ ഉണരാന്‍ തന്നെയാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."