ജില്ലയുടെ മത്സ്യഗ്രാമമാകാന്‍ കോടോം-ബേളൂര്‍ തയാറെടുക്കുന്നു
രാജപുരം: ജില്ലയിലെ മാതൃകാ മത്സ്യഗ്രാമമാകാന്‍ കോടോം-ബേളൂര്‍ പഞ്ചായത്ത് ഒരുങ്ങുന്നു. ഫിഷറിസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യ സമൃദ്ധി പദ്ധതി വഴിയാണ് പഞ്ചായത്ത് മത്സ്യ സമൃദ്ധമാകാന്‍ പോകുന്നത്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ അപേക്ഷകളാണ് ഈ പഞ്ചായത്തില്‍ നിന്നു പദ്ധതിക്കു ലഭിച്ചതെന്നതാണു പ്രത്യേകത.
6000 സെന്റില്‍ മത്സ്യകൃഷി നടത്തുവാനാണു പഞ്ചായത്തിന്റെ ലക്ഷ്യം. പഞ്ചായത്തില്‍ നിരവധി ജലാശയങ്ങളുള്ളതും ഈ മേഖലയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കാന്‍ കാരണമായി. 400 കര്‍ഷകരാണ് പദ്ധതിയിലൂടെ മത്സ്യങ്ങളെ വളര്‍ത്താനൊരുങ്ങുന്നത്. ഒരു സെന്റിന് 40 മത്സ്യക്കുഞ്ഞുങ്ങളെയാണു നല്‍കുക.
രോഹു, കറ്റ്‌ല, മൃഗാല്‍ എന്നീ കാര്‍പ്പ് മത്സ്യങ്ങളെയാണു വിതരണം ചെയ്യുക. 2, 40, 000 മത്സ്യക്കുഞ്ഞുങ്ങളെയാണ് പഞ്ചായത്തിലെ വിവിധ ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നത്. സ്വന്തമായി കുളങ്ങളും ജലാശയങ്ങളും ഉള്ളവര്‍ക്കും കൃത്രിമ ജലാശയങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും മുന്‍ഗണനയുണ്ട്. ക്വാറികളിലും മത്സ്യങ്ങളെ വളര്‍ത്തുന്നവരുണ്ട്. ഒരു വര്‍ഷം കൊണ്ടു വിളവെടുക്കും. അപ്പോഴേക്കും രണ്ടു കിലോയെങ്കിലും ഒരു മത്സ്യത്തിനു തൂക്കം വരുമെന്നാണു കണക്കെന്നു പദ്ധതി കോഓര്‍ഡിനേറ്റര്‍ എം.വി ബേബി പറഞ്ഞു.
കര്‍ഷകര്‍ക്കു ചെറിയ തുക ധനസഹായമായും ലഭിക്കും. മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."