ചവറയില്‍ തെരുവുനായ ശല്യം രൂക്ഷം
ചവറ: ചവറയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. റോഡ് വക്കുകളിലും കായലോരത്തും മറ്റും ഇറച്ചി വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി കിടക്കുന്നതാണ് തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണം.
അഞ്ചും പത്തുമായുള്ള നായ്ക്കളുടെ കൂട്ടമാണ് മിക്ക സ്ഥലങ്ങളിലെയും കാഴ്ച. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഏറെ ഭയത്തോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. നടുറോഡില്‍ വാഹനങ്ങള്‍ വന്നാല്‍ പോലും മാറാതെയും നാട്ടുകാര്‍ക്ക് നേരേ കുരച്ച് ചാടിയും പുഴുവെരിച്ച വൃണങ്ങളുമായി രോഗഭീതി പരത്തി ഗ്രാമ വീഥികളിലൂടെ അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ നാട്ടുകാര്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ചവറയില്‍ തെരുവുനായ അക്രമത്തില്‍ നിരവധി പേര്‍ക്ക് കടിയേറ്റത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മാത്രമല്ല ഇരുചക്ര വാഹനങ്ങളുടെ കുറുകെ ചാടിയും യാത്രികര്‍ക്ക് അപകടം ഉണ്ടാക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."