സവര്‍ണരുടെ വീട്ടില്‍ ജോലിക്ക് പോയില്ല; ദലിത് സ്ത്രീയുടെ മൂക്ക് മുറിച്ചു
ന്യൂഡല്‍ഹി: സവര്‍ണരുടെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച ദലിത് സ്ത്രീയുടെ മൂക്ക് മുറിച്ച് പ്രതികാരം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ റാസ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സ്ത്രീയുടെ ഭര്‍ത്താവിനെ മേല്‍ജാതിക്കാര്‍ മര്‍ദിക്കുകയും ചെയ്തു.
സവര്‍ണനായ നരേന്ദ്ര സിങ് എന്നയാളുടെ തോട്ടത്തില്‍ കീടനാശിനി തളിയ്ക്കുന്ന ജോലിക്ക് പോകാന്‍ വിസമ്മതിച്ചതിനാണ് ജാനകി ഭായ് എന്ന ദലിത് സ്ത്രീയുടെ മൂക്ക് മുറിക്കുകയും അവരുടെ ഭര്‍ത്താവ് രാഘവേന്ദ്രയെ മര്‍ദിക്കുകയും ചെയ്തത്.
നരേന്ദ്ര സിങ്ങും അദ്ദേഹത്തിന്റെ പിതാവ് സാഹെബ് സിങ്ങും ചേര്‍ന്നാണ് തങ്ങളെ അക്രമിച്ചതെന്ന് രാഘവേന്ദ്ര വ്യക്തമാക്കി. അവര്‍ തന്റെ ഭാര്യയെ മര്‍ദിക്കുകയും മഴു കൊണ്ട് മൂക്ക് മുറിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.സംഭവത്തെ കുറിച്ച് പൊലിസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതോടെ ആക്രമണം ശക്തമായെന്നും ദമ്പതികള്‍ വ്യക്തമാക്കി. പൊലിസ് സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെ തങ്ങളെ ബലമായി പിടിച്ചു നിര്‍ത്തി ഇവര്‍ വീണ്ടും ആക്രമിച്ചെന്ന് രാഘവേന്ദ്ര ആരോപിച്ചു.
നരേന്ദ്ര സിങ്ങും പിതാവും തന്റെ ഭര്‍ത്താവിനെ വടികൊണ്ടു അടിച്ചുവെന്ന് ജാനകി പറഞ്ഞു. മധ്യപ്രദേശ് വനിതാ കമ്മിഷന്‍ നടത്തിയ അദാലത്തിലാണ് സവര്‍ണരുടെ ആക്രമണത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്. നരേന്ദ്ര സിങ്ങും പിതാവും അറസ്റ്റിലായെന്നും സംഭവം അന്വേഷിക്കുകയാണെന്നും പൊലിസ് അറിയിച്ചു. ജാനകി ഭായിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, സംഭവത്തെ ഇരു കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി ചുരുക്കി കാണിക്കാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും യുവതിയുടെ മൂക്ക് മുറിച്ച സംഭവം മനപ്പൂര്‍വമല്ലെന്നുമാണ് സംസ്ഥാന ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ ഭൂപേന്ദ്ര സിങ്ങിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."