പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
ഇരിട്ടി: ജില്ലയിലെ വൈദ്യുതിക്ഷാമവും അതുമൂലമുണ്ടാകുന്ന വികസന പ്രതിസന്ധിക്കും പരിഹാരമായി ജില്ലയിലെ രണ്ടാം ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗര്‍ ചെറുകിട ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പഴശ്ശി ഡാമിന് അനുബന്ധമായി വെളിയമ്പ്രയില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടി ഈമാസത്തോടെ പൂര്‍ത്തിയാകും. ജലവിഭവ വകുപ്പ് പദ്ധതിക്കു പച്ചക്കൊടി കാട്ടിയതോടെ ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനാണു വൈദ്യുതി വകുപ്പ് തീരുമാനം. ഇറിഗേഷന്‍ വകുപ്പിനു കീഴിലുള്ള ഡാമിന്റെ അനുബന്ധമായുള്ള 3.05 ഹെക്ടര്‍ സ്ഥലത്താണു പദ്ധതി ആരംഭിക്കുന്നത്.
2015 ജനുവരിയിലാണു കോര്‍ബോറിങ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തമിഴ്‌നാട്ടിലെ ശരവണ ഗ്രൂപ്പ്, ആര്‍.എസ് ഡെവലപ്പേഴ്‌സ്, എറണാകുളം ആസ്ഥാനമായുള്ള പൗലോസ് ആന്‍ഡ് പൗലോസ്, പേരാവൂരിലെ കെ.കെ ബില്‍ഡേഴ്‌സ് എന്നിവരാണു പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സന്നദ്ധമായി മുന്നോട്ടുവന്നത്.
ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിച്ച് കഴിഞ്ഞതിനു ശേഷം ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗിച്ച് 7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. 79.85 കോടി രൂപയാണു ചെലവ്. 26.52 മീറ്റര്‍ സംഭരണശേഷിയുള്ള പഴശ്ശി ജലസംഭരണിയില്‍ 19.50 മീറ്റര്‍ വെള്ളമുണ്ടെങ്കില്‍ പോലും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയത്തക്ക വിധമാണു പദ്ധതി ആവിഷ്‌കരിച്ചത്.
80 മീറ്ററോളം വിസ്തൃതിയില്‍ കൂറ്റന്‍ തുരങ്കം നിര്‍മിച്ചാണു പവര്‍ ഹൗസിലേക്കു വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ വെള്ളമെത്തിക്കുന്നത്. ജൂണ്‍ മുതല്‍ നവംബര്‍ വരെ പുഴയിലൂടെ ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗിച്ച് പ്രതിവര്‍ഷം 25.16 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണു കെ.എസ്.ഇ.ബി മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഓഫിസ് കൂട്ടുപുഴയില്‍ നിന്നു ചാവശ്ശേരിയിലേക്കു മാറ്റി. അനുബന്ധമായി പഴശ്ശി ഡാമിനോടു ചേര്‍ന്നു സൈറ്റ് ഓഫിസും താമസിയാതെ പ്രവര്‍ത്തനമാരംഭിക്കും. പഴശ്ശി മിനിസാഗര്‍ ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ വൈദ്യുതി ക്ഷാമത്തിനു പൂര്‍ണമായും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍. ജലസേചന പദ്ധതിക്കായി തുടങ്ങിയ പഴശ്ശിപദ്ധതി ഇപ്പോള്‍ കുടിവെള്ള പദ്ധതിയെന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനിടെ കനാല്‍ വഴി ഏറെകാലത്തിനു ശേഷം വെള്ളം തുറന്നുവിടാനുള്ള പ്രവര്‍ത്തനവും ജലസേചന വിഭാഗം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."