ചരിത്ര വിധി; സ്വകാര്യത മൗലികാവകാശമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ഉള്‍പെട്ട ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ആധാര്‍ കേസുമായി ബന്ധപ്പെട്ടാണ് ഈ ചരിത്ര വിധിയിലേക്ക് സുപ്രിം കോടതി എത്തിച്ചേര്‍ന്നത്. സ്വകാര്യത മൗലികാവകാശം അല്ലെന്ന 1954ലെയും 1963ലെയും കോടതിയുടെ വിശാല ബെഞ്ചിന്റെ വിധികള്‍ ഇതോടെ അപ്രസക്തമായി.
സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഐക്യകണ്‌ഠേനയാണ് ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ശക്തമായ എതിര്‍പ്പ് മറി കടന്നു കൊണ്ടാണ് വിധിയെന്നതും ശ്രദ്ധേയമാണ്.
സ്വകാര്യത മൗലികാവകാശമാക്കിയാല്‍ ദേശീയ സുരക്ഷയെ ബാധിക്കുമെന്നും നിയമം നടപ്പാക്കുന്നതിന് വിഘ്‌നം നേരിടുമെന്നുമാണ് കേന്ദ്രം വാദിച്ചിരുന്നത്. ഭരണഘടനയില്‍ സുവ്യക്തമായി പറയാത്ത സ്ഥിതിക്കു സ്വകാര്യത മൗലികാവകാശമല്ലെന്നും ന്യായമായ നിയന്ത്രണങ്ങളാവാമെന്നമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളും ഈ നിലപാടിനോടു യോജിക്കുന്നു. എന്നാല്‍ മറ്റു മൗലികാവകാശങ്ങള്‍പോലെ സ്വകാര്യതയും സമ്പൂര്‍ണമായ അവകാശമല്ലാത്തപ്പോഴും സ്വകാര്യത മൗലികാവകാശമല്ലാതാവുന്നില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്.
വ്യക്തിയുടെ സ്വകാര്യതകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയും പകര്‍ത്തുകയും ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുകയും ചെയ്യുന്നത് വിവരങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമല്ലാത്ത രാജ്യത്ത് അപകടകരമാണെന്നായിരുന്നു സ്വകാര്യത മൗലികാവകാശമാക്കണമെന്ന അഭിപ്രായത്തെ പിന്താങ്ങിയവര്‍ പറഞ്ഞിരുന്നത്. സ്വകാര്യ ഏജന്‍സികള്‍ക്കും മറ്റും വിവരം നല്‍കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായാല്‍ വ്യക്തികളുടെ ജീവിതം അപകടത്തിലാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."