വിദ്യാര്‍ഥിയെ കാണാനില്ലെന്ന സന്ദേശം; നാട്ടുകാരും ഫയര്‍ഫോഴ്‌സും വട്ടംകറങ്ങി
തൊടുപുഴ: വിദ്യാര്‍ഥിയെ കാണാനില്ലെന്ന സ്‌കൂളില്‍ നിന്നുള്ള സന്ദേശത്തില്‍ വീട്ടുകാരും ഫയര്‍ഫോഴ്‌സും നാട്ടുകാരും വട്ടംകറങ്ങി. പൂട്ടിയിട്ട സ്വന്തം വീടിനുള്ളില്‍ വിദ്യാര്‍ഥിയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് ഫയര്‍ഫോഴ്‌സ് പരിശോധന നടത്തി. ഒടുവില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ സുരക്ഷിതനായുണ്ടെന്ന് കണ്ടെത്തിയപ്പോഴാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. വെങ്ങല്ലൂരില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വിദ്യാര്‍ഥി സ്‌കൂളില്‍ എത്താന്‍ വൈകിയപ്പോള്‍ അധികാരികള്‍ അമ്മയുടെ മൊബൈല്‍ ഫോണിലേയ്ക്ക് അയച്ച സന്ദേശമാണ് പ്രശ്‌നമായത്. ആശുപത്രിയില്‍ പോയതിനാലാണ് വിദ്യാര്‍ഥി സ്‌കൂളില്‍ എത്താന്‍ വൈകിയത്. എന്നാല്‍, നിശ്ചിതസമയം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെ കാണാതായപ്പോഴാണ് ഹാജര്‍ബുക്ക് നോക്കി സ്‌കൂള്‍ അധികൃതര്‍ അമ്മയുടെ മൊബൈല്‍ ഫോണിലേയ്ക്ക് കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന സന്ദേശം അയച്ചത്.
വിദ്യാര്‍ഥിയുടെ അമ്മ എറണാകുളത്താണ് ജോലി ചെയ്യുന്നത്. ഇവരുടെ ഫോണിലേയ്ക്ക് സന്ദേശം എത്തിയപ്പോള്‍ വീടിന് സമീപം താമസിക്കുന്ന ബന്ധുവിനെ വിവരം അറിയിച്ചു. ഇതുപ്രകാരം ബന്ധു വീട്ടില്‍ എത്തിയപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയതായി തോന്നി. ഇതോടെ നാടുകാരെയും കുട്ടിയുടെ അമ്മയെയും വിവരം അറിയിച്ചു.
അമ്മ ജോലിസ്ഥലത്ത് നിന്ന് തൊടുപുഴയ്ക്ക് തിരിച്ചു. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം ധരിപ്പിച്ചു. അവരെത്തി വീടിന്റെ മുകളില്‍ ഗോവണി വെച്ച് കയറി. മുകള്‍നിലയിലെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നു. എന്നാല്‍, അകത്ത് ആരും ഉണ്ടായിരുന്നില്ല. എല്ലാവരും ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് അമ്മയുടെ ഫോണ്‍കോള്‍ എത്തിയത്. വിദ്യാര്‍ഥി സുരക്ഷിതനായി സ്‌കൂളില്‍ ഉണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചെന്ന് അവര്‍ ധരിപ്പിച്ചു. ഇതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്.
സ്‌കൂളില്‍ ഹാജര്‍ രേഖപ്പെടുത്തുന്ന സമയത്ത് വിദ്യാര്‍ഥി എത്തിയിരുന്നില്ല. അതുകൊണ്ടാണ് ആദ്യം സന്ദേശം അയച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ പോകേണ്ടതിനാല്‍ കുട്ടി സ്‌കൂളില്‍ എത്താന്‍ വൈകുമെന്ന് അമ്മ സ്‌കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തി വിട്ടിരുന്നു. ഇക്കാരണാത്താലാണ് പിന്നീട് വിദ്യാര്‍ഥി എത്തിയപ്പോള്‍ അമ്മയ്ക്ക് വീണ്ടും സന്ദേശം അയയ്ക്കാതിരുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."