ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വിധി ഇന്ന്; പഞ്ചാബിലും ഹരിയാനയിലും നിരോധനാജ്ഞ
ചണ്ഡീഗഢ്: 'ദേരാ സച്ചാ സൗദാ' നേതാവ് ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ ബലാത്സംഗക്കേസിലെ വിധി ഇന്ന്. ഹരിയാന പ്രത്യേക സി.ബി.ഐ കോടതിയിലാണ് കേ,സ് പരിഗണിക്കുന്നത്. 15 വര്‍ഷം പഴക്കമുള്ള കേസില്‍ ജഡ്ജി ജഗ്ദീപ് സിങ്ങാണ് വിധിപറയുക.
പഞ്ചാബിലും ഹരിയാനയിലുമടക്കം ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമാണ് ഗുര്‍മീത്. അക്രമസാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വന്‍ സുരക്ഷാസന്നാഹങ്ങളാണ് പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. 74 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ 72 മണിക്കൂര്‍ നേരത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
രണ്ടുദിവസത്തേക്ക് ബസ് ഗതാഗതം നിര്‍ത്തിവെയ്ക്കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയുംചെയ്തു. ആശുപത്രികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ച്കുള, സിര്‍സ, ഹിസാര്‍ മേഖലകളില്‍ സുരക്ഷാസൈനികര്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. 15,000 അര്‍ധസൈനികര്‍, മുതിര്‍ന്ന 10 ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, രണ്ട് ഡി.ജി.പി.തല ഉദ്യോഗസ്ഥര്‍, 100 മജിസ്‌ട്രേറ്റുമാര്‍ എന്നിവരാണ് സുരക്ഷയുടെ ഭാഗമായി ഇവിടെയുള്ളത്.
2002ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വെച്ച് വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2007 മുതല്‍ ഗുര്‍മീതിനെതിരായ കോടതിനടപടികള്‍ തുടരുകയാണ്. എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്.
ഗുര്‍മീതിന്റെ 10 ലക്ഷത്തോളം അനുയായികള്‍ ഇതുവരെ പഞ്ച്കുളയിലെത്തിയിട്ടുണ്ടെന്നും 1520 ലക്ഷത്തോളമാളുകള്‍ ഇനിയുമെത്തുമെന്നും ദേരാ സച്ചാ സൗദാ വക്താവ് ആദിത്യ ഇന്‍സന്‍ പറഞ്ഞു.
അമ്പതുകാരനായ ഗുര്‍മീതിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്നും ഇപ്പോള്‍ ഭേദപ്പെട്ടുവരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എസ്.കെ. ഗാര്‍ഗ് അറിയിച്ചു. വി.വി.ഐ.പി.കള്‍ക്കുള്ള സെഡ് പ്ലസ് സുരക്ഷാസംവിധാനമാണ് ഗുര്‍മീതിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."