സ്‌കൂള്‍ മാനേജരുടെ അനാസ്ഥ; അധ്യാപകര്‍ക്ക് ഓണത്തിന് ശമ്പളമില്ല
നെല്ലിയാമ്പതി: നെല്ലിയാമ്പതിയില്‍ പ്രവര്‍ത്തിക്കുന്ന പോളച്ചിറക്കല്‍ എയ്ഡ്‌സ് സ്‌കൂളിന്റെ മാനേജര്‍ സ്‌കൂളിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തത് കാരണം പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അധ്യാപകരുടെ ഓണ ശമ്പളം തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. തോട്ടം മേഖലയായ നെല്ലിയാമ്പതിയില്‍ പ്രവര്‍ത്തിക്കുന്ന ഏക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുടിവെള്ളം, ശുചിമുറി, വൃത്തിയുള്ള ക്ലാസ് മുറികള്‍ എന്നീ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് നാളിതുവരെ സ്‌കൂള്‍ പ്രവര്‍ത്തിച്ചുവന്നത്.
പത്ത് ദിവസമായി കുടിവെള്ളം മുടങ്ങിയതു കാരണം പെണ്‍കുട്ടികള്‍ ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ പറ്റാത്ത സാഹചര്യമാണ്. രണ്ടു ദിവസമായി ഉച്ചഭക്ഷണവും മുടങ്ങി.
സ്‌കൂളിന്റെ ചുമരുകള്‍ പലഭാഗത്തും ഇടിഞ്ഞതും, തറ മുഴുവന്‍ പൊട്ടിയും, പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ പോലും വെള്ളമില്ലാത്ത അവസ്ഥയിലും, സഹിക്കെട്ട വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയിലെ റോഡും, സ്‌കൂളും ഉപരോധിക്കുകയും പഠിപ്പ് മുടക്കുകയും ചെയ്തു.
സ്‌കൂളിന്റെ മേല്‍ക്കൂര പലഭാഗത്തും പൊട്ടിയ നിലയില്‍ കനത്ത മഴ പെയ്താല്‍ നിലം പൊത്താവുന്ന സാഹചര്യത്തിലാണ്. ഈ സാഹചര്യത്തില്‍ ഈ സ്‌കൂളിന് ഫിറ്റനസ് കൊടുത്താല്‍ ഫിറ്റനസ് കൊടുക്കുന്ന ഉദ്യോഗസ്ഥന്റെ പേരില്‍ കൊലപാതകത്തിന് കേസെടുക്കാവുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ നില്‍ക്കുന്നത്. ഇതു കാരണമാണ് നാളിതു വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മാനേജര്‍ക്ക് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത്.
ഈ സാഹചര്യത്തിലാണ് ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകരുടേയും, ജീവനക്കാരുടേയും 15.07.2017 മുതലുളള ശമ്പളം തടഞ്ഞുവച്ച് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഒരേ പ്രദേശത്ത് ഒരേ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പ്ലസ്ടു വിഭാഗം അധ്യാപകരുടെ ശമ്പളം ബന്ധപ്പെട്ട അധികൃതര്‍ തടഞ്ഞിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."