വില്ലന്‍ വേഷത്തില്‍ നിറഞ്ഞാടി; അവസാനം കോടതിയോട് മാപ്പിരന്നു
റോഹ്ത്തക്ക്: പുറം ലോകത്ത് വില്ലന്‍ പരിവേഷമണിഞ്ഞ് നിറഞ്ഞാടിയ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ് ഇന്നലെ തനിക്കെതിരായ കോടതി വിധി കേട്ടതോടെ ഒരിക്കല്‍പോലും ഉണ്ടാകില്ലെന്നു കരുതിയ ഞെട്ടലിലായിരുന്നു. ജഡ്ജ് ജഗദീപ് സിങ് ഇയാള്‍ക്കെതിരേ 10 വര്‍ഷം കഠിനതടവ് വിധിച്ചപ്പോള്‍ കോടതി മുറിക്കുള്ളില്‍ ആള്‍ദൈവം പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തുവീണു. എന്നോട് കരുണകാണിക്കൂ എന്നുപറഞ്ഞാണ് അദ്ദേഹം കുഴഞ്ഞുവീണത്.
ആള്‍ദൈവപരിവേഷത്തിനുപുറമെ സിനിമാ താരമായും ക്രിക്കറ്റ് താരമായും രാഷ്ട്രീയക്കാരനായും അതിലുപരി അനുയായികളുടെ മുന്നില്‍ ദിവ്യപരിവേഷവുമായി വിരാജിച്ച അദ്ദേഹം കോടതി വിധികേട്ടതോടെ ഈ ആടയാഭരണങ്ങളൊന്നുമില്ലാതെ സാധാരണ മനുഷ്യനായി മാറി.
ഹരിയാനയിലെ സിര്‍സയിലുള്ള 1000 ഏക്കര്‍ വരുന്ന ആശ്രമത്തില്‍ ആയിരക്കണക്കിന് ആളുകളാണ് ഗുര്‍മീതിന്റെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടാറുണ്ടായിരുന്നത്. ഇവര്‍ അദ്ദേഹത്തിന് മുന്നില്‍ വീണ് അനുഗ്രഹം വാങ്ങുകയും ചെയ്യും. എന്നാല്‍ ഇന്നലെ ജഡ്ജിക്കുമുന്നില്‍ ഇദ്ദേഹത്തിന് വീഴേണ്ടിവന്നത് സ്വന്തം വിധിയോര്‍ത്തായിരുന്നുവെന്നുമാത്രം.
അനുയായികള്‍ പിതാവായും മാന്യനായും കണ്ടിരുന്ന ആളായിരുന്നു ഗുര്‍മീത് റാം. സാധാരണ ജീവിതം നയിക്കണമെന്നും ഇറച്ചിയും മദ്യവും ഒഴിവാക്കണമെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്യാറുണ്ടായിരുന്നു.
എന്നാല്‍ ഇതൊന്നും ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നില്ല. എപ്പോഴും വര്‍ണപ്പകിട്ടോടുകൂടിയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു ഗുര്‍മീത് യാത്ര ചെയ്തിരുന്നത്. എന്നാല്‍ കോടതി വിധി വന്നതോടെ ഇതെല്ലാം ഓര്‍മയായി മാറി.
'പപ്പയുടെ മാലാഖ' പിന്‍ഗാമിയായേക്കും
ചണ്ഡിഗഡ്: വിവാദ ആള്‍ദൈവവും ദേരാ സച്ച സൗദ നേതാവുമായ ഗുര്‍മീത് റാം റഹിം സിങിന്റെ പിന്‍ഗാമിയായി ഹണിപ്രീത് ഇന്‍സാനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി സൂചന.
മാനഭംഗക്കേസില്‍ പ്രത്യേക സി.ബി.ഐ കോടതി ഇന്നലെ ശിക്ഷ വിധിക്കുന്നതിനു മുന്‍പാണ് ഹണിപ്രീത് ഇന്‍സാനെ പിന്‍ഗാമിയാക്കാനുള്ള നടപടികള്‍ അനുയായികള്‍ ആരംഭിച്ചിരുന്നത്. ഗുര്‍മീത് ദത്തെടുത്ത മകളാണ് ഹണിപ്രീത് ഇന്‍സാന്‍. 'പപ്പയുടെ മാലാഖ' യെന്നാണ് ഹണിപ്രീത് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സ്വയം വിശേഷിപ്പിക്കുന്നത്.
ഗുര്‍മീതിന്റെ ഭാര്യ ഹര്‍ജീത് കൗറില്‍ രണ്ട് മക്കളാണ് ഗുര്‍മീതിനുള്ളത്. ചരണ്‍പ്രീതും അമന്‍പ്രീതും. ഇതില്‍ അമന്‍പ്രീതിന്റെ പേരും പിന്‍ഗാമി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ റാം റഹിം സിങിനെ ജയിലിലെത്തിക്കും വരെ ഹണിപ്രീത് അനുഗമിച്ചിരുന്നു. ഇത് നേരത്തെ മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണ് ഈ യാത്ര എന്നായിരുന്നു റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയിലും അനുയായികളുടെ എണ്ണത്തിലും ഹണിപ്രീത് വളരെ മുന്നിലാണ്.
ട്വിറ്ററില്‍ പത്ത് ലക്ഷം പേരും ഫെയ്‌സ്ബുക്കില്‍ അഞ്ച് ലക്ഷം പേരും ഹണിപ്രീതിനെ പിന്തുടരുന്നുണ്ട്. റാം റഹിം സിങ് സിനിമകളിലും ഹണിപ്രീത് നിറസാന്നിധ്യമായിരുന്നു.
ഭീഷണിക്കു മുന്‍പില്‍ വഴങ്ങാത്ത ന്യായാധിപന്‍
സിര്‍സ: പീഡനക്കേസില്‍ വിവാദ ആള്‍ദൈവത്തിന് ശിക്ഷ വിധിച്ച സി.ബി.ഐ കോടതി ജഡ്ജ് ജഗദീപ് സിങിലേക്കായിരുന്നു ഇന്നലെ എല്ലാവരുടെയും ശ്രദ്ധ. പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹത്തെ റോഹ്ത്തക്കിലെ ജയിലിലെ ലൈബ്രറിയില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയിലേക്ക് എത്തിച്ചത്.
എന്നും ഏത് ഭീഷണിക്ക് മുന്‍പിലും വഴങ്ങാത്ത പ്രകൃതക്കാരനാണ് ജഡ്ജ് ജഗദീപ് സിങ്. ഇക്കാരണത്താല്‍ നേരത്തെയും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. 2000-02ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം നിയമ ബിരുദം നേടിയത്. 2012 അവസാനത്തോടെയാണ് ജഗദീപ് സിങ് ഹരിയാന ജുഡീഷ്യല്‍ സര്‍വിസില്‍ പ്രവേശിച്ചത്.
ഗുര്‍മീതിനുള്ള ശിക്ഷ കുറഞ്ഞുപോയെന്ന് യുവതി
ചണ്ഡീഗഡ്: വിവാദ ആള്‍ദൈവവും ദേര സച്ച സൗദ നേതാവുമായ ഗുര്‍മീത് റാം റഹിം സിങിന് വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് ഇയാളുടെ പീഡനത്തിന് ഇരയായ യുവതി. 1999നും 2001നും ഇടയിലാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്. തന്റെ അഭിഭാഷകന്‍ മുഖേനയാണ് യുവതി ഇത്തരത്തില്‍ പ്രതികരിച്ചത്.
ഇരയായ യുവതിയുടെ അഭിഭാഷകനായ ഉത്സവ് സിങ് ബെയിന്‍സ് പറഞ്ഞത് ഗുര്‍മീത് നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്നുണ്ടെന്നാണ്. ഇവയില്‍ പലതും സ്ത്രീ പീഡനക്കേസുകളാണ്. പീഡനവുമായി ബന്ധപ്പെട്ട് രണ്ട് ഹരജികള്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
ഏതാണ്ട് 48 സ്ത്രീകളെ ഇയാള്‍ പീഡിപ്പിച്ചതായാണ് വിവരം. കൊലപാതക കേസുകളിലും ഇയാള്‍ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
പൊലിസ് വലിച്ചിഴച്ച് പുറത്തെത്തിച്ചു
റോഹ്ത്തക്ക്: 10 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടതോടെ കോടതി മുറിയില്‍ നിന്നു പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ ഗുര്‍മീത് റാം.
കരഞ്ഞുകൊണ്ട് മാപ്പിരന്ന് കോടതി മുറിക്കുള്ളില്‍ കിടന്ന അദ്ദേഹത്തെ പൊലിസ് തൂക്കിയും വലിച്ചിഴച്ചുമാണ് കോടതിമുറിക്കുള്ളില്‍ നിന്നു പുറത്തെത്തിച്ചത്.
ജഡ്ജ് വിധി പ്രഖ്യാപിച്ചതോടെ നിലത്തുകിടന്ന് ഉറക്കെ കരഞ്ഞ അദ്ദേഹം താന്‍ നിരപരാധിയാണെന്ന് അലമുറയിട്ടു.
മുഖ്യമന്ത്രിയോട് പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണി
റോഹ്ത്തക്ക്: വിവാദ നായകന്‍ ഗുര്‍മീത് റാം ജയില്‍ ഡി.ജി.പിയെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തന്റെ ദത്തുപുത്രിയെ തനിക്കൊപ്പം ജയിലില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം നിരസിച്ചപ്പോഴാണ് അദ്ദേഹം ഭീഷണി മുഴക്കിയത്.
സിര്‍സയിലെ ആശ്രമത്തില്‍ നിന്നു ഹെലികോപ്റ്ററില്‍ പഞ്ച്കുലയിലെ കോടതിയില്‍ കേസിന്റെ ശിക്ഷ കേള്‍ക്കാനായി വരുമ്പോള്‍ കൂടെ തന്റെ ദത്തുമകളായ ഹണിപ്രീത് ഇസാനുമുണ്ടായിരുന്നു. ഇയാള്‍ക്കൊപ്പം നിഴലുപോലെ നടന്നതോടെയാണ് ഹണിയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇന്നലെ കോടതി ശിക്ഷ വിധിച്ചപ്പോള്‍ തനിക്ക് പുറംവേദനയാണെന്നും സഹായത്തിനായി ദത്തുമകളെ കൂടെ താമസിപ്പിക്കാന്‍ അനുവദിക്കണമെന്നും ഗുര്‍മീത് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ ഹരിയാന മുഖ്യമന്ത്രിയും രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും സര്‍വിസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുമെന്നും ഇയാള്‍ ഡി.ജി.പിക്കു നേരെ ഭീഷണി മുഴക്കുകയായിരുന്നു. ജയില്‍ അധികൃതര്‍ അനുവദിച്ചാല്‍ ഹണിപ്രീത് ഗുര്‍മീതിനൊപ്പം താമസിക്കാന്‍ സന്നദ്ധയാകുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടതി വിധി കേട്ടശേഷം രണ്ടര മണിക്കൂര്‍ നേരം ഹണിപ്രീത് ഗുര്‍മീതിനൊപ്പമുണ്ടായിരുന്നു.
ദത്തുമകളെ തനിക്കൊപ്പം താമസിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ ഗുര്‍മീത് രോഷാകുലനാണെന്ന് ജയില്‍ അധികൃതരും വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."