ചാത്തന്നൂര്‍ സ്‌കൂളില്‍ രാജ്യാന്തര നിലവാരമുള്ള സ്‌റ്റേഡിയം നിര്‍മിക്കുന്നു
ആനക്കര: ചാത്തന്നൂര്‍ സ്‌കൂളില്‍ രാജ്യാന്തര നിലവാരമുള്ള സ്‌റ്റേഡിയം നിര്‍മിക്കുന്നു. ചെറുമൈതാനങ്ങള്‍ നവീകരിച്ച് രാജ്യാന്തര നിലവാരമുള്ള സ്‌റ്റേഡിയമാക്കി മാറ്റാനുള്ള സര്‍ക്കാര്‍ പദ്ധതിയിലാണ് ചാത്തന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഇടംപിടിച്ചത്.
സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടുന്ന സ്‌റ്റേഡിയമാണ് നിര്‍മിക്കുക. സംസ്ഥാനത്ത് രാജ്യാന്തര നിലവാരമുള്ള ഒമ്പത് സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയില്‍ ജില്ലയില്‍ നിന്നും ഇടംപിടിച്ച ഏകമൈതാനവുമാണിത്.
ഒന്‍പതു സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിനായി കായികവകുപ്പിന് കിഫ്ബി 115.19കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ചാത്തന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നതിന് 8.87 കോടിയാണ് അനുവദിച്ചിട്ടുള്ളത്. കിറ്റ്‌കോക്കാണ് പദ്ധതിയുടെ മേല്‍നോട്ടം.
ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്‌കൂള്‍ മൈതാനത്ത് സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കണമെന്നും ജിംനേഷ്യം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കായികമന്ത്രാലയം സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവിടെ സ്റ്റേഡിയം നിര്‍മിക്കുന്നതോടെ ജില്ലാ കായികമേള,സംസ്ഥാന കായിക മേള ഉള്‍പ്പെടെയുളള കായിക മാമാങ്കങ്ങള്‍ക്ക് വേദിയൊരുക്കാന്‍ കഴിയും.
തിരുമിറ്റക്കോട് പഞ്ചായത്തിലാണ് ചാത്തന്നൂര്‍ ജി.എച്ച്.എസ്.എസ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഭൂമിയുള്ള സര്‍ക്കാര്‍ സ്‌കൂളുകൂടിയാണിത്. 200 മീറ്റര്‍ നീളവും 110 മീറ്റര്‍ വീതിയുമുള്ള മൈതാനമാണ് സ്‌കൂളിന്റേത്. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കിനു നടുവില്‍ ഫുട്‌ബോള്‍ മൈതാനമുള്‍പ്പെടുന്ന രീതിയിലാണ് നിര്‍മാണം നടക്കുകയെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ചാത്തന്നൂര്‍ സ്‌കൂളില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കണമെന്ന പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നുവെന്നും യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തുക വകയിരുത്തിയിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മറ്റു ചില സ്ഥലങ്ങളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. സംസ്ഥാനതല മത്സരങ്ങളടക്കം നടത്താന്‍ കഴിയുന്ന തരത്തിലായിരിക്കും സ്‌റ്റേഡിയം നിര്‍മാണമെന്നും മത്സരത്തിനൊപ്പം പരിശീലനം നല്‍കുന്നതിനും കൂടി പ്രധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നല്ലൊരു സ്റ്റേഡിയം നിര്‍മിക്കുന്നതോടെ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്‌കൂളിന് കഴിയും മറ്റൊരു പറളിയും കല്ലടിയുമായി സ്‌കൂളിനെ മാറ്റിയെടുക്കാനുളള ശ്രമവും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."