അവസാനിക്കാതെ സ്വാശ്രയയുദ്ധം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള നിയമ പോരാട്ടം തുടരുന്നു. സ്വാശ്രയ വിഷയത്തില്‍ അവസാന നിമിഷം കോളജുകളുടെ കൊള്ളലാഭത്തിന് തടയിട്ട് എന്‍.ആര്‍.ഐ സീറ്റുകള്‍ മെറിറ്റിലേക്ക് മാറ്റി സര്‍ക്കാര്‍ വിജയം കണ്ടപ്പോള്‍ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റുകള്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മാനേജ്‌മെന്റ് ഇന്ന് വീണ്ടും സുപ്രിംകോടതിയെ സമീപിക്കുന്നതോടെ സ്വാശ്രയത്തില്‍ വീണ്ടും നിയമയുദ്ധം തുടരുമെന്ന് ഉറപ്പ്.
സ്‌പോട്ട് അഡ്മിഷന്റെ അവസാന ദിനം സര്‍ക്കാര്‍ നടത്തിയ പ്രവേശനം റദ്ദാക്കി എന്‍.എര്‍.ഐ സീറ്റില്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കണമെന്ന് മാനേജ്‌മെന്റുകള്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെടും. എന്‍.ആര്‍.ഐ സ്‌പോണ്‍സര്‍ഷിപ്പിനു കോണ്‍സുലേറ്റിന്റെയോ എംബസിയുടെയോ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ കമ്മിഷണര്‍ നിര്‍ബന്ധമായി നടപ്പാക്കിയത് നിയമവിരുദ്ധമാണെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. രാജ്യത്തൊട്ടാകെയുള്ള . എം.ബി.ബി.എസ് കോഴ്‌സുകളില്‍ ഓഗസ്റ്റ് 31നു പ്രവേശനം അവസാനിപ്പിക്കണമെന്നായിരുന്നു സുപ്രിം കോടതി വിധി.
ഈ വിധി ലംഘിച്ച് ഒന്നാം തിയതിയും സര്‍ക്കാര്‍ പ്രവേശനം നടത്തിയെന്നും മാനേജ്‌മെന്റുകള്‍ കോടതിയില്‍ ഉന്നയിച്ചേക്കും. രണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞുള്ള ഒഴിവുകള്‍ മാനേജ്‌മെന്റുകള്‍ക്കു സര്‍ക്കാര്‍ നല്‍കുകയും ഈ സീറ്റിലേക്കു മാനേജ്‌മെന്റുകള്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുകയും വേണമെന്ന് സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വിധി ലംഘിച്ച് സര്‍ക്കാര്‍തന്നെ പ്രവേശനം നടത്തിയെന്നു മാനേജ്‌മെന്റുകള്‍ ആരോപിക്കുന്നു.
ഇത്തരത്തില്‍ സര്‍ക്കാരിനെതിരേ കോടതിയില്‍ വാദങ്ങള്‍ ഉന്നയിക്കാനുള്ള നീക്കത്തിലാണ് മാനേജ്‌മെന്റുകള്‍. പ്രവേശനത്തില്‍ സര്‍ക്കാര്‍ വിജയിച്ചെങ്കിലും കോടതിയില്‍ ആരു ജയിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
അല്‍ അസ്ഹര്‍, ഡി.എം വയനാട്, മൗണ്ട് സിയോണ്‍ കോളജുകള്‍ക്കാണ് ഏറ്റവുമധികം എന്‍.ആര്‍.ഐ സീറ്റുകള്‍ നഷ്ടപ്പെട്ടത്. മറ്റുള്ളവര്‍ക്കു പത്തില്‍ താഴെ വീതം സീറ്റ് നഷ്ടമായിട്ടുണ്ട്. ഒറ്റയടിക്ക് സീറ്റൊന്നിന് 20 ലക്ഷം ലഭിക്കേണ്ട സ്ഥാനത്താണ് അഞ്ച് ലക്ഷത്തിന് പ്രവേശനം നല്‍കാന്‍ കോളജുകള്‍ നിര്‍ബന്ധിതരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."