ദിലീപിനെ ആലുവ മണപ്പുറത്ത് എത്തിക്കുക പൊലിസിന് വെല്ലുവിളിയാകും
കൊച്ചി: പിതാവിന്റെ ശ്രാദ്ധദിനത്തില്‍ ബലികര്‍മങ്ങള്‍ ചെയ്യാനായി നടന്‍ ദിലീപിനെ ആലുവ മണപ്പുറത്തും വീട്ടിലും എത്തിക്കുക പൊലിസിന് കനത്ത വെല്ലുവിളിയാവും.
ബുധനാഴ്ചയാണ് പിതാവിന്റെ ബലികര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കുന്നത്. ആലുവ മണപ്പുറത്തും ദിലീപിന്റെ വീട്ടിലുമായി നടക്കുന്ന ചടങ്ങുകളില്‍ ദിലീപിനെ എത്തിക്കുക എന്നത് പൊലിസിന് വെല്ലുവിളി തന്നെയാണ്.
രണ്ടു ചടങ്ങുകളിലും പങ്കെടുത്ത ശേഷം ആറ് മണിക്കൂറിനകം ജയിലിലേക്ക് തിരികെ എത്തിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശേഷം തെളിവെടുപ്പിനായി ദിലീപിനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയപ്പോഴെല്ലാം ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൂക്കി വിളിച്ചായിരുന്നു ദിലീപിനെ ജനം വരവേറ്റത്. ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ചതയ ദിനത്തില്‍ ജനത്തിരക്ക് ഉണ്ടാവുന്ന ആലുവ മണപ്പുറത്ത് ദിലീപിനെ ചടങ്ങിനായി എത്തിക്കുക ശ്രമകരമാവുമെന്ന് പൊലിസ് വിലയിരുത്തുന്നു. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുമെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷ തന്നെ ആലുവ മണപ്പുറത്ത് ഒരുക്കാനാണ് പൊലിസ് തയാറെടുക്കുന്നത്. ബുധനാഴ്ച്ച രാവിലെ ഏഴോടെ ജയില്‍ വിടാന്‍ അനുമതി നല്‍കണമെന്നും വീട്ടിലും പിന്നീട് ആലുവ മണപ്പുറത്തുമായി നടക്കുന്ന ചടങ്ങ് പൂര്‍ത്തിയാക്കി 11 ഓടെ താന്‍ ജയിലില്‍ തിരിച്ചെത്താമെന്നുമാണ് ദിലീപ് കോടതിക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. ദിലീപിനെ ജയിലിന് പുറത്തു പോകാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ എതിര്‍പ്പ് തള്ളിയാണ് മാനുഷിക പരിഗണനയുടെ പേരില്‍ ദിലീപിന്റെ അപേക്ഷ കോടതി അംഗീകരിച്ചത്.
ജാമ്യം തേടി ദിലീപ് വീണ്ടും
ഹൈക്കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം തേടി നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഓണത്തിന് ശേഷം ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ശ്രമം. ഹൈക്കോടതി രണ്ടു തവണയും സെഷന്‍സ് കോടതി ഒരു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഓണാവധിക്ക് ശേഷം ഏഴിനോ അല്ലെങ്കില്‍ 12നോ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് നീക്കം.
മുന്‍പ് രണ്ടു തവണ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം കേട്ട ഹൈക്കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് വിലയിരുത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ പങ്ക് പ്രഥമദൃഷ്ട്യാ ബോധ്യമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിലയിരുത്തിയിരുന്നു.
ഇതിനിടെ ദിലീപിന് ജാമ്യം നല്‍കുന്നത് തടയാന്‍ അടുത്ത മാസം പത്തിനകം കുറ്റപത്രം നല്‍കാനുള്ള ശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."