പട്‌നയിലെത്തുമ്പോള്‍ മന്ത്രി; വന്ന വിമാനത്തില്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ സ്ഥാനം നഷ്ടമായി
ന്യൂഡല്‍ഹി: പുനഃസംഘടനയില്‍ മന്ത്രി സ്ഥാനം കിട്ടിയവര്‍ക്ക് സന്തോഷമായെങ്കിലും പാര്‍ട്ടിക്കും സര്‍ക്കാരിനും നേട്ടങ്ങള്‍ ചെയ്തിട്ടും ഗുണമൊന്നും ഉണ്ടായില്ലെന്ന പരിഭവവുമായി മന്ത്രി സ്ഥാനം നഷ്ടപ്പെട്ടവര്‍.
ഇത്തരത്തില്‍ കടുത്ത അതൃപ്തിയിലുള്ള മുന്‍മന്ത്രിമാരില്‍ ഒരാളാണ് രാജിവ് പ്രതാപ് റൂഡി.
ഭാര്യയോടൊപ്പം പട്‌ന വിമാനത്താവളത്തില്‍ വന്നിറങ്ങിയ റൂഡി തന്റെ മൊബൈല്‍ ഫോണ്‍ ഓണാക്കിയപ്പോള്‍ നിരവധി മെസേജുകളും മിസ് കോളുകളും കണ്ടു.
ഡല്‍ഹിയിലേക്ക് തിരികെയെത്തണമെന്ന അമിത് ഷായുടെ സന്ദേശവുമുണ്ടായിരുന്നു ഇതില്‍. ഇതിനിടയില്‍ അടിയന്തരമായി ഡല്‍ഹിയിലെത്തണമെന്ന് ആവശ്യപ്പെട്ട് അമിത്ഷാ വിളിച്ചതോടെ ഭാര്യയെ പട്‌നയിലാക്കി അദ്ദേഹം വന്ന വിമാനത്തില്‍ തന്നെ ഡല്‍ഹിയിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോഴാണ് മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.
രാജിക്കത്ത് എഴുതി നല്‍കി പുറത്തെത്തിയ അദ്ദേഹം രാജി തന്റെ തീരുമാനമായിരുന്നില്ലെന്ന് തുറന്നടിച്ചു. പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തിയും ഇതിലുണ്ടായിരുന്നു.
തുടര്‍ന്ന് പട്‌നയിലേക്ക് എത്തിയ അദ്ദേഹം നേരെ തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലേക്കാണ് പോയത്. അതേസമയം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കാനുള്ള ദൗത്യം ദേശീയ നേതൃത്വം അദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."