വിളിപ്പുറത്തെത്തിയിട്ടും കിട്ടിയില്ല; നിരാശയില്‍ നിതീഷും ജെ.ഡി.യുവും
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാബിനറ്റ് പുന:സംഘടനയില്‍ മന്ത്രിസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൈയ്യെത്താ ദൂരത്ത് മന്ത്രിസ്ഥാനം കിട്ടാതെ പോയതിന്റെ നിരാശയിലാണ് ജെ.ഡിയുവും നിതീഷ് കുമാറും.
ബി.ജെ.പി അംഗങ്ങള്‍ മാത്രമാണ് ഇന്നലെ നടന്ന പുന:സംഘടനയില്‍ കേന്ദ്രമന്ത്രിസഭയിലെത്തിയത്. ഒരു മാസം മുന്‍പ് ബിഹാറിലെ മഹാ സഖ്യത്തെ മാത്രമല്ല രാജ്യത്തെ ബി.ജെ.പി വിരുദ്ധ കൂട്ടായ്മയെ തകര്‍ത്ത് ബി.ജെ.പിയോട് കൂട്ടുകൂടിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രത്തിന്റെ നടപടിയില്‍ കടുത്ത നിരാശയിലാണെന്നാണ് വിവരം.
സഖ്യകക്ഷികള്‍ക്ക് ആര്‍ക്കും പരിഗണന നല്‍കാതെയുള്ള പുനഃസംഘടനയില്‍ ക്യാബിനറ്റ് പദവിയുള്ള നാല് മന്ത്രിമാരും 9 സഹമന്ത്രിമാരുമായി 13 കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അടുത്ത പുനഃസംഘടനയില്‍ സഖ്യകക്ഷികളെ പരിഗണിക്കാമെന്ന നിലപാടിലാണ് ബി.ജെ.പി. രണ്ടാഴ്ച മുമ്പ് ദേശീയതലത്തില്‍ എന്‍.ഡി.എയ്ക്ക് ഒപ്പം ചേര്‍ന്ന തന്നേയും പാര്‍ട്ടിയേയും പരിഗണിക്കാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് നിതീഷ് കുമാര്‍ തന്റെ അടുപ്പക്കാരോട് അറിയിച്ചതായാണ് വിവരം.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയില്‍ നിന്ന് ഒരു വിളിപോലും ഉണ്ടാവാത്തതിന്റെ നിരാശയും പാര്‍ട്ടി വൃത്തങ്ങളില്‍ നിതീഷ് കുമാര്‍ മറച്ചുവെച്ചില്ല.
നിതീഷിനെ ആശ്വസിപ്പിച്ചുകൊണ്ട് ഉടനടി മറ്റൊരു പുനഃസംഘടനയുണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന വിവരം. ഈ സമയം നിതീഷ് അടക്കമുള്ളവരെ പരിഗണിക്കുമെന്നാണ് പറയുന്നത്. രണ്ട് ലോക്‌സഭ എം.പിമാരും ഏഴ് രാജ്യസഭാ എം.പിമാരും ബിഹാര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
നേരത്തെ എന്‍.ഡി.എയിലേക്കുള്ള കൂറുമാറ്റത്തിന് ജെ.ഡി.യുവില്‍ ഭിന്നത ഉണ്ടായപ്പോള്‍ വിമത നേതാവ് ശരദ് യാദവിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ശരദ് യാദവ് തയാറായില്ല. ഒരു കാരണവശാലും ബി.ജെ.പിക്കൊപ്പം നില്‍ക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ശരദ് യാദവിനെ പിണക്കി എന്‍.ഡി.എയ്ക്ക് ഒപ്പം ചേര്‍ന്ന് രാഷ്ട്രീയ വഞ്ചന കാണിച്ച നിതീഷ് കുമാര്‍ പുനഃസംഘടനയില്‍ തനിക്കും പാര്‍ട്ടിക്കും ഗുണമുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്.
കോണ്‍ഗ്രസും ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുമായി ബിഹാറിലുണ്ടാക്കിയ മഹാസഖ്യം ഒഴിവാക്കി ബി.ജെ.പിയുടെ ഫാസിസത്തിനെതിരായി ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന പ്രതിപക്ഷ ഐക്യത്തേയും വഞ്ചിച്ച് എന്‍.ഡി.എ കൂടാരത്തിലെത്തിയപ്പോള്‍ നിതീഷ് കുമാറിന് ആദ്യം കിട്ടിയ തിരിച്ചടിയാണ് മന്ത്രിസഭാ പുനഃസംഘടനയിലേത്. എന്നാല്‍ പുനഃസംഘടനാ കാര്യത്തില്‍ മോദിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അവഗണന നിതീഷ് കുമാറിനെ വല്ലാതെ ഉലച്ചിട്ടുണ്ട്.
ജെ.ഡി.യുവിനുപുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള അണ്ണാ ഡി.എം.കെയ്ക്കും കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പളനിസാമി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇവരെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ബി.ജെ.പി നേതൃത്വം എന്നാണ് വിവരം.
കൂട്ടംതെറ്റിപ്പോയ കുരങ്ങനെ ആരും ഒപ്പം കൂട്ടില്ലെന്ന് ലാലു
പട്‌ന: മന്ത്രിസഭാ പുനഃസംഘടനയിലും സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണമായും തഴഞ്ഞ ജെ.ഡി.യുവിനെ പരിഹസിച്ച് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ട്വീറ്റ്. കൂട്ടം തെറ്റിപ്പോയ കുരങ്ങനെ ആരും ഒപ്പം കൂട്ടാറില്ലെന്നാണ് നിതീഷ് കുമാറിനെ പരിഹസിച്ച് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തത്.
മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ സജീവമായ സമയത്ത് തന്നെ ജെ.ഡി.യുവിന് പ്രാതിനിധ്യം ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. സമീപകാലത്ത് എന്‍.ഡി.എയുമായി കൈകോര്‍ത്ത ജെ.ഡി.യുവിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ കണക്കുക്കൂട്ടലുകള്‍ തെറ്റി. ജെ.ഡി.യുവിന് മന്ത്രിസ്ഥാനം ലഭിച്ചില്ലെന്ന് മാത്രമല്ല, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും ജെ.ഡി.യു അധ്യക്ഷന്‍ നീതീഷ് കുമാറിന് ക്ഷണം ലഭിച്ചിരുന്നില്ല. ഇതിനെയാണ് ലാലു പരിഹസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."