മോദി മ്യാന്മറില്‍; റോഹിംഗ്യന്‍ പ്രശ്‌നം ചര്‍ച്ചയാകും
നായ്പിയാദോ: റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മറിലെത്തി. ചൈനയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി ദ്വിദിന സന്ദര്‍ശനത്തിനായി മ്യാന്മറിലേക്കു തിരിച്ചത്. റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്മര്‍ സര്‍ക്കാരിന്റെ നിലപാട് ആഗോളതലത്തില്‍ ഏറെ വിമര്‍ശനം വിളിച്ചുവരുത്തിയ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ് മോദിയുടെ സന്ദര്‍ശനം.
നായ്പിയാദോ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദിയെ പ്രസിഡന്റ് ഹിതിന്‍ ക്യാവ് സ്വീകരിച്ചു. തുടര്‍ന്ന് ഇരുനേതാക്കളും ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സലറും സമാധാനത്തിനുള്ള നൊബേല്‍ ജേതാവുമായ ആങ് സാന്‍ സൂകിയുമായി മോദി ഇന്നു കൂടിക്കാഴ്ച നടത്തും. മ്യാന്മറിലേക്കുള്ള മോദിയുടെ പ്രഥമ നയതന്ത്ര സന്ദര്‍ശനമാണിത്. നേരത്തെ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി 2014ല്‍ മോദി മ്യാന്മര്‍ സന്ദര്‍ശിച്ചിരുന്നു.
റാഖൈന്‍ സംസ്ഥാനത്ത് റോഹിംഗ്യന്‍ വംശജര്‍ക്കെതിരേ നടക്കുന്ന വംശഹത്യ തന്നെയായിരിക്കും കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയാകുകയെന്നാണു കരുതപ്പെടുന്നത്. ഇന്ത്യയിലുള്ള 40,000ത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
അതിനാല്‍ അഭയാര്‍ഥി പ്രശ്‌നം രൂക്ഷമായ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. രാജ്യസുരക്ഷ, തീവ്രവാദ പ്രതിരോധം, വാണിജ്യം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, കൃഷി തുടങ്ങിയവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."