നദാല്‍ സെമിയില്‍; ഫെഡറര്‍ പുറത്ത്
ന്യൂയോര്‍ക്ക്: സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിലേക്ക് കൂടുതല്‍ അടുത്ത് ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ റാഫേല്‍ നദാല്‍. യു.എസ് ഓപണ്‍ സെമിയിലേക്ക് മുന്നേറിയാണ് നദാല്‍ പ്രതീക്ഷ കാത്തത്. അതേസമയം മറ്റൊരു ക്വാര്‍ട്ടറില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ കുതിപ്പ് അവസാനിപ്പിച്ച് അര്‍ജന്റീനയുടെ യുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോയും സെമിയിലേക്ക് മുന്നേറി. നാളെ നടക്കുന്ന സെമിയില്‍ നദാല്‍- ഡെല്‍ പോട്രോയുമായും മറ്റൊരു സെമിയില്‍ കെവിന് ആന്‍ഡേഴ്സനും സ്പാനിഷ് താരം കാരെനോ ബുസ്റ്റയും ഏറ്റുമുട്ടും.
അട്ടിമറി മുന്നേറ്റം നടത്തിയ റഷ്യന്‍ കൗമാര താരം ആന്ദ്രെ റുബലേവിനെ അനായാസം മറികടന്നാണ് നദാല്‍ സെമിയിലേക്ക് മുന്നേറിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ നാദാലിന്റെ പവര്‍ ഗെയിമിന് മുന്നില്‍ റുബലേവ് ഒരു ചെറുത്തുനില്പ്പുമില്ലാതെ കീഴടങ്ങുകയായിരുന്നു. സ്കോര്‍: 6-1, 6-2, 6-2.
സീസണിലെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ സ്വിസ് മാസ്റ്റര്‍ ഫെഡററെ കടുത്ത പോരാട്ടത്തില്‍ അതിജീവിച്ചാണ് മുന്‍ ചാംപ്യനായ ഡെല്‍ പോട്രോയുടെ മുന്നേറ്റം. 2009ല്‍ ഫെഡററെ ഫൈനലില്‍ വീഴ്ത്തി കരിയറിലെ ഏക ഗ്രാന്‍ഡ് സ്ലാം കിരീടം ഇവിടെ ഉയര്‍ത്തിയ ഡെല്‍ പോട്രോ ആ ഓര്‍മകളുടെ ബലത്തിലാണ് പൊരുതിയത്. മത്സരം നാല് സെറ്റ് നീണ്ടു.
ആദ്യ സെറ്റ് നേടി ഡെല്‍ പോട്രോ തുടങ്ങിയെങ്കിലും രണ്ടാം സെറ്റില്‍ തിരിച്ചടിച്ച് ഫെഡറര്‍ തിരിച്ചെത്തി. എന്നാല്‍ ടൈ ബ്രേക്കറിലേക്ക് നീണ്ട മൂന്നാം സെറ്റ് നേടി ആധിപത്യം സ്ഥാപിച്ച അര്‍ജന്റീന താരം നാലാം സെറ്റ് അനായാസം നേടിയാണ് വിജയവും സെമി ബര്‍ത്തും ഉറപ്പിച്ചത്. സ്കോര്‍: 7-5, 3-6, 7-6 (10-8), 6-4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."