ഉ.കൊറിയക്കെതിരായ യു.എന്‍ നീക്കത്തെ പിന്താങ്ങുമെന്ന് ചൈന
ബെയ്ജിങ്‌വാഷിങ്ടണ്‍: ഉത്തര കൊറിയക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് സഖ്യരാജ്യമായ ചൈന രംഗത്ത്. രാജ്യത്തിനെതിരേ ഐക്യരാഷ്ട്ര സഭ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും യു.എന്നിന്റെ ഏതു നടപടിയെയും പിന്തുണയ്ക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. അതേസമയം, വിഷയം പരിഹരിക്കാനായി ചര്‍ച്ച തുടരണമെന്നും ചൈന ആവശ്യപ്പെട്ടു. ഉ.കൊറിയനര്‍ നേതാവ് കിം ജോങ് ഉന്നിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്ന് ആവശ്യം അമേരിക്ക ഐക്യരാഷ്ട്ര സഭയ്ക്കു മുന്‍പാകെ വച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ഉ.കൊറിയ നടത്തിയ ആണവ പരീക്ഷണമാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ സുരക്ഷയ്ക്കു കൂടി ഉ.കൊറിയ ഭീഷണിയാകുന്നതായി തിരിച്ചറിഞ്ഞ ചൈന ശക്തമായ നിലപാടിലേക്കു നീങ്ങുന്നതായാണു സൂചന. ഉ.കൊറിയയെ വളര്‍ത്തുന്നത് ചൈനയാണെന്ന ആരോപണം നേരത്തെ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
കൊറിയന്‍ ഉപദ്വീപിലുള്ള പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്ര സഭ കൂടുതല്‍ ശക്തമായ നടപടികളും പ്രതികരണങ്ങളും കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മാധ്യമങ്ങളോട് പറഞ്ഞു.
ഉ.കൊറിയക്കെതിരേയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഏതു നീക്കവും അവരെ ആണവ-മിസൈല്‍ പരീക്ഷണങ്ങളില്‍നിന്ന് പിറകോട്ട് പോകാന്‍ പ്രേരിപ്പിക്കും. എന്നാല്‍, അതേസമയം പരസ്പര ചര്‍ച്ചയുടേയും സംഭാഷണങ്ങളുടെയും വഴിയും തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉ.കൊറിയയുടെ ഏറ്റവും വലിയ വ്യാപാര സഖ്യരാഷ്ട്രം കൂടിയാണ് ചൈന.
അതിനിടെ, എണ്ണ നിരോധനം, കിം ജോങ് ഉന്നിന്റെയും സര്‍ക്കാരിന്റെയും സ്വത്തുവകകള്‍ മരവിപ്പിക്കല്‍, ഉന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശയാത്ര നടത്തുന്നത് നിരോധിക്കല്‍ അടക്കമുള്ള കടുത്ത നിര്‍ദേശങ്ങളാണ് അമേരിക്ക ഐക്യരാഷ്ട്ര സഭയ്ക്കു മുന്‍പാകെ വച്ചിരിക്കുന്നത്. ഇതിന്റെ കരടുരേഖ സുരക്ഷാ കൗണ്‍സിലിലെ അംഗങ്ങള്‍ക്കെല്ലാം അയച്ചിട്ടുണ്ട്. ഉ.കൊറിയയുടെ വസ്ത്ര ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കും കരടുപ്രമേയത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കല്‍ക്കരി അടക്കമുള്ള ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നതിന് ഐക്യരാഷ്ട്ര സഭ ഉത്തര കൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."