അഭിപ്രായ സ്വാതന്ത്ര്യത്തെ നിശബ്ദമാക്കാന്‍ സംഘ്പരിവാര്‍ വെടിയുണ്ടകള്‍ക്കു സാധിക്കില്ല: എം.കെ രാഘവന്
കോഴിക്കോട്: അഭിപ്രായ സ്വാതന്ത്ര്യത്തെ നിശബ്ദമാക്കാന്‍ സംഘ്പരിവാര്‍ വെടിയുണ്ടകള്‍ക്ക് സാധിക്കില്ലെന്ന് എം.കെ രാഘവന് എം.പി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'അപരാജിത ഗൗരി ലങ്കേഷ് ' എന്ന പേരില്‍ സംഘടിപ്പിച്ച ജനകീയ പ്രതിരോധത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ കൊന്ന അതേ അസഹിഷ്ണുതയുടെ വെടിയുണ്ടകള്‍ തന്നെയാണ് ഗൗരി ലങ്കേഷിന്റെ ജീവനുമെടുത്തത്. ആശയങ്ങളെ ആശയങ്ങള്‍ക്കൊണ്ട് നേരിടാന്‍ കെല്‍പ്പില്ലാത്ത ഭീരുക്കളാണ് ആയുധമെടുക്കുന്ന സംഘ്പരിവാറെന്ന് ഒരിക്കല്‍കൂടി രാജ്യത്തിനു ബോധ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയര്മാന് അഡ്വ. പി. ശങ്കരന്, കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങളായ കെ.പി ബാബു, പി. മൊയ്തീന് മാസ്റ്റര്‍ സംസാരിച്ചു. പ്രതിരോധ ജാഥക്ക് പി.എം അബ്ദുറഹ്മാന്, ചോലക്കല്‍ രാജേന്ദ്രന്, എസ്.കെ അബൂബക്കര്‍, നിജേഷ് അരവിന്ദ്, ഉഷാ ഗോപിനാഥ്, ദിനേശ് പെരുമണ്ണ, അബ്ദുറഹ്മാന് എടക്കുനി, കെ.പി നിധീഷ്, ഷെറില്‍ ബാബു, സി.പി സലീം, മനക്കല് ശശി, സമീജ് പാറോപ്പടി, ജയ്സല്‍ അത്തോളി, വിദ്യാ ബാലകൃഷ്ണന്, എം. ധനിഷ്ലാല്‍, വി.പി ദുല്‍ഖിഫില്‍ നേതൃത്വം നല്കി. ഡി.സി.സി. ഓഫിസില്‍നിന്ന് ആരംഭിച്ച പ്രതിരോധ ജാഥ കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടിയാണ് പ്രതിരോധ ജാഥ നടത്തിയത്.
കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം ടൗണ്‍ മേഖലയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. കിഡ്സണ്‍ കോര്‍ണറില്‍ നടന്ന ചടങ്ങ് ജാനമ്മ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. മേലടി നാരായണന്, യു. ഹേമന്തകുമാര്‍, വില്‍സണ്‍ സാമുവല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."