എടത്തന തറവാടിന് നെല്‍കൃഷിയെന്നാല്‍ ഒഴിച്ചു കൂടാനാകാത്ത 'കുലധര്‍മം'
മാനന്തവാടി: നാടിനാവേശമായി മാനന്തവാടി എടത്തന തറവാട്ടിലെ വിളനാട്ടി ഉത്സവം.
ലാഭനഷ്ടങ്ങളുടെ കണക്കു നിരത്തി നെല്‍കൃഷിയില്‍ നിന്ന് പിന്‍വാങ്ങുന്നവര്‍ക്ക് മാതൃകയാണ് എടത്തനയിലെ ഈ കര്‍ഷക കൂട്ടായ്മ. പതിറ്റാണ്ടുകളായി ഇവര്‍ നെല്‍കൃഷി ആചാരമായി തന്നെ പിന്തുടരുന്നു. എടത്തന തറവാട്ടിലെ പത്ത് ഏക്കര്‍ വരുന്ന വയലിലാണ് ഇത്തവണ നഞ്ചകൃഷിയിറക്കിയത്. പരമ്പരാഗത നെല്‍വിത്തായ വെളിയനാണ് കൃഷിയിറക്കാന്‍ ഉപയോഗിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് വരെ ഏരുകള്‍ കൊണ്ടാണ് നിലം ഉഴുതിരുന്നത്. അതിനാല്‍ കൃഷിപണി തീര്‍ക്കാന്‍ ആഴ്ചകള്‍ വേണ്ടി വന്നിരുന്നതായി ഇവര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നിലം ഒരുക്കാന്‍ ടില്ലര്‍ ഉപയോഗിച്ചതിനാല്‍ അധ്വാനം കുറയ്ക്കാനും ദിവസങ്ങള്‍ക്കുള്ളില്‍ പണി തീര്‍ക്കാനും സാധിച്ചു. ജൈവവളങ്ങളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
കൃഷിയിലൂടെ ലഭിക്കുന്ന അരി തറവാട്ടിലെ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. വയനാട്ടില്‍ നിന്നും അപ്രത്യക്ഷമായ പല നെല്‍വിത്തുകളും ഇവിടെയുണ്ട്.
വെളിയന് പുറമേ ഗന്ധകശാല വിത്ത് ഉപയോഗിച്ചും കുറച്ചു സ്ഥലത്ത് കൃഷിയിറക്കുന്നുണ്ട്. തറവാട്ടിലെ അംഗങ്ങള്‍ എല്ലാവരും വീട് വച്ച് മാറിയാണ് താമസിക്കുന്നതെങ്കിലും കൃഷിപണികള്‍ കൂട്ടായ്മയോടെയാണ് ചെയ്യുന്നത്.
മഴക്കുറവും ജലക്ഷാമവും ഉള്ളതിനാല്‍ പുഞ്ചകൃഷി ചെയ്യാന്‍ നിലവില്‍ പ്രയാസം നേരിടുന്നുണ്ട്. അതു കൊണ്ട് പുഞ്ചകൃഷി നാമമാത്രമായി ചുരുക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നെല്‍കൃഷിക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. വേനല്‍കാലത്ത് പച്ചക്കറിയുള്‍പ്പെടെയുള്ള കൃഷികളാണ് കൂടുതലും ചെയ്തു വരുന്നത്. തറവാട്ടിലെ ഒടയ്ക്കാരന്‍ (കാര്യസ്ഥന്‍) എടത്തന ചന്തുവാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."