വിധി ബാക്കിവയ്ക്കുന്ന സംശയങ്ങള്‍
മുസ്‌ലിം വ്യക്തിനിയമങ്ങളുടെ ക്രോഡീകരണം ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഗവണ്‍മെന്റ് തലത്തിലോ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലോ അത്തരമൊരു ക്രോഡീകരണം ആശാവഹമാണ്. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് 'മജ്മുഅ ഖ്വാനീന്‍ ഇസ്‌ലാമി' എന്ന പേരില്‍ മുസ്‌ലിം വ്യക്തിനിയമം ക്രോഡീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അവ ഹനഫി ധാരയില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നു.
വിശാലമായ രീതിയില്‍ വ്യത്യസ്തമായ മദ്ഹബുകളിലെ ഇമാമുമാരുടെ അഭിപ്രായങ്ങളും കര്‍മശാസ്ത്ര പണ്ഡിതരുടെ നിര്‍ദേശങ്ങളും സംയോജിപ്പിക്കുകയും അവ സാധ്യമായ രീതിയില്‍ ഒരു സംഹിതയായി ക്രോഡീകരിക്കുന്നതിനും വേണ്ട കൂട്ടായ ശ്രമങ്ങളാണ് നടക്കേണ്ടത്. ഹനഫി ഫിഖ്ഹ് അടിസ്ഥാനത്തില്‍ ഫസ്ഖ് വഴിയുള്ള വിവാഹമോചനം ദുസ്സാധ്യമായപ്പോള്‍ ശാഫി- മാലികി മദ്ഹബുകളിലെ ഫാസിഖിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി 1939ലെ ഡിസോലൂഷന്‍ ഓഫ് മുസ്‌ലിം മാര്യേജ് ആക്ട് ക്രോഡീകരിക്കപ്പെട്ടത് ഒരു ഉദാഹരണമാണ്.
ഖുല്‍അ് വഴിയുള്ള വിവാഹമോചനത്തിന് ഭര്‍ത്താവ് തടസ്സം നില്‍ക്കുന്ന പക്ഷം ഖാളി മുഖേന വിവാഹമോചനം ആകാമെന്നതും (മാലികി മദ്ഹബ്), ത്വലാഖ്-തഫ്‌വീദിനുള്ള അധികാരം സ്ഥല-കാല നിര്‍ണിതമല്ലാതെ ഭാര്യക്ക് കൈമാറാം (ഹനഫി) , മുത്വലാഖ് വഴിയുള്ള വിവാഹ മോചനത്തിന് പിഴ അടക്കേണ്ടതടക്കമുള്ള വിഷയങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള സാധ്യതകളെ ക്രോഡീകരിക്കുകയും ഒരു സംഹിതയായി രൂപപ്പെടുത്തുകയും ചെയ്യുന്നതിന്റെ സാധ്യതകള്‍ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്.
ശയറാബാനു കേസിലെ വിധിന്യായം മുത്വലാഖ് അസാധുവാണെന്നു പ്രഖ്യാപിക്കുന്നുവെങ്കിലും ഒട്ടനവധി ചോദ്യങ്ങളും ബാക്കിയാകുന്നു. മുസ്‌ലിം സ്ത്രീ കടുത്ത വിവേചനങ്ങള്‍ക്കിരയാകുന്നുവെന്നും അതിനെതിരേ അവര്‍ക്ക് മറ്റ് ഉപായങ്ങളൊന്നുമില്ലെന്നുമുള്ള പ്രകാശ്-പുലാവതി കേസിലെ നിരീക്ഷണമാണ് ശയറാബാനു കേസിന്റെ തുടക്കം. എന്നാല്‍, 395 പേജ് വരുന്ന വിധിന്യായം ലിംഗനീതിയെക്കുറിച്ച് കാര്യമാത്രപ്രസക്തമായ ചര്‍ച്ചകളോ നിരീക്ഷണങ്ങളോ നടത്തുന്നില്ല എന്നതാണ് വാസ്തവം.
ഒരു വശത്ത്, മുത്വലാഖ് മതത്തിന്റെ അനിവാര്യ ഘടകമാണെന്നും മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുന്നതാണെന്നും പ്രസ്താവന നടത്തുകയും മറുവശത്ത് വരുന്ന 6 മാസത്തേക്ക് മുത്വലാഖ് വഴി വിവാഹമോചനങ്ങള്‍ ചെയ്യരുതെന്ന ഉത്തരവ് പുറപ്പെടുവിക്കുകയും മുത്വലാഖ് നിരോധിക്കുകയോ ഒന്നായി പരിഗണിക്കുകയോ ചെയ്യും വിധം നിയമനിര്‍മാണം നടത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്ന ജ. ഖെഹാറിന്റെ നിര്‍ദേശത്തിന് പിന്നിലെ യുക്തി എന്താണ്? മുത്വലാഖ് മൗലികാവകാശമാണെങ്കില്‍ അവ നിരോധിക്കണമെന്നോ ഇല്ലാതാക്കും വിധം നിയമനിര്‍മാണം നടത്തണമെന്നോ പറയാന്‍ കോടതികള്‍ക്ക് അധികാരമുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു.
മുത്വലാഖ് ഭരണഘടനയുടെ 14ാം അനുച്ഛേദം വിവക്ഷിക്കുന്ന തുല്യനീതിക്കു വിരുദ്ധമാണെന്നും ഏകപക്ഷീയവും സ്വേച്ഛാപരവുമാണെന്നും (അൃയശൃേമൃ്യ) ജ. നരിമാന്‍ വ്യക്തമാക്കുന്നു. എന്നാല്‍, എങ്ങനെയാണ് മുത്വലാഖ് സ്വേച്ഛാപരമാകുന്നത് എന്ന് വിധിന്യായത്തിലെവിടെയും പരാമര്‍ശിക്കുന്നില്ല. മുത്വലാഖ് അസാധുവായി പ്രഖ്യാപിക്കാനുള്ള കാരണം ഏകപക്ഷീയമാണെന്നതാണെങ്കില്‍ ഇസ്‌ലാം സ്ത്രീകള്‍ക്ക് അനുവദിക്കുന്ന ഖുല്അ, ത്വലാഖ്-തഫ്‌വീദ് (സ്ത്രീകള്‍ മുന്‍കൈയെടുക്കുന്ന വിവാഹമോചന രീതികള്‍) തുടങ്ങിയവയും സ്വേച്ഛാപരവും ഭരണഘടനാവിരുദ്ധവുമാണെന്നു (അൃയശൃേമൃ്യ & ഡിരീിേെശൗേശീിമഹ) പ്രഖ്യാപിക്കപ്പെടുമോ?
ത്വലാഖ്,ഖുല്അ,ത്വലാഖ്-തഫ്‌വീദ് തുടങ്ങിയ രീതികളിലുള്ള വിവാഹമോചനങ്ങള്‍ സാധ്യമാകണമെങ്കില്‍ 'കാരണം ബോധിപ്പിക്കണമെന്ന്' ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നില്ല എന്നിരിക്കെ വിവാഹമോചനത്തിന് 'കാരണം കാണിക്കണമെന്ന് ' എങ്ങനെയാണു കോടതി കണ്ടെത്തിയത്? ത്വലാഖുല്‍-ഹസന്‍, അഹ്‌സന്‍ എന്നീ രീതികളിലുള്ള വിവാഹമോചനങ്ങള്‍ക്കു പോലും 'മതിയായ കാരണം' കാണിക്കണമെന്ന് ശഠിക്കുക വഴി ഇസ്‌ലാമിലെ വിവാഹമോചനമെന്ന സങ്കല്‍പത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയല്ലേ കോടതി ചെയ്തത്. മുത്വലാഖ് അസാധുവാണെന്നു പ്രഖ്യാപിക്കുക വഴി ഒരു ത്വലാഖും സംഭവിക്കില്ല എന്നാണോ അതല്ല, മൂന്ന് ത്വലാഖുകളും ഒരു ത്വലാഖായി പരിഗണിക്കണമെന്ന 2007ലെ മസ്‌റൂര്‍ അഹമ്മദ് കേസില്‍ ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണമാണോ കോടതി സ്വീകരിച്ചിരിക്കുന്നത് എന്ന ആശയക്കുഴപ്പവും നിലനില്‍ക്കുന്നു.
മുസ്‌ലിം വ്യക്തിനിയമം ഭരണഘടനയുടെ അനുച്ഛേദം വിവക്ഷിക്കുന്ന നിയമങ്ങളുടെ പരിധിയില്‍ വരില്ലെന്നും ഭരണഘടന സാധുത പരിശോധിക്കപ്പെടേണ്ടതില്ലെന്നുമുള്ള വിധിന്യായം സ്വാഗതാര്‍ഹമാണ്. എന്നാല്‍, മുസ്‌ലിം നിയമം വ്യത്യസ്ത രീതികളായി വ്യാഖ്യാനിക്കപ്പെടുന്നത് തടയുന്നതിനും ക്രിയാത്മകമായി നടപ്പാക്കുന്നതിനും അവയുടെ ക്രോഡീകരണം അനിവാര്യവുമാണ്. മദ്ഹബുകളുടെ ചട്ടക്കൂടുകള്‍ക്കകത്തു നിന്നു തന്നെ ഇത്തരം സംവാദങ്ങള്‍ക്കാണ് കോടതികളും മുസ്‌ലിം പണ്ഡിതരും ശ്രദ്ധ ചെലുത്തേണ്ടത്. അതിന് മറ്റൊരു ഷാബാനു ബീഗമോ ശയറാബാനുവോ കോടതി കയറുന്നത് വരെ കാത്തിരിക്കുന്നത് അബദ്ധവുമാണ്.
അവസാനിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."