കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാനുള്ള തീരുമാനം മന്ത്രിസഭ റദ്ദാക്കി
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ പോബ്‌സ് എസ്റ്റേറ്റിന്റെ കൈവശമുളള 800 ഏക്ര വരുന്ന കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവസാനകാലത്ത് ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് 2016 മാര്‍ച്ചില്‍ നികുതി സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
യു.ഡി. എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 2016 ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുളള വിവാദ മന്ത്രിസഭാതീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്ന് ഉപസമിതി കണ്ടെത്തി. തോട്ടം ഉടമകളെ സഹായിക്കാനാണ് ഈ ഉത്തരവ് ഇറക്കിയത്. ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അന്നത്തെ തീരുമാനം റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍
തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന്റെ കൈവശമുളള 4.27 ഏക്ര ഭൂമിയുടെ പാട്ട കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനം മാത്രം ഈടാക്കിക്കൊണ്ട് പാട്ടം പുതുക്കി നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ശുപാര്‍ശ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.
പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിലെയും കോര്‍പ്പറേഷനുകളിലെയും എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 138 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അധികമായി ഫണ്ട് അനുവദിക്കില്ലെന്ന വ്യവസ്ഥയോടെയാണ് തസ്തിക സൃഷ്ടിക്കുന്നത്. പുതുതായി ആരംഭിക്കുന്ന ഇ.എസ്.ഐ. ഡിസ്‌പെന്‍സറികളിലേക്ക് 162 പുതിയ തസ്തകകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഇളമ്പമുദാക്കല്‍ ഗ്രൂപ്പ് വില്ലേജ് വിഭജിച്ച് ഇളമ്പ വില്ലേജ് രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.
റാന്നി താലൂക്കില്‍ പഴവങ്ങാടി വില്ലേജില്‍ പട്ടികവര്‍ഗ്ഗക്കാരായ 34 കുടുംബങ്ങള്‍ക്ക് 2 ഏക്രവീതം 68 ഏക്ര ഭൂമിക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."