കൈലാഷ് സത്യാര്‍ഥിയുടെ ഭാരത് യാത്ര: ഈറനണിയിപ്പിച്ചു ഒരു കുട്ടിയുടെ ചോദ്യം; പട്ടിണിയില്‍ ഞങ്ങള്‍ എങ്ങനെ പഠിക്കും സാര്‍......?
തിരുവനന്തപുരം: കൈലാഷ് സത്യാര്‍ഥിയുടെ ഭാരത് യാത്രയ്ക്ക് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ ടാഗോര്‍ ഹാളില്‍ നടത്തിയ വിദ്യാര്‍ഥികളുമായുള്ള അഭിമുഖത്തില്‍ ഒരു കുട്ടിയുടെ ചോദ്യം സദസിനെ ഞെട്ടിച്ചു.
'ഈ പട്ടിണിയില്‍ ഞങ്ങള്‍ക്ക് എങ്ങനെ പഠിക്കാനാകും സര്‍....?' കുട്ടികളുടെ ചോദ്യത്തിനുമുന്നില്‍ സദസ് ഒരു നിമിഷം മൗനമായി. കാണികളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കുട്ടികളുടെ സംരക്ഷണത്തിനായി പ്രയത്‌നിക്കുന്ന നോബല്‍ സമ്മാനജേതാവ് പോലും ഒരുനിമിഷം സ്തബ്ധനായി.
ആരോഗ്യപരമായ ഭക്ഷണം നല്‍കുന്നുവെന്ന് പ്രസംഗിച്ച് ആരോഗ്യമന്ത്രി മാറിയ ഉടനെയായിരുന്നു കുട്ടിയുടെ ചോദ്യം.
'സുരക്ഷിതമായ കുട്ടിക്കാലം, സുരക്ഷിത ഭാരതം' എന്ന മുദ്രാവാക്യവുമായി കൈലാഷ് സത്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരതയാത്രയ്ക്ക് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ വേദിയിലാണ് പട്ടിണിയുടെ ഈ നിലവിളിയുണ്ടായത്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്ന് എത്തിയ വിദ്യാര്‍ഥികള്‍ കൈലാഷ് സത്യാര്‍ത്ഥിയുമായി സംവദിക്കുന്നതിനിടയിലാണ് കൊല്ലം കൊട്ടാരക്കര കാവുങ്കല്‍ വെട്ടിക്കല ജി.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളായ ചിന്നുവും ഗീതുവും ഈ ചോദ്യവുമായി വന്നത്.
സംവാദം നടക്കുന്നതിനിടെ എനിക്കൊരു ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞ് ഗീതു പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നൊമ്പരം മലയാളിയെ ഓര്‍മിപ്പിച്ച കലാഭവന്‍ മണിയുടെ 'ഉമ്പായി കുച്ചാണ്ട് പാപുണ്ടാക്കണമ്മാ...' എന്നഗാനം രണ്ടു വരി ആലപിച്ചപ്പോഴേക്കും മുഖ്യമന്ത്രി വേദിയിലെത്തി. അതോടെ സംവാദം അവസാനിപ്പിച്ച് ഉദ്ഘാടന ചടങ്ങിലേക്ക് കടന്നു.
കേരളത്തിലെ കുട്ടികള്‍ക്ക് ആരേഗ്യപരമായ ഭക്ഷണവും വിദ്യാഭ്യാസവും ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ് മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിവിട്ടതിന് പിന്നാലെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ഇക്കാര്യം വീണ്ടും അഭിമാനപൂര്‍വം പറഞ്ഞു. കാണികളെ മുഴുവന്‍ കൈയിലെടുക്കുന്ന രീതിയില്‍ പാടിയ ഗീതുവിന്റെ അടുത്തേക്ക് കൈലാഷ് സത്യാര്‍ത്ഥി എത്തി വേദിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഗീതു വലിയ പാട്ടുകാരിയാകട്ടെ എന്ന് അനുഗ്രഹിച്ചപ്പോഴായിരുന്നു ' മുഴു പട്ടിണിയില്‍ കഴിയുന്ന ഞങ്ങള്‍ക്ക് എങ്ങനെയാണ് സാര്‍ പഠിക്കാന്‍ കഴിയുക...' എന്ന ചോദ്യവുമായി കൂട്ടുകാരി ചിന്നു വന്നത്.
ഒരുനിമിഷം ഒന്നും പറയാനാകാതെ നിന്ന സത്യാര്‍ത്ഥി, പട്ടിണി നിങ്ങളുടെ കുറ്റമല്ലെന്നും സര്‍ക്കാരുകളും ഭരണ സംവിധാനവും സമൂഹവുമാണ് കുറ്റക്കാരെന്നും മറുപടി പറഞ്ഞു. ഗീതുവും ചിന്നുവും കൊല്ലം കൊട്ടാരക്കര കാവുങ്കല്‍ പട്ടികാജിതി കോളനിയിലാണ് താമസം. ഗീതുവിന്റെ അച്ഛന്‍ സജി ടാപ്പിങ് തൊഴില്‍ ചെയ്തും ചിന്നുവിന്റെ അച്ഛന്‍ സോമന്‍ കൂലിപ്പണിയെടുത്തുമാണ് കുടുംബം പുലര്‍ത്തുന്നത്.
ഈ കോളനിയിലെ ഓരോ കുടുംബവും ഇപ്പോഴും പട്ടിണിയിലാണ് കഴിയുന്നതെന്നാണ് ഗീതുവിന്റെ പാട്ടും ചിന്നുവിന്റെ ചോദ്യവും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."