18 പുതിയ ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 18 പുതിയ ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു ഡോക്ടറും അനുബന്ധ സൗകര്യങ്ങളുമുള്ളവയായിരിക്കും ഡിസ്‌പെന്‍സറികള്‍.
ആദ്യവര്‍ഷം ഇ.എസ്.ഐ കോര്‍പറേഷനായിരിക്കും ഇവയുടെ പ്രവര്‍ത്തനച്ചെലവ് വഹിക്കുക. പുതിയ ഡിസ്‌പെന്‍സറികള്‍ക്കായി 162 തസ്തികകള്‍ സൃഷ്ടിക്കും. വെഞ്ഞാറമൂട് (തിരുവനന്തപുരം), റാന്നി (പത്തനംതിട്ട), കുളത്തൂപ്പുഴ (കൊല്ലം), കണ്ണന്‍ദേവന്‍ ഹില്‍സ്, പീരുമേട്, മന്നാംകണ്ടം, കട്ടപ്പന, കുമളി (ഇടുക്കി), കൂത്താട്ടുകുളം (എറണാകുളം), ആലത്തൂര്‍, മണ്ണാര്‍ക്കാട്, കൂറ്റനാട് (പാലക്കാട്), കൊണ്ടോട്ടി (മലപ്പുറം), മുക്കം, ബാലുശ്ശേരി, താമരശ്ശേരി (കോഴിക്കോട്), മാനന്തവാടി, സുല്‍ത്താന്‍ബത്തേരി (വയനാട്) എന്നിവിടങ്ങളിലാണ് ഡിസ്‌പെന്‍സറികള്‍ വരുന്നത്. പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനുകളിലെയും എന്‍ജിനീയറിങ് വിഭാഗത്തില്‍ 138 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.അധികമായി ഫണ്ട് അനുവദിക്കില്ലെന്ന വ്യവസ്ഥയോടെയാണ് തസ്തിക സൃഷ്ടിക്കുന്നത്. റാന്നി താലൂക്കില്‍ പഴവങ്ങാടി വില്ലേജില്‍ പട്ടികവര്‍ഗക്കാരായ 34 കുടുംബങ്ങള്‍ക്ക് രണ്ട് ഏക്കര്‍ വീതം 68 ഏക്കര്‍ ഭൂമിക്കു പട്ടയം നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."