നെഹ്‌റു തറക്കല്ലിട്ട സര്‍ദാര്‍ സരോവര്‍ ഡാം ഉദ്ഘാടനം 17ന്
അഹമ്മദാബാദ്: 56 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തറക്കല്ലിട്ട സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 17ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ട ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ അണക്കെട്ടാണ് മോദി തന്റെ ജന്മദിനമായ 17ന് രാജ്യത്തിന് സമര്‍പ്പിക്കുക. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കവാഡിയയില്‍ സ്ഥിതി ചെയ്യുന്നതാണ് ഡാം. നിലവില്‍ അമേരിക്കയിലെ ഗ്രാന്‍ഡ് കോളീ ഡാമാണ് ലോകത്തെ ഏറ്റവും വലിയ ഡാം.
നര്‍മദ കണ്‍ട്രോള്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം അടച്ചിട്ട ഡാമിലെ 30 ഗേറ്റുകള്‍ തുറന്നുകൊണ്ടായിരിക്കും പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുകയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണി അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 16നാണ് സര്‍ദാര്‍ സരോവര്‍ ഡാമിന്റെ 30 ഗേറ്റുകള്‍ അടക്കാന്‍ നര്‍മദാ കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദേശിച്ചത്. അന്ന് തൊട്ട് വെള്ളം പുറത്തേക്ക് വിടാനായിരുന്നില്ല. ഗേറ്റുകള്‍ അടച്ചതോടെ ഡാമിലെ ജലനിരപ്പ് 138 മീറ്ററായി ഉയര്‍ന്നു. സംഭരണ ശേഷി 4.73 മില്യണ്‍ ക്യൂബിക് മീറ്ററായി വര്‍ധിക്കുകയും ചെയ്തു. നേരത്തെ ഇത് 1.27 മില്യണ്‍ ക്യൂബിക് മീറ്ററായിരുന്നു.
പദ്ധതി പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 18 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയിലേക്ക് നര്‍മദ നദിയില്‍ നിന്ന് വെള്ളമെത്തിക്കാന്‍ കഴിയും. ഗുജറാത്തിലെ 9000 ഗ്രാമങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ് പദ്ധതി.
2014ല്‍ അനുമതി ലഭിച്ച ശേഷവും ഡാമിന്റെ ഷട്ടറുകള്‍ അടക്കാന്‍ പിന്നീട് മൂന്ന് വര്‍ഷംകൂടി വേണ്ടിവന്നിരുന്നു. 450 ടണ്‍ ഭാരം വരുന്നതാണ് ഡാമിന്റെ ഓരോ ഗേറ്റുകളും.
1.2 കി.മീറ്റര്‍ നീളം വരുന്ന ഡാമിന്റെ ആഴം 163 മീറ്ററാണ്. ഇതുവരെയായി 4141 കോടി യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്ന് ഉല്‍പാദിപ്പിച്ചത്.
8,000 കോടി ചെലവുവന്ന പദ്ധതിയില്‍ നിന്ന് 16,000 കോടി രൂപയുടെ വൈദ്യുതി ഇതിനകം ഉല്‍പാദിപ്പിച്ചിട്ടുണ്ട്. 57 ശതമാനം വൈദ്യുതി മഹാരാഷ്ട്രക്കും 27 ശതമാനം മധ്യപ്രദേശിനും 16 ശതമാനം ഗുജറാത്തിനുമാണ് ലഭിക്കുക. കൃഷിക്കായി രാജസ്ഥാനിലെ 2,46,00 ഏക്കര്‍ ഭൂമിയിലേക്കും വെള്ളം എത്തിക്കാനാകും. ഇതിനുപുറമെ ഗുജറാത്തിലെ 131 പട്ടണങ്ങളിലും 9633 ഗ്രാമങ്ങളും മഹാരാഷ്ട്രയിലെ ആദിവാസി മേഖലയിലും കുടിവെള്ളമെത്തിക്കാനും കഴിയും.
1961ല്‍ തറക്കല്ലിട്ടെങ്കിലും നിരവധി പ്രശ്‌നങ്ങള്‍കാരണം നിര്‍മാണം നീണ്ടുപോവുകയായിരുന്നു. ഡാമിനെതിരേ മേധാപട്കറുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങളാണ് നടന്നത്. നര്‍മദ ബച്ചാവോ ആന്തോളന്‍ എന്ന പേരില്‍ സംഘടനയുണ്ടാക്കിയാണ് മേധാ പട്കര്‍ സമരം നടത്തിയിരുന്നത്.
ഡാം ഉദ്ഘാടനം ചെയ്ത ശേഷം ഇതിന് അഭിമുഖമായി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയും സ്ഥാപിക്കും. സ്റ്റേറ്റ് ഓഫ് യൂണിറ്റി എന്ന പേരിലാണ് ഈ പ്രതിമ ഇവിടെ സ്ഥാപിക്കുക.
182 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന പ്രതിമയും ലോകത്തിലെ ഏറ്റവും വലിയതായിരിക്കും. അടുത്തവര്‍ഷത്തോടെ പ്രതിമാ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."