സബര്‍മതി സ്‌കൂള്‍ പ്രവര്‍ത്തനോല്‍ഘാടനം മന്ത്രി ഇന്ന് നിര്‍വ്വഹിക്കും
ഹരിപ്പാട്: ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള സബര്‍മതി സ്‌കൂളിന്റെ പ്രവര്‍ത്തനം 15ന് രാവിലെ 11ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.റ്റി.ജലീല്‍ നാടിന് സമര്‍പ്പിക്കും.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പുനരധിവസിപ്പിച്ച് അവര്‍ക്ക് മാനസിക ശാരീരികമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയെന്നതാണ് സബര്‍മതി സ്‌കൂള്‍ കൊണ്ട് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ഇതിനോടൊപ്പം തന്നെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന നിരവധി കുട്ടികളുടെ രക്ഷിതാക്കള്‍ പദ്ധതിയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. കേരള ഗാന്ധി സ്മാരക നിധിയുമായി ചേര്‍ന്നാണ് സബര്‍മതിയുടെ പ്രവര്‍ത്തനം.രമേശ് ചെന്നിത്തല എം.എല്‍.എ-യാണ് ഹരിപ്പാട് അരൂര്‍ സ്‌കൂളിന് സമീപം ആരംഭിക്കുന്ന സബര്‍മതി ഹരിപ്പാടിന്റെ മുഖ്യ രക്ഷാധികാരി. കേരള ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍തോമസ് വര്‍ക്കിംഗ് പ്രസിഡന്റും, മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ദീപു ചീഫ് എക്‌സിക്യൂട്ടീവുമാണ്. പ്രത്യേകം പരിശീലനം നേടിയ വിദഗ്ദ്ധ അധ്യാപകരാണ് കുട്ടികള്‍ക്ക് വേണ്ട ക്ലാസുകളും പരിശീലനങ്ങളും നല്‍കുന്നത്. പഠനോപകരണങ്ങളും ആഹാരവും മരുന്നുകളും സബര്‍മതി സൗജന്യമായി നല്‍കും. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. കെ.സി.വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. കേരള ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍, സെക്രട്ടറി കെ.ജി ജഗദീഷന്‍, തുടങ്ങി പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."