പാരമ്പര്യം കരുത്താക്കി യു.എസ്.എ
ഇന്ത്യയുടെ ആദ്യ എതിരാളിയായ യു.എസ്.എ അണ്ടര്‍ 17 ലോകകപ്പില്‍ 15 തവണ പന്തു തട്ടിയ ടീമാണ്. സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്‌സ് എന്ന വിളി പേരുള്ള യു.എസ്.എ 2013ല്‍ മാത്രമാണ് ലോകകപ്പിന് യോഗ്യത നേടാതെ പോയത്.
ലോകകപ്പിലെ മികച്ച പ്രകടനം 1999ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ലോകകപ്പില്‍ നാലാം സ്ഥാനം. 2015ലെ ചിലി ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. കോണ്‍കാകാഫ് അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനക്കാരായി ലോകകപ്പിന് യോഗ്യത നേടി. കലാശപ്പോരില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെക്‌സിക്കോയോട് പരാജയപ്പെട്ടു.
മിന്നുന്ന താരനിര
കോണ്‍കകാഫ് കപ്പിലെ മികച്ച 11 താരങ്ങളിലെ അഞ്ച് പേര്‍ യു.എസ്.എയില്‍ നിന്നായിരുന്നു. മിഡ്ഫീല്‍ഡര്‍ ക്രിസ് ഡര്‍കിന്‍, ഗോള്‍ കീപ്പര്‍ ജസ്റ്റിന്‍ ഗാര്‍സസ്, പ്രതിരോധ നിരയിലെ ജയ്‌ലിന്‍ ലിന്‍ഡ്‌സെ, ജെയിംസ് സാന്‍ഡ്‌സ്, മുന്നേറ്റത്തിലെ ജോഷ് സാര്‍ജന്റ്. ഇവരിലാണ് യു.എസ്.എയുടെ പ്രതീക്ഷയും. ലോകകപ്പിലെ മികച്ച ടീമുകളില്‍ ഒന്നായ യു.എസ്.എയ്ക്ക് സെമി ഫൈനല്‍ വരെ മുന്നേറാന്‍ കരുത്തുണ്ട്.
പാളുന്ന പ്രതിരോധം
അണ്ടര്‍ 17 ലോകകപ്പുകളിലെ മികച്ച മത്സര പരിചയ സമ്പത്ത് തന്നെയാണ് യു.എസ്.എയുടെ കരുത്ത്. കോണ്‍കകാഫിലെ മികച്ച പ്രകടനം മുന്നോട്ടു കുതിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നു. ശക്തമായ ആക്രമണ നിരയുമായി എത്തുന്ന ടീമുകള്‍ക്ക് മുന്നില്‍ പാളി പോകുന്ന പ്രതിരോധം തലവേദനയാണ്. പെട്ടെന്ന് എതിരാളികള്‍ക്ക് ഗോള്‍ വഴങ്ങി കൊടുക്കുന്നതും തിരിച്ചടിയാകുന്നു.
തന്ത്രമോതി ഹാക്ക്‌വര്‍ത്ത്
ജോണ്‍ ഹാക്ക്‌വര്‍ത്ത്. ഫ്‌ളോറിഡക്കാരനായ ഈ പരിശീലകന്‍ മിഡ്ഫീല്‍ഡ് നിയന്ത്രിച്ചു കളം നിറഞ്ഞു കളിപ്പിക്കുന്ന തന്ത്രമാണ് ഒരുക്കുന്നത്. 2015 അവസാനമായിരുന്നു യു.എസ്.എയുടെ പരിശീലക ചുമതല ഏറ്റെടുത്തത്.
അഞ്ച് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍
ഇസ്താംബൂള്‍: അഹമത് കൊമര്‍ട് അന്താരാഷ്ട്ര ബോക്‌സിങ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. അഞ്ച് ഇന്ത്യന്‍ വനിതാ താരങ്ങള്‍ ഫൈനലിലെത്തിയതോടെ ഇന്ത്യ അഞ്ച് സ്വര്‍ണം, വെള്ളി മെഡലുകളില്‍ ഒന്ന് ഉറപ്പാക്കി. നിഹാരിക ഗോണെല്ല (75 കിലോ), സാഷി ചോപ്ര (57 കിലോ), അങ്കുഷിത ബോറോ (60 കിലോ), പര്‍വീണ്‍ (54 കിലോ), സോണിയ (48 കിലോ) എന്നിവരാണ് ഫൈനലിലെത്തിയത്.
ആദ്യ ദിനം സമനില
എഡ്‌മോടന്‍: ഇന്ത്യയും കാനഡയും തമ്മിലുള്ള ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേയോഫ് പോരാട്ടത്തിന്റെ ആദ്യ ദിനം സമനിലയില്‍ പിരിഞ്ഞു. പുരുഷ സിംഗിള്‍സ് പോരാട്ടങ്ങളില്‍ രാംകുമാര്‍ രാമനാഥന്‍ വിജയിച്ചപ്പോള്‍ യൂകി ഭാംബ്രിക്ക് തോല്‍വി പിണഞ്ഞതാണ് തിരിച്ചടിയായത്. രാംകുമാര്‍ കാനഡയുടെ ബ്രൈഡന്‍ ഷ്‌നോറിനെ 5-7, 7-6 (4), 7-5, 7-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. യൂകി ഡെനിസ് ഷപോവലോവിനോട് 6-7 (2), 4-6, 7-6 (6), 6-4, 1-6 എന്ന സ്‌കോറിന് പൊരുതി വീഴുകയായിരുന്നു.
മന്‍പ്രീത് കൗര്‍ നയിക്കും
ന്യൂഡല്‍ഹി: ഒക്ടോബര്‍ 11 മുതല്‍ 22 വരെ ധാക്കയില്‍ നടക്കുന്ന ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ മധ്യനിര താരം മന്‍പ്രീത് കൗര്‍ നയിക്കും. മുന്നേറ്റ താരം എസ്.വി സുനിലാണ് വൈസ് ക്യാപ്റ്റന്‍. യുവ താരങ്ങളേയും പരിചയ സമ്പന്നരേയും ഉള്‍ക്കൊള്ളിച്ച് സന്തുലിത ടീമുമായാണ് ഇന്ത്യ പോരിനിറങ്ങുന്നത്. പൂള്‍ എയില്‍ ജപ്പാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."