കീഴാറ്റൂര്‍ സമരം: ചര്‍ച്ച പരാജയം
തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് കീഴാറ്റൂരില്‍ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയം. സമരം നടത്തുന്നവര്‍ ഉന്നയിച്ച ആശങ്ക സര്‍ക്കാരിനെ അറിയിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയുള്ളതാണ് നിലവിലുള്ള ബൈപ്പാസ് അലൈന്‍മെന്റ് എന്ന് കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കലക്ടര്‍ വിശദീകരിച്ചു.
കീഴാറ്റൂര്‍ വഴിതന്നെ ബൈപ്പാസ് നിര്‍മിക്കുമെന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ചര്‍ച്ചക്കെത്തിയ സമരക്കാര്‍ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയി. ഇന്നലെ രാവിലെ ഒമ്പതിനാണ് കലക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നത്. സി. മനോഹരന്‍, എന്‍. ബൈജു തുടങ്ങിയ വയല്‍ക്കിളികള്‍ കൂട്ടായ്മ പ്രവര്‍ത്തകരും ജയിംസ് മാത്യു എം.എല്‍.എ, ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുമാണ് യോഗത്തില്‍ പങ്കെടുത്തത്. നെല്‍വയലും തണ്ണീര്‍ത്തടവും നികത്തിയുള്ള ബൈപ്പാസ് നിര്‍മാണം ഒരുകാരണവശാലും അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. നോട്ടിഫിക്കേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കലക്ടര്‍ അറിയിച്ചു. ആശങ്ക ദുരീകരിച്ച് ബൈപ്പാസ് ആവാമെന്ന് സി.പി.എം പ്രതിനിധികളും നിലപാടെടുത്തു. ഇതോടെ യോഗം ബഹിഷ്‌കരിച്ച് സമരസമിതിക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. കുടിവെള്ളത്തിനായി കീഴാറ്റൂരിലെ എല്ലാ വീടുകളിലും കണക്ഷന്‍ നല്‍കാമെന്ന എം.എല്‍.എയുടെ വാഗ്ദാനത്തെ സമരക്കാര്‍ തള്ളിയിരുന്നു. തരിശായിക്കിടക്കുന്ന വയലുകളാണ് എന്ന അധികൃതരുടെ വാദത്തെ കഴിഞ്ഞവര്‍ഷം വരെ കൃഷിഭവന്‍ വഴി ആനുകൂല്യങ്ങള്‍ വാങ്ങിയതിന്റെ രേഖകളുമായാണ് സമരക്കാര്‍ പ്രതിരോധിച്ചത്. അടുത്ത ദിവസം തന്നെ തളിപ്പറമ്പില്‍ വിശദീകരണ യോഗം നടത്താന്‍ തീരുമാനിച്ചതായി സമരനേതാക്കള്‍ അറിയിച്ചു.
സമരം ന്യായം: ആര്‍.എസ്.എസ്
തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേ നിരാഹാരമിരിക്കുന്ന സമര നേതാവ് സുരേഷിനെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി സന്ദര്‍ശിച്ചു. സമരം ന്യായമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഏട്ടുദിവസം പിന്നിട്ട സമരത്തിനിടെ നിരാഹാരമിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടിസ് പൊലിസ് കൈമാറിയതും ഇന്നലെ ചര്‍ച്ചക്കായി സമരക്കാരെ കലക്ടര്‍ വിളിപ്പിച്ചതുമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍. ഇന്നലെ വൈകുന്നേരത്തോടെയാണ് വത്സന്‍ തില്ലങ്കേരി സമരപ്പന്തലിലെത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കഴിഞ്ഞദിവസം സമരത്തില്‍ ഒരു ന്യായവുമില്ലെന്ന് പ്രസ്താവനയിറക്കിയതിനു പിന്നാലെ ആര്‍.എസ്.എസ് നേതാവ് സമരത്തിന് പിന്തുണയുമായെത്തിയത് പ്രാധാന്യത്തോടെയാണ് സി.പി.എം നേതൃത്വം വീക്ഷിക്കുന്നത്. ബി.ജെ.പി കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ്, എ.പി ഗംഗാധരന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, മണ്ഡലം സെക്രട്ടറി വിശ്വനാഥന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."