രണ്ടാംഘട്ട പാഠപുസ്തക വിതരണം പൂര്‍ത്തിയായില്ല: ഡി.ഡി.ഇ ഓഫിസില്‍ എം.എസ്.എഫ് ഉപരോധം
കോഴിക്കോട്: രണ്ടാംഘട്ട പാഠപുസ്തക വിതരണം പൂര്ത്തിയായില്ലെന്നാരോപിച്ച് എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസില്‍ ഉപരോധ സമരം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ്കുമാര്‍ ഓഫിസില്‍ ഇല്ലാതിരുന്നതിനാല്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ടി. രാധയെയാണ് ഒരുമണിക്കൂറോളം പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. തുടര്‍ന്നു പൊലിസ് ഇവരെ ബലംപ്രയോഗിച്ചു നീക്കി. വിതരണം ചെയ്യാനുള്ള സ്കൂളുകളുടെ എണ്ണം ലഭിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, സെക്രട്ടറി നിഷാദ് കെ. സലിം എന്നിവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കണക്കുള്‍ എടുത്തുവരികയാണെന്നായിരുന്നു ഓഫിസ് അധികൃതരുടെ മറുപടി. തുടര്‍ന്നു പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറാകാത്തതിനാല്‍ സ്ഥലത്തെത്തിയ കസബ പൊലിസ് ഇവരെ ബലംപ്രയോഗിച്ചു നീക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് എ.പി സമദ്, വിങ് കണ്‍വീനര്‍ കെ.ടി റഹൂഫ്, ട്രഷറര്‍ അഫ്നാസ് ചോറോട്, സ്വാഹിബ് മുഖദാര്‍, സാബിത്ത് മായനാട്, നൂറുദ്ദീന്‍ ചെറുവറ്റ, ഷമീര്‍ പാഴൂര്‍, അല്ഷിനാസ്, ഇര്‍ഷാന്‍, നവാസ് ഇല്ലത്ത് എന്നിവരും സമരത്തില്‍ പങ്കെടുത്തു.
അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സമരത്തെ തുടര്‍ന്ന് ഓഫിസ് പ്രവര്‍ത്തനം ഒരുമണിക്കൂറോളം സ്തംഭിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാര്‍ഥി വഞ്ചനക്കെതിരേ എം.എസ്.എഫ് സമരം ശക്തമാക്കുമെന്നും ഇന്നു വിവിധ ജില്ലാ ഡി.ഡി.ഇ ഓഫിസുകളിലേക്ക് പ്രതിഷേധ മാര്‍ച്ചു സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന. സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."