'ഇത് കുരുന്നുകള്‍ ഇരിക്കുന്ന ഒരു അങ്കണവാടിയാണ് ': അവഗണനയുടെ കയ്പ്പറിഞ്ഞ് മാന്‍കുന്നിലെ അങ്കണവാടി
മേപ്പാടി: 'തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല' എന്ന വാമൊഴി അര്‍ഥമാക്കുകയാണ് മാന്‍കുന്നിലെ അങ്കണവാടിയെ അവഗണിക്കുന്ന മൂപ്പൈനാട് പഞ്ചായത്ത്.
പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പെടുന്നതാണ് യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത കുരുന്നുകള്‍ പഠിക്കുന്ന ഈ അങ്കണവാടി. 17 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി ശൗചാലയമില്ലാത്തതിനാല്‍ സമീപത്തെ സാംസ്‌കാരിക നിലയത്തിന്റെ ശൗചാലയമാണ് കുട്ടികളും ജീവനക്കാരും ഉപയോഗിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ഇതും തകര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും പഞ്ചായത്ത് നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചൈല്‍ഡ് ലൈനിനെ സമീപിച്ചിരുന്നു. ശൗചാലയ സൗകര്യമില്ലാത്തതിനാല്‍ കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണ്.
നാട്ടുകാര്‍ പണം സമാഹരിച്ച് ശൗചാലയം നിര്‍മിക്കാന്‍ തയാറാണമെങ്കിലും അധികൃതര്‍ അതിന് അനുമതി നല്‍കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. നേരത്തെ അങ്കണവാടിയില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് നാട്ടുകാര്‍ പിരിവെടുത്ത് വയറിങ് ജോലികള്‍ നടത്തിയിരുന്നു. എന്നാല്‍ അങ്കണ വാടിയില്‍ വൈദ്യതി എത്തിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ തയാറായിട്ടില്ല. അവഗണന അവസാനിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന മുക്ത (ഒ.ഡി.എഫ്), സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ജില്ലയിലെ ഒരു അങ്കണവാടിയുടെ ദുരവസ്ഥയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."