മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയേറ്റം
മലപ്പുറം: ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 179ാം ആണ്ടുനേര്‍ച്ചക്ക് നാളെ മമ്പുറം മഖാമില്‍ തുടക്കമാകും. നാളെ അസര്‍ നമസ്‌കാര ശേഷം മഖാമില്‍ കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ കൊടിയേറ്റുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും. രാത്രി ഏഴിന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം നടക്കും. മജ്‌ലിസുന്നൂര്‍ അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ആമുഖഭാഷണം നടത്തും.
23 മുതല്‍ 26 വരെ രാത്രി ഏഴിന് മതപ്രഭാഷണങ്ങള്‍ നടക്കും. 27ന് ബുധനാഴ്ച പ്രാര്‍ഥനാ സദസും അനുസ്മരണവും സമസ്ത കേരള ജംഇയ്യത്തുല്‍ഉലമാ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്‌ബോധനം നടത്തും. പ്രാര്‍ഥനാ സദസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള മമ്പുറം മൗലദ്ദവീല ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടക്കും. 28 ന് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടക്കുന്ന അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി കോഴിക്കോട് അധ്യക്ഷനാകും. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ സംബന്ധിക്കും. നേര്‍ച്ചക്കു സമാപനം കുറിച്ച് ഉച്ചക്ക് രണ്ടിന് നടക്കുന്ന മൗലിദ് ഖത്മ് ദുആക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."