കയര്‍ മേഖലയുടെ വികസനം: 200 കോടിയുടെ പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ കയര്‍ വ്യവസായ മേഖലയുടെ വികസനത്തിന് 200 കോടി രൂപയുടെ സഹായം ലഭ്യമാക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കയര്‍ സഹകരണ സംഘങ്ങളുടെ പശ്ചാത്തല വികസനത്തിനും ആധുനികവല്‍ക്കരണത്തിനും വിപണന സാധ്യതകള്‍ കണ്ടെത്താനുമുള്ള പദ്ധതിയാണിത്.
നാഷനല്‍ കോ- ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്ന് 200 കോടി രൂപയുടെ സഹായം ലഭിക്കുന്നതിനായി മന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പദ്ധതിയില്‍ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ആധുനിക യന്ത്രങ്ങള്‍ വാങ്ങുന്നതിനാണ് പ്രധാന പരിഗണന. സഹകരണ മേഖലയിലുള്ള കയര്‍ പിരി യൂനിറ്റുകളായിരിക്കും ആധുനികവല്‍ക്കരിക്കുക.
ഇപ്പോള്‍ കയര്‍ നെയ്താണ് മറ്റുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്. കയര്‍ നെയ്യാതെ ചകിരി നാരുകള്‍ നെയ്ത് ജിയോ ടെക്സ്റ്റയില്‍സ് നിര്‍മിക്കുന്ന ഫീഡില്‍ ഫെല്‍റ്റ് സാങ്കേതിക വിദ്യയോടു കൂടിയ യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതുവഴി കയര്‍ തൊഴിലാളികള്‍ക്കു പ്രതിവര്‍ഷം 200 മുതല്‍ 220 വരെ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. കൂടാതെ രാജ്യത്തിനകത്തും വിദേശത്തുമടക്കം കയറിന്റെ വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ക്കറ്റിങ് സംവിധാനങ്ങളുമുണ്ടാക്കും.
ഇതെല്ലാമടങ്ങുന്ന പദ്ധതി രൂപരേഖയാണ് മന്ത്രിസഭ അംഗീകരിച്ചത്. പരമ്പരാഗത വ്യവസായ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."