വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ ആശ്രമത്തില്‍ 600 മനുഷ്യ അസ്ഥിക്കൂടങ്ങള്‍
ന്യൂഡല്‍ഹി: സ്ത്രീ പീഡനക്കേസില്‍ അഴിക്കുള്ളിലായ വിവാദ ആള്‍ദൈവവും ദേര സച്ച സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ആശ്രമത്തില്‍ 600 മനുഷ്യ അസ്ഥിക്കൂടങ്ങള്‍ കണ്ടെത്തി. സിര്‍സയിലെ ദേരാ സച്ചാ സൗദയുടെ ആസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിലായി പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ഗുര്‍മീത് കൊലപ്പെടുത്തിയവരുടെ അസ്ഥിക്കൂടങ്ങളാകാം ഇതെന്നാണ് പൊലിസിന്റെ നിഗമനം. എന്നാല്‍ ദേരാ അനുയായികളുടെയും ദേരാ ആശ്രമത്തിനുള്ളില്‍ തന്നെ തങ്ങളുടെ മൃതദേഹം അടക്കം ചെയ്യണമെന്നും ആഗ്രഹിച്ചവരുടേതുമാണ് അസ്ഥിക്കൂടങ്ങളെന്നാണ് ആശ്രമ വാസികള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ഇത്രയേറെ മനുഷ്യ അസ്ഥിക്കൂടങ്ങള്‍ ഇവിടെ നിന്നു ലഭിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് എസ്.ഐ.ടിയുടെ അഭിപ്രായം.
ബലാത്സംഗക്കേസുകള്‍ക്കു പുറമെ നിലവില്‍ രണ്ടുകൊലപാതക കേസുകളില്‍ ഗുര്‍മീത് വിചാരണനേരിടുന്നുണ്ട്. തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ഒരു യുവതി വിവിധ മാധ്യമസ്ഥാപനത്തിലേക്ക് അടുത്തിടെ കത്തയച്ചിരുന്നു.
കത്ത് പ്രസിദ്ധീകരിച്ച ഒരു മാധ്യമപ്രവര്‍ത്തകയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസും ഗുര്‍മീതിനെതിരേയുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ട്, വീടുകള്‍, ചന്തകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, കുടുംബാംഗങ്ങള്‍ താമസിക്കുന്ന കൂറ്റന്‍ ബംഗ്ലാവുകള്‍ എന്നിവയ്ക്ക് പുറമേ വിശ്വാസികള്‍ സ്ഥിരമായി താമസിക്കുന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 600 ഏക്കര്‍ വരുന്ന ചെറിയ ടൗണ്‍ഷിപ്പാണ് ദേരയിലേത്. നിരവധി പേര്‍ ഇവിടെ ജോലി ചെയ്യുന്നുമുണ്ട്.
രണ്ടാഴ്ച മുമ്പ് ഹരിയാനയിലെ സിര്‍സാ നഗരത്തിലെ ദേരയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന വളപ്പില്‍ അസ്ഥികളും മറ്റും കിട്ടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എതിര്‍ക്കുന്നവരെ കൊല്ലുകയും അവരുടെ മൃതദേഹം ദേരയില്‍ തന്നെ കുഴിച്ചുമൂടുകയുമാണ് ചെയ്യുന്നതെന്നും ഗുര്‍മീതുമായി തെറ്റിപ്പിരിഞ്ഞവര്‍ ആരോപിച്ചിട്ടുണ്ട്. ആ വഴിക്കും പൊലിസ് അന്വേഷണം നടത്തും.
അനുയായികളായിരുന്ന രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് സി.ബി.ഐ പ്രത്യേക കോടതി ഗുര്‍മീതിന് 20 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്. കോടതി വിധി പുറത്തുവന്നതോടെ ഹരിയാനയിലുണ്ടായ കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഗുര്‍മീതിന്റെ 90 ബാങ്ക്
അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു
ചണ്ഡീഗഡ്: ഗുര്‍മീത് റാം റഹിമിന്റെ ദേരാ സച്ച ആശ്രമത്തിന്റെ പേരിലുള്ള 90 ബാങ്ക് അക്കൗണ്ടുകള്‍ ഹരിയാന സര്‍ക്കാര്‍ മരവിപ്പിച്ചു. പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഗുര്‍മീത് റാം റഹിമിന്റെ ദേര സച്ച സൗദ ആശ്രമത്തിന്റെ 90 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഈ അക്കൗണ്ടുകളില്‍ എത്ര പണമുണ്ടെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ല.
എന്നാല്‍ മൂന്ന് അക്കൗണ്ടുകളില്‍ മാത്രം 60 കോടിയിലേറെ രൂപയുണ്ടെന്ന് സിര്‍സയില്‍ നടത്തിയ റെയ്ഡിനിടെ പൊലിസിന് വിവരം ലഭിച്ചിരുന്നു. അതിനിടെ ഗുര്‍മീതിനെ കുറ്റക്കാരനായി കണ്ടെത്തിയതിന് പിന്നാലെയുണ്ടായ കലാപക്കേസില്‍ ഒളിവില്‍ പോയ വളര്‍ത്തുമകള്‍ ഹണിപ്രീതിനും ഗുര്‍മീതിന്റെ അനുയായികളില്‍ പ്രധാനിയായ ആദിത്യ ഇന്‍സാനുമായി പൊലിസ് അന്വേഷണം നേപ്പാളിലേക്ക് വ്യാപിപ്പിച്ചു.
ഗുര്‍മീതിനെ ജയിലിലേക്ക് കൊണ്ടുപോകും വഴി സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന കേസും ഇവര്‍ക്കെതിരേയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."