കോളജുകള്‍ക്ക് വഴിവിട്ട് അഫിലിയേഷന്‍: സാങ്കേതിക സര്‍വകലാശാലയില്‍ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: രജിസ്ട്രാര്‍ അറിയാതെ ഡിജിറ്റല്‍ ഒപ്പ് ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ സാങ്കേതിക സര്‍വകലാശാലയില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നു. സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ക്ക് വഴിവിട്ട് സാങ്കേതിക സര്‍വകലാശാല അഫിലിയേഷന്‍ നല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിന് പരിശോധനകൂടാതെ അഫിലിയേഷന്‍ നല്‍കുന്നതിന് തന്റെ ഒപ്പ് ദുരുപയോഗം ചെയ്തു എന്നപരാതിയാണ് രജിസ്ട്രാര്‍ നല്‍കിയത്. വൈസ് ചാന്‍സലര്‍, ഡയറക്ടര്‍ എന്നിവര്‍ക്കെതിരേയാണ് രജിസ്ട്രാറുടെ പരാതി. സര്‍വകലാശാലയിലെ ഇ-ഗവേണന്‍സ് സംവിധാനം ഉപയോഗിച്ച് വി.സിയും സംഘവും തന്റെ ഡിജിറ്റല്‍ ഒപ്പ് സൃഷ്ടിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയെയാണ് സാങ്കേതിക സര്‍വകലാശാലയില്‍ ഭരണത്തിന്റെയും അഫിലിയേഷന്റെയും ചുമതലയുള്ള ഡയറക്ടറായി കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചത്. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ തന്നെ ഡയറക്ടറെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വി.സി ഇത് നടപ്പാക്കിയില്ലെന്ന് മാത്രമല്ല, ഡയറക്ടര്‍ക്ക് കോടതിയില്‍ പോകാന്‍ അവസരവും ഒരുക്കി. കോടതിയില്‍ സര്‍വകലാശാലയുടെ അഭിഭാഷകന്‍ മൃദു സമീപനം സ്വീകരിച്ചെന്ന ആരോപണവുമുണ്ട്. തുടര്‍ന്നാണ് ഡയറക്ടര്‍ക്ക് അനുകൂലമായ കോടതി വിധി വന്നതെന്നും പറയപ്പെടുന്നു.
സര്‍ക്കാരും സര്‍വകലാശാലയിലെ ഉന്നതനും തമ്മിലുള്ള കേസും ഒപ്പം സര്‍ക്കാരിന്റെ നിസ്സഹരണവും കാരണം ദൈനംദിന ഭരണം പോലും സ്തംഭിച്ചിരിക്കുകയണ്. അതിനിടെ സാങ്കേതിക സര്‍വകലാശാല ഉടച്ചു വാര്‍ക്കാന്‍ നിയമ ഭേദഗതിക്ക് കഴിഞ്ഞ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. കുത്തഴിഞ്ഞ ഭരണവും ചട്ടലംഘനങ്ങളും അവസാനിപ്പിക്കാനും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുവാനുമാണ് നിയമ ഭേദഗതിയെന്നാണ് സര്‍ക്കാര്‍ പക്ഷം.
ഓര്‍ഡിനന്‍സായി ഇറക്കിയതിനു ശേഷം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."