എക്സ്റ്റന്‍ഷന്‍ ട്രെയിനുകളുണ്ടായിട്ടും ഡിവിഷന് അനങ്ങാപ്പാറ നയം
ഒലവക്കോട് പാലക്കാട് പൊള്ളാച്ചി റെയില്‍ പാതയില്‍ എക്സ്റ്റ്ന്‍ഷന്‍ ചെയ്യാനുള്ള ട്രെയിനുകളുണ്ടായിട്ടും പാലക്കാട് റെയില്‍വെ ഡിവിഷന്റെ അവഗണനക്കെതിരെ പാലക്കാട് -കൊല്ലങ്കോട് - പൊള്ളാച്ചി റെയില്‍പാസഞ്ചേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധം ശക്തമാവുകയാണ്.
തിരുവനന്തപുരത്ത് നിന്നും പാലക്കാട് ടൗണില്‍ രാവിലെ 8.15 ന് എത്തുന്ന 16343 അമൃത എക്‌സ്പ്രസ്സ് പതിമൂന്നരമണിക്കൂറോളം വെറുതെ കിടക്കുന്ന പാലക്കാട് ടൗണ്‍- തിരുവനന്തപുരം ട്രെയിന്‍ പാലക്കാടില്‍ നിന്നും പുറപ്പെടുന്നതിനു പകരം മധുരയില്‍ നിന്നും പുറപ്പെടുകയാണെങ്കില്‍ നിരവധി യാത്രക്കാര്‍ക്ക് തെക്കന്‍ കേരളത്തിലേക്കെത്താന്‍ സൗകര്യമാകും. അതുപോലെ പാലക്കാട് നിന്നും രാവിലെ 6.40 ന് പുറപ്പെടുന്ന ട്രിച്ചി പാസഞ്ചര്‍ ടൗണ്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 6 മണിക്ക് പുറപ്പെട്ടാല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിന് കണക്ഷനാവുകയും ചെയ്യും.
ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് പൊള്ളാച്ചിയില്‍ രാവിലെ 8.15 ന് യാത്ര അവസാനിപ്പിക്കുന്ന ചെന്നൈ സെന്‍ട്രല്‍ പൊള്ളാച്ചി ജംഗ്ഷന്‍ എക്‌സ്പ്രസ്സ് തിരിച്ച് വൈകീട്ട് 4.45 നാണ് ചെന്നൈയിലേക്ക് പോവുന്നത്. ഏഴരമണിക്കൂറോളം പൊള്ളാച്ചിയില്‍ വെറുതെ കിടക്കുന്ന ഈ ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുകയാണെങ്കില്‍ പൊള്ളാച്ച് ഭാഗത്തുനിന്നും പാലക്കാട്ടേക്കെത്താന്‍ യാത്രക്കാര്‍ക്ക് ബസുകളെ ആശ്രയിക്കേണ്ടി വരില്ലെന്നു മാത്രമല്ല റെയില്‍വെക്ക് ലാഭവും കൂടി ഉണ്ടാകുന്നതാണ്. മധുരയില്‍നിന്നും പഴനിയിലേക്ക് സര്‍വിസ് നടത്തുന്ന മധുര - പഴനി പാസഞ്ചര്‍ രാവിലെ 11 മണിക്ക് പഴനിയിലെത്തി 4 മണിക്കാണ് മടക്കയാത്രയാരംഭിക്കുന്നത്. ഈ ട്രെയിന്‍ 5 മണിക്കൂറോളം പഴനിയില്‍ വെറുതെ കിടക്കാതെ പാലക്കാട്ടേക്ക് നീട്ടിയാല്‍ പാലക്കാട് -മധുര പാസഞ്ചര്‍ സര്‍വ്വീസ് സാധ്യമാകുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
നിലവില്‍ രാവിലെ പുലര്‍ച്ചെ മാത്രമാണ് മധുരക്ക് ട്രെയിനുള്ളതെന്നതിനാല്‍ പലര്‍ക്കും ഈ സമയത്ത് ടൗണില്‍ എത്തിപ്പെട്ടാല്‍ സാധ്യമല്ലാത്തത് മധുരക്ക് പോവാന്‍ നിരവധി വണ്ടികള്‍ മാറിക്കേറേണ്ട ഗതികേടാണ്. പാലക്കാട് ഈറോഡ് കരൂര്‍ ഡിണ്ടിക്കല്‍ മധുരവഴി തിരുനെല്‍വേലിയിലേക്ക് പോകുന്ന ദാദര്‍ തിരുനെല്‍വേലി എക്‌സ്പ്രസ്സിനെ പൊള്ളാച്ചിയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നരീതിയിലാക്കണമെന്നു പാസഞ്ചര്‍ അസോഷിയേഷനുകളുടെ ആവശ്യം ശക്തമാവുകയാണ്.
കോയമ്പത്തൂര്‍ വഴി നിരവധി ട്രെയിനുകള്‍ ഈറോഡ്., ദിണ്ഡിക്കല്‍ ഭാഗത്തേക്കു സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്ലേശമുള്ള പാലക്കാട് - പൊള്ളാച്ചി വഴി ദാദര്‍ - തിരുനെല്‍വേലി എക്‌സ്പ്രസ്സ് സര്‍വ്വീസ് നടത്തിയാല്‍ യാത്രക്കാര്‍ക്ക് സമയലാഭവും ഏറെയുണ്ടാവും.
ഇത്തരത്തില്‍ നിശ്ചിതയിടങ്ങളില്‍ യാത്രയവസാനിപ്പിച്ച് മണിക്കൂറുകളോളം സ്ഥലം മുടക്കിക്കിടക്കുന്ന എക്‌സ്പ്രസ്സ് ട്രയിനുകളെ എക്സ്റ്റന്‍ഷന്‍ ചെയ്ത് സര്‍വിസ് നടത്താന്‍ റെയില്‍വെക്ക് പ്രത്യേക കോച്ചുകളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലാഞ്ഞിട്ടും റെയില്‍വെയോ ഇത്തരം എക്സ്റ്റന്‍ഷന്‍ ചെയ്യലിനെതിരെയുള്ള നടപടികള്‍ അപലപനീയമാണെന്നാണ് യാത്രക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നത്.
ഇതിനുപുറമെ മീറ്റര്‍ ഗേജായിരുന്ന സമയത്ത് സര്‍വ്വീസ് നടത്തിയിരുന്ന ട്രെയിനുകള്‍ പുനസ്ഥാപിക്കുക, മംഗലാപുരം - രാമേശ്വരം എക്‌സ്പ്രസ്സ് ആഴ്ചയില്‍ 3 ദിവസമെങ്കിലും അനുവദിക്കുക, പാലക്കാട്- പൊള്ളാച്ചി പാതയിലെ ലൈന്‍ വൈദ്യുതികരണം നടത്തുക, എല്ലാ എക്‌സ്പ്രസ്സ് ട്രയിനുകള്‍ക്കും പാലക്കാട്- കൊല്ലങ്കോട് സ്റ്റേഷനുകളില്‍ സ്റ്റോപ്പനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്..
പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍ യഥേഷ്ടം സ്ഥല സൗകര്യമുണ്ടായിട്ടും പിറ്റ്‌ലൈന്‍ അനുവദിക്കാത്ത റെയില്‍വെയുടെ നടപടികള്‍ക്കെതിരെ കൊല്ലങ്കോട്, പാലക്കാട് റെയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷനുകള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അറുമുഖനും സെക്രട്ടറി ഖാദര്‍ മൊയ്തീനും അറിയിച്ചു. 500 കോടിയോളം ചെലവഴിച്ച് ബ്രോഡ്‌ഗേജാക്കി മാറ്റിയ പൊള്ളാച്ചി - പാലക്കാട് റെയില്‍ പാത ഗതാഗത യോഗ്യമായി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മതിയായ ട്രെയിനുകള്‍ സര്‍വ്വീസ് നടത്താത്തത് പാലക്കാട് റെയില്‍വെ ഡിവിഷന്റെ പിടിപ്പുകേടാണ്. തെക്കന്‍ കേരളത്തില്‍ നിന്നും മലബാറില്‍ നിന്നും പഴനി, രാമേശ്വരം, മധുര, ഏര്‍വാടി എന്നിവിടങ്ങളിലേക്ക് നിരവധി തീര്‍ത്ഥാടകരും യാത്രക്കാരുമുണ്ടായിട്ടും വരുമാനം ലഭിക്കാവുന്ന പാലക്കാട് - പൊള്ളാച്ചി പാതയില്‍ കൂടുതല്‍ സര്‍വ്വീസ് നടത്തുന്നതിനു പകരം നിലവിലുള്ള ട്രെയിനുകള്‍ പോലും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. നാട്ടുകാരുടെ മുറവിളിക്കൊടുവില്‍ ഔദ്യോഗികമായ ചടങ്ങുകളില്ലാതെ അശാസ്ത്രീയമായ സമയത്തില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ച പാലക്കാട് - പൊള്ളാച്ചി പാത അവഗണനയുടെ പാതയായിക്കിടക്കുകയാണ്. നിരവധി തീര്‍ത്ഥാടകരുടെ വ്യാപാരികളും തൊഴിലാളികളും ആശ്രയിക്കുന്ന പാലക്കാട്- പൊള്ളാച്ചി റെയില്‍ പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുമെന്ന മുടന്തന്‍ ന്യായത്തിന് റെയില്‍വെ അധികൃതര്‍ നഗരത്തെ രണ്ടാക്കി വിഭജിച്ച് ശകുന്തള ജംഗ്ഷന്‍ റെയില്‍വെ ഗേറ്റ് എന്നന്നേക്കുമായി കൊട്ടിയടക്കുകയായിരുന്നു.
ഫലമോ രാവിലെയൊരു മധുര ട്രെയിന്‍ മാത്രമോടിച്ച് യാത്രക്കാരുടെ വായടക്കുന്നതിനുള്ള മൃദുസമീപനമാണ് പാലക്കാട് ടൗണ്‍ റെയില്‍വെ സ്റ്റേഷനുകളുള്‍പ്പടെയുള്ള അധികൃതരുടെ ഭാഗത്തുനിന്ന് പാലക്കാട് പൊള്ളാച്ചി പാതയില്‍ കണ്ണും നട്ടിരിക്കുന്ന യാത്രക്കാര്‍ക്ക് കിട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."