എഴുത്തിലെ ആത്മീയതയും ആത്മീയതയുടെ എഴുത്തും
അന്‍പതു വര്‍ഷങ്ങളായി സി.വി ബാലകൃഷ്ണന്‍ എഴുതിക്കൊണ്ടേയിരിക്കുന്നു. പലകാലങ്ങളില്‍ പലദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞ അനുഭവങ്ങളില്‍നിന്നാണ് സി.വി ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരന്‍ രൂപപ്പെടുന്നത്. ഒരു ഫ്രെയിമിനകത്തും ഒതുക്കാനാകാത്ത ഒരാകാരമാണ് ഈ എഴുത്തുകാരനുള്ളത്. കഥകളില്‍ ഗ്രാമബിംബങ്ങളുടെ സൗമ്യസാന്നിധ്യമായി നിറയുന്നയാള്‍ തന്നെ പലപ്പോഴും സമകാലിക വിഷയത്തില്‍ കലാപകാരിയായി മാറുന്നതു കാണാം. കുരിശുവഴികളില്‍ പീഡിതനായി മുഖം താഴ്ത്തി നടക്കുന്ന നിസഹായനായ ഒരാള്‍ അടുത്ത നിമിഷം കലാപകാരിയായി ചമ്മട്ടിയെടുത്തു ദേവാലയത്തില്‍നിന്നു പുരോഹിതരെ ആട്ടിയോടിക്കുന്നതു കാണാം. ചരിത്രത്തിനൊപ്പവും മിത്തുകള്‍ക്കൊപ്പവും മാറിമാറി സഞ്ചാരം നടത്തും. ഒരു മതത്തിനും പ്രത്യയശാസ്ത്രത്തിനും പിടികൊടുക്കാതെ എന്നാല്‍ അവയിലെയൊക്കെയുള്ള ധാര്‍മികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു മാനുഷിക നന്മയുടെ പക്ഷത്തുനിന്നുകൊണ്ട് ധര്‍മവിചാരം നടത്താന്‍ കഴിയുന്ന അവധൂതന്‍. മതാതീതമായ ഒരു ആത്മീയത ഉള്ളില്‍ സൂക്ഷിക്കുമ്പോഴും സംഘടിതമതത്തിന്റെ അതിര്‍വരമ്പുകളെ നിഷേധിക്കുന്ന, ജനപക്ഷത്തു നിലയുറപ്പിച്ചു ഭരണകൂടത്തിന്റെ നീതികേടുകള്‍ക്കെതിരേ പൊരുതുന്ന, അതോടൊപ്പം മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളോടു സമരസപ്പെടാത്ത ഒരാള്‍.
'ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍' എന്ന നോവലിനും 'പരല്‍മീന്‍ നീന്തുന്ന പാടം' എന്ന ആത്മകഥയ്ക്കും കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 'ആയുസിന്റെ പുസ്തകം', 'കണ്ണാടിക്കടല്‍', 'കാമമോഹിതം', 'ഒഴിയാബാധകള്‍', 'ലൈബ്രേറിയന്‍' എന്നിവയാണു മറ്റു നോവലുകള്‍. 'ഭൂമിയെപറ്റി അധികം പറയേണ്ട', 'ഉറങ്ങാന്‍ വയ്യ', 'സ്‌നേഹവിരുന്ന് ', 'മാലാഖമാര്‍ ചിറകു വീശുമ്പോള്‍', 'മഞ്ഞുപ്രതിമ' പ്രധാന കഥകളും. ലേഖനം, സഞ്ചാരസാഹിത്യം, തിരക്കഥ തുടങ്ങി സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും സി.വിയുടെ കൈയൊപ്പുണ്ട്.
അലിഫ് ഷാഹ്: എഴുത്തുവഴിയില്‍ അന്‍പതു വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. എഴുത്തിലും ആകാരത്തിലും നിത്യയൗവനം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് താങ്കള്‍ക്ക്. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഈ അന്‍പതു വര്‍ഷങ്ങള്‍ സി.വി ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരനില്‍ എന്തെല്ലാം മാറ്റങ്ങളാണു വരുത്തിയത് ? എഴുത്തുജീവിതത്തെ ഈ കാലം പുതുക്കിപ്പണിഞ്ഞിട്ടുണ്ടോ?
സി.വി ബാലകൃഷ്ണന്‍: എഴുത്തിനെ സ്വയം നവീകരിക്കാത്തവര്‍ നല്ല എഴുത്തുകാരല്ല എന്നു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍. അതു നിരന്തരം നടക്കുന്ന, അല്ലെങ്കില്‍ നടക്കേണ്ട ഒരു പ്രക്രിയയാണ്. എന്റെ എഴുത്തുജീവിതം പല അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പല രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. പല ഭാഷകളിലൂടെ, സാഹിത്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതിനനുസരിച്ച് പ്രമേയങ്ങളിലും ആഖ്യാനത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഉദാഹരണത്തിന് മുന്‍പ് ഈ ഏലിറലൃ കൗൈലവിന്റെ, ലിംഗനീതിയുടെ ചര്‍ച്ചകള്‍ പൊതുസമൂഹത്തിനു മുന്നില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതു സജീവചര്‍ച്ചകളുടെ ഭാഗമാണ്. അതുപോലെ LGBT സമൂഹങ്ങളുടെ അവകാശങ്ങള്‍ പോലുള്ള ഒരുപാടു വിഷയങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ ഇപ്പോള്‍ പുതുതായി ചര്‍ച്ച ചെയ്യപ്പെടുന്നു.
എഴുത്തുകാരനും അതാതു കാലം ആവശ്യപ്പെടുന്ന വിഷയങ്ങളില്‍നിന്നു മുഖംതിരിക്കാനാവില്ല. അനുഭവങ്ങള്‍ക്കനുസരിച്ചു ചിന്താഗതിയില്‍ വരുന്ന മാറ്റം എന്റെ എഴുത്തിലും പ്രതിഫലിക്കാറുണ്ട്. അത്തരമൊരു നവീകരണം എന്റെ എഴുത്തില്‍ സംഭവിച്ചിട്ടുണ്ട് എന്നു തന്നെയാണ് ഞാന്‍ സ്വയം വിലയിരുത്തുന്നത്. എഴുത്ത് കെട്ടിക്കിടക്കുന്ന ഒരു തടാകമല്ല. ഒഴുകുന്ന പുഴയായാണ് എനിക്ക്. അതു പ്രതലങ്ങള്‍ക്കനുസരിച്ചു വളഞ്ഞും പുളഞ്ഞും തെളിഞ്ഞും കലങ്ങിയും മുന്നോട്ടുപോകും.
അ.ഷാ: സി.വിയുടെ രചനകളില്‍ ഒരു ക്രിസ്ത്യന്‍ ആത്മീയത അന്തര്‍ലീനമായി കിടക്കുന്നുണ്ട്. യേശു, കുരിശുവഴി, പീഡിതന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, സങ്കീര്‍ത്തനങ്ങള്‍ എന്നിങ്ങനെ. ഒരുപക്ഷെ അവ ഉപയോഗിച്ചില്ലായിരുന്നുവെങ്കില്‍ അപൂര്‍ണമായിപ്പോകുമായിരുന്നുവെന്നു കരുതാവുന്ന അത്രയും ആത്മബന്ധം ഈ ആത്മീയതയും താങ്കളുടെ രചനകളും തമ്മില്‍ ഉണ്ടെന്നു തോന്നുന്നു. ടോള്‍സ്റ്റോയിയും ദസ്തയേവ്‌സ്‌കിയുമൊക്കെയാണ് ഈ ആത്മീയബിംബങ്ങളെ ഇത്ര സമര്‍ഥമായി രചനകളോടു ചേര്‍ത്തുപിടിച്ചിട്ടുള്ളത് എന്നു തോന്നുന്നു.
സി.വി: എന്റെ ക്രൈസ്തവതയും യേശുദേവനും മതാത്മകമായ ഒന്നല്ല. അതു മതനിരപേക്ഷമാണ്. ക്രിസ്തുവിനെ കണ്ടെത്തുക എന്നതു മനുഷ്യന്റെ ഒരു വിധിയാണ്. ക്രിസ്തുവിനെ തീവ്രമായി സ്വന്തം ജീവിതത്തില്‍ ആവാഹിച്ചിട്ടുള്ളത് ദസ്തയേവ്‌സ്‌കിയാണ്. മറ്റൊരു നാമം ടോള്‍സ്റ്റോയിയുടേതു തന്നെയാണ്. ടോള്‍സ്റ്റോയിയുടെ അന്നാകരനീന, പുനരുഥാനം (Resurrection), കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരന്മാര്‍ എന്നിവയൊക്കെ ആ ശ്രേണിയില്‍ വരുന്നവയാണ്. വിമോചന ദൈവശാസ്ത്രമൊക്കെ ഉണ്ടാകുന്നതിനും എത്രയോ മുന്‍പാണ് ക്രിസ്തു തിരിച്ചുവരുന്നതൊക്കെ ടോള്‍സ്റ്റോയി എഴുതുന്നത്. ക്രിസ്തു തിരിച്ചുവരുമ്പോള്‍ ക്രൈസ്തവസഭ എത്രയേറെ യാഥാസ്ഥിതികവും മനുഷ്യത്വവിരുദ്ധവും ആയിരുന്നുവെന്ന് അന്നേ എഴുതിവയ്ക്കപ്പെട്ടിട്ടുണ്ട്. ദസ്തയേവ്‌സ്‌കിയൊക്കെ യഥാര്‍ഥ ക്രൈസ്തവ ദര്‍ശനത്തെ ആവിഷ്‌കരിച്ച എഴുത്തുകാരനാണ്. ക്രിസ്തുദര്‍ശനത്തിന്റെ തന്നെ അടിസ്ഥാനരേഖയായിട്ടാണ് ഇവയെ ഒക്കെ ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ എഴുത്തുകാരെ ഈ ദര്‍ശനം വല്ലാതെ സ്വാധീനിച്ചിരുന്നതായി ഇതില്‍നിന്നു മനസിലാക്കാം. ലോകസാഹിത്യങ്ങളിലൂടെ കടന്നുപോകുന്നവരിലും അതിന്റെ സ്വാധീനം കാണാതിരിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം തീവ്രമായ വായനാനുഭവമാണ് എന്റെ രചനകളിലെ ക്രൈസ്തവദര്‍ശനം. മതവുമായും ക്രൈസ്തവ ജീവിതവുമായും അതിനു യാതൊരു ബന്ധവുമില്ല.
അ.ഷാ: മനുഷ്യബന്ധങ്ങളിലെ സംഘര്‍ഷാത്മകമായ കാമലോകങ്ങളെ കൂടുതലായി ആവിഷ്‌കരിക്കുന്നുണ്ട് പലപ്പോഴും രചനകളില്‍. 'ഉറങ്ങാന്‍ വയ്യ' എന്ന കഥയെക്കുറിച്ച് താങ്കളുടെ ഏറ്റവും മികച്ച ലൈംഗികാഖ്യാനമായി വായിക്കപ്പെടുന്നുണ്ട്. ഒരുപക്ഷെ അശ്ലീലമായല്ലാതെ ലൈംഗികതയെ അവതരിപ്പിക്കുന്ന ഒരു മാന്ത്രികത താങ്കളുടെ അത്തരം രചനകളിലുണ്ട്.
സി.വി: മനുഷ്യജീവിതത്തിലെ വളരെ പ്രധാനമായ ഒരു ഭാഗമാണു ലൈംഗികത. അവയെ അശ്ലീലമായി അവതരിപ്പിക്കുന്ന Porn സാഹിത്യങ്ങള്‍ ധാരാളമായി കാണാം. എന്നാല്‍ മനുഷ്യരെ കുറിച്ചു പറയുമ്പോള്‍ ലൈംഗികതയെ മാറ്റിവച്ചു കൊണ്ടുള്ള എഴുത്ത് പൂര്‍ണമല്ല. മനുഷ്യനില്‍ നിലീനമായ ഗാഢമായ വികാരമാണത്. മനുഷ്യനെ അത്രമേല്‍ സ്വാധീനിച്ചു നിര്‍ണയിക്കുന്ന ഒരു ഘടകമാണത്. അതു കേവലം അശ്ലീലതയും ശാരീരികബന്ധവും മാത്രമല്ല. ബൊക്കാച്ചിയോയുടെ ഡെക്കാമാറണ്‍കഥകളില്‍ ലൈംഗികത പ്രമേയമായി വരുന്നുണ്ട്. ആയിരത്തൊന്നു രാവുകളില്‍ പലതിലും ഈ വിഷയം ചേര്‍ന്നുവരുന്നു.
ലൈംഗികതയും അശ്ലീലസാഹിത്യവും രണ്ടാണ്. ലൈംഗികത മനുഷ്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ആഖ്യാനമാണ് ഞാന്‍ നടത്തിയത്. 'ഉറങ്ങാന്‍ വയ്യ' എന്നതില്‍ അതു വരുന്നുണ്ട്, 'ആയുസിന്റെ പുസ്തക'ത്തില്‍ വരുന്നുണ്ട്. 'അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികളി'ല്‍ വരുന്നുണ്ട്, 'കാമമോഹിത'ത്തില്‍ വരുന്നുണ്ട്. എന്നെ പ്രചോദിപ്പിക്കുന്ന ഒരു പ്രമേയം തന്നെയാണത്. അതുപക്ഷെ അശ്ലീലമായല്ലാതെ എഴുതി പ്രതിഫലിപ്പിക്കുക എന്നത് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്. ആഴത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് അശ്ലീലമായി വായിക്കപ്പെടാം. ടോള്‍സ്റ്റോയിയോ ദസ്തയേവ്‌സ്‌കിയോ ഈ വിഷയം ആവിഷ്‌കരിച്ചിട്ടില്ല. എന്നാല്‍ മരിയോ വര്‍ഗാസ് യോസ, ഡി.എച്ച് ലോറന്‍സ് എന്നിവരൊക്കെ ധാരാളം എഴുതിയിട്ടുണ്ട്.
നബക്കോവിന്റെ 'ലോലിത'യൊക്കെ ഈ ശ്രേണിയിലെ ഒരു ക്ലാസിക് കൃതിയാണ്. അതൊരിക്കലും അശ്ലീലമല്ല. അത്തരം ഒരു വെല്ലുവിളി ഏറ്റെടുത്തതുകൊണ്ടാണ് ഇത്തരം പ്രമേയങ്ങള്‍ ഞാന്‍ എഴുതിയിട്ടുള്ളത്. 'ഉറങ്ങാന്‍ വയ്യ' എന്നതില്‍ അക്രമാസക്തമായ ലൈംഗികതയെ കുറിച്ച് എഴുതിയിട്ടുണ്ട്. അതോടൊപ്പം രതിയുടെ സൗന്ദര്യസങ്കല്‍പം കൂടി അതിലുണ്ട്. വര്‍ത്തമാനകാല അവസ്ഥകളോട് ചേര്‍ത്തു വായിക്കാവുന്ന ഒന്നാണ് ആ കഥ എന്നാണു എനിക്കു തോന്നുന്നത്. ലൈംഗികതയില്‍ വരുന്ന ഹിംസാത്മകതയ്ക്കു പകരംവയ്ക്കാന്‍ കഴിയണം രതിയുടെ സൗന്ദര്യസങ്കല്‍പം.
അ.ഷാ: താങ്കള്‍ പലയിടത്തും ഒരു ആത്മീയതയെ കുറിച്ചു പറയാതെ പറയുന്നുണ്ട്. എന്താണു താങ്കള്‍ മുന്നോട്ടുവയ്ക്കുന്ന ആത്മീയത?
സി.വി: സംഘടിത മതങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ദസ്തയേവ്‌സ്‌കി പറയുന്നുണ്ട്. സത്യവും ക്രിസ്തുവും രണ്ടെന്നു വന്നാല്‍ ഞാന്‍ ക്രിസ്തുവിനൊപ്പം നില്‍ക്കുമെന്ന്. വാസ്തവത്തില്‍ അവ രണ്ടും രണ്ടല്ലെന്ന് ദസ്തയേവ്‌സ്‌കി വിശ്വസിച്ചു. ക്രിസ്തു എന്ന സങ്കല്‍പ്പം ക്രിസ്തുമതത്തിന്റെ അധികാരഘടനയോ അതിന്റെ മൂലധനമോ സാമ്രാജ്യമോ ആയിരുന്നില്ല ദസ്തയേവ്‌സ്‌കിക്ക്. അതു മനുഷ്യരാശിയെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന ഒരു സത്യം എന്ന സങ്കല്‍പ്പമായിരുന്നു. അത് എഴുത്തുകാരന്‍ തേടേണ്ട ഒന്നാണ്. ഉപനിഷദ്കാലം മുതലേ ഉണ്ടത്. സത്യത്തിന്റെ മുഖം സ്വര്‍ണപാത്രം കൊണ്ടു മൂടിയിരിക്കുന്നു, ദയവായി അത് എടുത്തുമാറ്റേണമേ എന്നു സൂര്യനോടു പ്രാര്‍ഥിക്കുന്നത് അതുകൊണ്ടാണ്. എല്ലാ പ്രവാചകരും ഋഷികളും സന്ന്യാസികളും ഉയര്‍ത്തിപ്പിടിച്ചത് ഈ സത്യോന്മുഖതയാണ്.
അ.ഷാ: സി.വി ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരനെക്കാള്‍ ആ വ്യക്തിയെ ആളുകള്‍ സ്വീകരിച്ചിട്ടുണ്ടാകുക 'പരല്‍മീന്‍ നീന്തുന്ന പാടം' എന്ന ആത്മകഥയിലൂടെയായിരിക്കും. അവയില്‍ ഉപയോഗിക്കുന്ന കുറെ ഗ്രാമബിംബങ്ങളുണ്ട്. ഒരിടത്ത് കെ.പി അപ്പന്‍ താങ്കളെ പരാമര്‍ശിച്ചിട്ടുള്ളത് 'ചലിക്കുന്ന ചിത്രങ്ങളുടെ എഴുത്തുകാരന്‍' എന്നാണ്. വായനക്കൊപ്പം ദൃശ്യങ്ങള്‍ കൂടി മനസില്‍ നിറയുന്ന ഒരു മാന്ത്രികതയാണ് ആ അനുഭവക്കുറിപ്പുകള്‍ക്ക്.
സി.വി: ഗ്രാമബിംബങ്ങളൊക്കെ എന്റെ അനുഭവലോകത്തുനിന്നു തന്നെ സ്വാഭാവികമായി വന്നുചേരുന്നതാണ്. കെ.പി അപ്പന്‍ സാര്‍ ആയിരിക്കണം എന്റെ രചനകളെ ഇത്ര ആഴത്തില്‍ വായിച്ച് അഭിപ്രായം പറഞ്ഞിട്ടുള്ള ഒരാള്‍. അപ്പന്‍ സാര്‍ ഇപ്പോഴില്ല എന്നുള്ളത് എന്നെ സംന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണ്. എന്നെ വായിക്കാനും, എനിക്കു വായിക്കാനുള്ള പലതും നിര്‍ദേശിക്കാനുമുള്ള ഒരു സാന്നിധ്യമാണു നഷ്ടമായത്. എന്റെ കൈയിലൊരു മാന്ത്രിക ദര്‍പ്പണമുണ്ട് എന്നൊക്കെ ചിലയിടങ്ങളില്‍ എഴുതിയിരുന്നു. രണ്ടു പുസ്തകങ്ങള്‍ക്കു പഠനങ്ങള്‍ എഴുതിയിട്ടുണ്ട്.
കഥകളില്‍ മൂര്‍ത്തബിംബങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്ന ഒരാളാണു ഞാന്‍. ധാരാളം സിനിമ കാണുന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ എഴുത്തിനൊപ്പം അതിന്റെ ദൃശ്യസാധ്യത കൂടി ചേര്‍ന്നുവരുന്നത് സിനിമയുടെ സ്വാധീനം കൊണ്ടാണ്. എഴുത്തിനും എത്രയോ മുന്‍പ് കഥകളെ ഞാന്‍ പരിചയപ്പെടുന്നത് സിനിമയുടെ ദൃശ്യഭാഷകളിലൂടെയാണ്. ലോകത്തെ വിവിധ ഭാഷകളിലെ ക്ലാസിക് സിനിമകള്‍ നിരന്തരം കാണുന്നതിനാല്‍ അതിന്റെയൊരു ആഖ്യാനഭാഷ എന്റെ എഴുത്തിലും പ്രതിഫലിക്കുന്നതാണത്. അതുകൊണ്ടാണ് അമൂര്‍ത്തബിംബങ്ങള്‍ എന്റെ കഥകളില്‍ അധികം കടന്നുവരാത്തത്. ഒ.വി വിജയനൊക്കെ എഴുത്തില്‍ അമൂര്‍ത്തമായ ബിംബങ്ങള്‍ ധാരാളം ഉപയോഗിക്കുന്ന ഒരാളാണ്. വളരെ ആലങ്കാരികമായാണ് ഒ.വി വിജയന്‍ എഴുതിയിരുന്നത്. 'ഖസാക്കിന്റെ ഇതിഹാസത്തി'ലൊക്കെ ധാരാളം ഇത്തരം ബിംബങ്ങള്‍ കാണാം. 'പള്ളിക്കുള്ളിലെ അനാദിയായ കാലം തളം കെട്ടിക്കിടന്നു. ദുഖം പോലെ സാന്ത്വനം പോലെ ഇരുട്ട്..' എന്നൊക്കെ പറയുന്നതുപോലെയുള്ള പ്രയോഗങ്ങള്‍.
എന്നെ സംബന്ധിച്ചിടത്തോളം ദൃശ്യമായി സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഒരു ബിംബം എനിക്കെഴുതാന്‍ കഴിയില്ല. അത് എന്റെ ഒരു ശൈലിയാണ്. കഥകളിലായാലും നോവലുകളിലായാലും ഞാന്‍ ഒരു ദൃശ്യഘടന ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ അവയ്‌ക്കൊരു ദൃശ്യാത്മകതയുണ്ട്. അതിനാല്‍ അവ ഒരു സ്ഥൂലതയിലേക്കു പോകുകയില്ല.
ഇപ്പോള്‍ മലയാളകഥകളിലും അതാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഥകള്‍ വലിപ്പം കൂടുന്നു. സ്ഥൂലതയിലേക്കു പോകുന്നു. എത്രത്തോളം സംക്ഷിപ്തമാക്കാന്‍ കഴിയും എന്നാണു നോക്കേണ്ടത്. മഞ്ഞുമലയുടെ അറ്റം മാത്രമേ കഥയില്‍ കാണിക്കേണ്ടതുള്ളൂ. അതിന്റെ അടിയില്‍ എന്താണ് എന്നുള്ളതു വായനക്കാരനു കണ്ടെത്താനുള്ളതാണ്. ശബ്ദമിശ്രണം ഇതുപോലെ ഒരു ഘടകമാണ്. ശബ്ദം കൂടി കാഴ്ചകള്‍ക്കൊപ്പം എഴുത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. എന്റെ തന്നെ 'പരിമള പര്‍വതം' എന്ന നോവലൈറ്റിന്റെ അവസാനം ഒരു വലിയ മണി മുഴങ്ങുന്നതായാണു പറയുന്നത്. ഇതൊരു ശബ്ദബിംബമാണ്. ആ മണിയൊച്ച കേട്ടു മണി എവിടെയാണ് എന്ന മട്ടില്‍ കഥാപാത്രങ്ങള്‍ നാലുപാടും നോക്കുകയാണ്. പള്ളിയോ മണിയോ എവിടെയും കണ്ടില്ല എന്നു പറഞ്ഞാണു കഥ അവസാനിക്കുന്നത്. സിനിമയിലെ ശബ്ദമിശ്രണം പോലെ തന്നെയാണു കഥയിലും ഇങ്ങനെ ശബ്ദസാന്നിധ്യം ചേര്‍ക്കുന്നത്.
അ.ഷാ: 'സ്‌നേഹവിരുന്നി'ലെ എവുസേബിയ എന്ന കഥാപാത്രം പലതരത്തില്‍ വായിക്കപ്പെട്ടിട്ടുണ്ട്. എന്താണ് ആ പാത്രസൃഷ്ടിക്കു പിന്നിലെ പ്രചോദനം?
സി.വി: കന്യാസ്ത്രീകള്‍ ജീവിതത്തില്‍ ധാരാളം ഞെരുക്കങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നു തോന്നിയിട്ടുണ്ട്. അതില്‍നിന്നൊരു മോചനം അവള്‍ ഉള്ളില്‍ ആഗ്രഹിക്കുന്നുമുണ്ടാകണം. പക്ഷെ ആ മോചനത്തിനുള്ള അവസരങ്ങള്‍ അവര്‍ക്കില്ല. യഥാര്‍ഥത്തില്‍ തടവില്‍ അകപ്പെട്ടതുപോലെയാണ് അവര്‍ ജീവിക്കുന്നത്. അതിനപ്പുറത്തെ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കു പോകാനുള്ള കാംക്ഷ അവരില്‍ പലരിലുമുണ്ട്. എന്നാല്‍ അവര്‍ നിസഹായരായിത്തീരുന്നു എന്നതാണ് ആ കഥ പറഞ്ഞുവയ്ക്കുന്നത്. അധികാരഘടനയുടെയും സംഘടിതമതത്തിന്റെയും നിയമങ്ങള്‍ വളരെ ക്രൂരമായി അവരുടെ ജീവിതത്തില്‍ ഇടപെടുന്നു. അവര്‍ നിസഹായരാകുന്നു. രക്ഷപ്പെടാനുള്ള അവരുടെ മോഹങ്ങള്‍ക്കു മുന്നില്‍ താഴിട്ടുപൂട്ടിയ അറകള്‍ ഉണ്ടാകുന്നു. പിടിക്കപ്പെട്ടു സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു വസ്ത്രം പോലുമില്ലാതെ വെറും നിലത്ത് ഇഴയേണ്ടിവരുന്നു. അധികാരം എത്ര പ്രബലമാണ്, മനുഷ്യന്‍ എത്ര നിസഹായനാണ് എന്നൊക്കെയാണ് ആ കഥ പറയുന്നത്.
(ഇടതുവലതു രാഷ്ട്രീയവും സമകാലിക ഇന്ത്യനവസ്ഥയും ചര്‍ച്ച ചെയ്യുന്ന അഭിമുഖത്തിന്റെ രണ്ടാം ഭാഗം അടുത്ത ലക്കത്തില്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."