ഇന്ന് എന്‍.എസ്.എസ് ദിനം; മെയ്യും മനസും സമര്‍പ്പിച്ച കുട്ടിക്കൂട്ടായ്മയില്‍ പൂവണിയുന്നത് ഒരായിരം സ്വപ്നങ്ങള്‍
അരീക്കോട്: നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍ എസ് എസ്) ഇന്ന് നാല്‍പ്പത്തി എട്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ എജുക്കേഷന്‍ വിഭാഗം, യൂണിവേഴ്‌സിറ്റി വിഭാഗം എന്നിങ്ങനെ നാല് യൂണിറ്റുകളിലായാണ് എന്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത്.
വിദ്യാര്‍ഥികളെ രാഷ്ട്ര നിര്‍മാണ പ്രക്രിയയുടെ ഭാഗമാക്കുകയെന്ന ഗാന്ധിജിയുടെ ആശയമാണ് എന്‍.എസ്.എസ് എന്ന പേരില്‍ വിദ്യാര്‍ഥി കൂട്ടായ്മയായത്. പഠന പ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹിക സേവനങ്ങളിലും വിദ്യാര്‍ഥികളെ പങ്കാളികളാക്കണമെന്ന ലക്ഷ്യത്തോടെയാണ് 1969ല്‍ ഗാന്ധിജിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ എന്‍.എസ്.എസിന് തുടക്കം കുറിച്ചത്.
സാധാരണ ജനങ്ങള്‍ക്ക് ശക്തിപകരാനുള്ള സമര്‍പ്പണ മനസാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാരെ വ്യത്യസ്തമാക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സേവന മനസുമായി വളണ്ടിയര്‍മാര്‍ ജനങ്ങളില്‍ നിന്നു ശേഖരിച്ച പണം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമായും, ശൗചാലയമായും രൂപാന്തരപ്പെട്ടു. ചിലര്‍ക്ക് കൃഷിയിടവും നടപ്പാതയായും മറ്റുചിലര്‍ക്ക് അക്ഷരമുറ്റമായും സൗഭാഗ്യ വഴികള്‍ തുറന്നു. മരണത്തെ മുഖാമുഖം കണ്ട അനേകം പേര്‍ക്ക് പുതുജീവന്‍ നല്‍കാനായതും എന്‍.എസ്.എസിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്. സാക്ഷരതാ മിഷന്റെ അക്ഷരകൈരളി മാസികയുടെ പ്രചാരണം നടത്തിയതും ഈ കുട്ടിക്കൂട്ടായ്മയായിരുന്നു. ചെന്നൈയിലെ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കാന്‍ വിദ്യാര്‍ഥികള്‍ കാട്ടിയ സേവന തല്‍പരത വിദേശ മാധ്യമങ്ങളില്‍പ്പോലും ചര്‍ച്ചയായി.
ആദിവാസി കോളനിയില്‍ ശുചിമുറിയൊരുക്കുക, വൈദ്യുതീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് മ്യൂസിക് തെറാപ്പിയൊരുക്കുക, രോഗി പരിചരണം, സഹപാഠിക്കൊരു വീട് ഇങ്ങനെ നീളുന്നു എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സേവനം. ഒരു പിറന്നാള്‍ കൂടി വന്നുചേരുമ്പോള്‍ സേവന മനസുമായി സമൂഹത്തില്‍ നന്മ വിതയ്ക്കാനുള്ള ഉത്തേജനമാണ് വിദ്യാര്‍ഥികള്‍ക്ക് കൈവരുന്നത്. സമൂഹത്തില്‍ താഴേത്തട്ടിലുള്ളവരുടെ ഓരംചേര്‍ന്ന് പ്രശ്‌ന പരിഹാരം സാധ്യമാക്കുന്ന ഈ മാലാഖമാരുടെ കഴിവുകള്‍ക്ക് മുന്നില്‍ പൊതുപ്രവര്‍ത്തകര്‍ക്കുപോലും പത്തിമടക്കേണ്ടി വരുന്നു.
എന്‍.എസ്. എസ് ഗീതം കേരളത്തിന്റേത്
മനസ്സുനന്നാവട്ടെ.. മതമേതെങ്കിലുമാവട്ടെ.. മാനവഹൃത്തിന്‍ ചില്ലയിലെല്ലാം.. മാണ്‍ പൂക്കള്‍ വിടരട്ടെ.. എന്ന് തുടങ്ങുന്ന എന്‍.എസ്.എസിന്റെ ഗീതം ഇനി കേരളത്തിന്റെ ഔദ്യോഗിക ഗീതമാവുന്നു. മത മൈത്രിയുടെ സന്ദേശങ്ങള്‍ വിളിച്ചോതുന്ന ഗീതം കഴിഞ്ഞ വര്‍ഷം കേരളപ്പിറവി ദിനത്തില്‍ മലയാളനാടിന്റെ സ്വന്തം ഗീതമായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ നടക്കാതെ പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."