തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി: ശാരദചിട്ടി തട്ടിപ്പിലും നാരദ ഒളികാമറയിലും പെട്ട് ആരോപണവിധേയനായ മുന്‍ റെയില്‍വേ മന്ത്രിയും രാജ്യസഭാംഗവുമായ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി അദ്ദേഹം പ്രഖ്യാപിച്ചതിനുപിന്നാലെ അദ്ദേഹത്തെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തതായി നേതൃത്വം പ്രഖ്യാപിച്ചു. ദുര്‍ഗാ പൂജക്ക് ശേഷം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും രാജ്യസഭാംഗത്വവും ഒഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ മുകുള്‍ റോയ്, മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ റെയില്‍വേമന്ത്രിയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും അതീവ ഹൃദയവേദനയോടെയാണ് പ്രഖ്യാപനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ പ്രാഥമികാംഗത്വവും വര്‍ക്കിങ് കമ്മിറ്റി അംഗത്വവും രാജിവയ്ക്കുകയാണെന്ന് അറിയിച്ച് അദ്ദേഹം നേതൃത്വത്തിന് ഇ-മെയില്‍ അയച്ചു. അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വ കാലാവധി എട്ടുമാസം കൂടിയുണ്ടെന്നിരിക്കെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.
കൊല്‍ക്കത്തയില്‍ ഇന്നലെ രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ പുറത്താക്കിയതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മുകുള്‍ റോയ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിവരികയാണെന്നും അദ്ദേഹത്തെ ആറുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യുകയാണെന്നും തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി അറിയിച്ചു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഇടഞ്ഞ അദ്ദേഹം ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് തൃണമൂല്‍ വിടുന്നതായി പ്രഖ്യാപിച്ചത്. മെയില്‍ അദ്ദേഹം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, ബി.ജെ.പിയിലേക്കു പോകുന്നുവെന്ന റിപ്പോര്‍ട്ടുകളോട് അദ്ദേഹം പ്രതികരിച്ചില്ല. ഇപ്പോള്‍ ഒന്നും പറയാനില്ല. 1997 ഡിസംബര്‍ 17ന് തൃണമൂല്‍ രൂപീകരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടി വിടാനുള്ള കാരണം അഞ്ചുദിവസം കഴിഞ്ഞു പരസ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചിട്ടിതട്ടിപ്പ് കേസില്‍ സി.ബി.ഐ ചോദ്യംചെയ്യുന്നതിനിടെ മറ്റുനേതാക്കളെ പ്രതിക്കൂട്ടിലാക്കും വിധം വിവരങ്ങള്‍ നല്‍കിയ മുകുള്‍ റോയിയുടെ നടപടിയില്‍ മമതക്ക് അമര്‍ഷമുണ്ടായിരുന്നു. ശാരദ, നാരദ കേസുകളില്‍നിന്ന് മുക്തനാകാനാണ് അദ്ദേഹം ബി.ജെ.പിയിലേക്കു പോകുന്നതെന്നാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."