ഘര്‍വാപസി: ഹാദിയ സംഭവത്തിലും ഗൂഢനീക്കം
കൊച്ചി: മതംമാറ്റവുമായി ബന്ധപ്പെട്ട് ആതിര സംഭവത്തിലെന്ന പോലെ ഹാദിയ കേസിലും ഗൂഢനീക്കങ്ങള്‍ നടക്കുന്നതായി സൂചന. ആതിരയെ പോലെ ഹാദിയയെ കൊണ്ടും താന്‍ ഹിന്ദുമതത്തിലേക്ക് മടങ്ങുന്നു എന്നു പറയിക്കുന്നതിനുള്ള നീക്കം അണിയറയില്‍ ശക്തമാണ്.
'ഹാദിയയെ അനുകൂലിക്കുന്നവര്‍ ഞെട്ടാന്‍ തയാറായിക്കോളൂ; നിങ്ങളെ നിരാശപ്പെടുത്തുന്ന, ഞെട്ടിക്കുന്ന അഭിമുഖം ഞങ്ങള്‍ താമസിയാതെ പുറത്തുവിടും. ചില അനുമതികള്‍ കൂടി കിട്ടേണ്ട താമസമേയുള്ളൂ' എന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ലേഖകന്‍ കഴിഞ്ഞദിവസം ഫേസ്ബുക്ക് പേജില്‍ കൂടി പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ എഡിറ്റര്‍ നിര്‍ദേശിച്ചതനുസരിച്ച് ലേഖകന്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും ഈ പോസ്റ്റ് പിന്‍വലിച്ചിരുന്നില്ല.
'മറ്റൊരു ആതിരയായി ഹാദിയയും താമസിയാതെ രംഗത്തുവരും' എന്ന് ചില വേദികളില്‍ സംഘ്പരിവാര്‍ നേതാക്കള്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ഹാദിയയെ സന്ദര്‍ശിക്കുന്നതിന് സാമൂഹ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് അനുമതി നിഷേധിക്കുകയും ഹാദിയക്ക് വരുന്ന രജിസ്‌റ്റേഡ് കത്തുകള്‍ അടക്കമുള്ളവ തിരിച്ചയക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെയാണ് തങ്ങള്‍ക്ക് താല്‍പര്യമുള്ള ചില മാധ്യമങ്ങള്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിനിടെ തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തെ ന്യായീകരിച്ചുകൊണ്ട് സംഘ്പരിവാര്‍ കേന്ദ്രങ്ങളും അനുകൂല മാധ്യമങ്ങളും രംഗത്തുവന്നു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി യോഗ കേന്ദ്രത്തില്‍ യുവതികള്‍ അടക്കമുള്ളവരെ താമസിപ്പിച്ചിരുന്നെന്ന് തെളിഞ്ഞതോടെ ഇവിടെ തിരിച്ചു മതംമാറ്റശ്രമമല്ല നടക്കുന്നതെന്നും പണ്ടഠണ്ടനത്തിലും മറ്റും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സലിങ് നടത്തുന്നതിനുള്ള സ്ഥാപനമാണ് എന്നുമാണ് ന്യായീകരണം. അതേസമയം, യോഗ സെന്ററിനെതിരായ പരാതിയില്‍ പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആക്ഷേപമുണ്ട്. ഘര്‍വാപസി കേന്ദ്രത്തിന് സമീപ പ്രദേശങ്ങളില്‍ ശാഖകളുണ്ട് എന്ന് പഞ്ചായത്ത് പ്രസിഡന്റ് സംശയം പ്രകടിപ്പിച്ചിട്ടുപോലും ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിന് പൊലിസ് തയാറായിട്ടില്ല. കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മറ്റു യുവതികളെ കുറിച്ചും അന്വേഷണം നടക്കുന്നില്ല.
യോഗസെന്ററിനെതിരേയുള്ള പരാതി ഗൗരവതരം: ഹൈക്കോടതി
കൊച്ചി: അന്യമതക്കാരനുമായുള്ള വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ മാതാപിതാക്കള്‍ തന്നെ തൃപ്പൂണിത്തുറയിലെ യോഗ സെന്ററില്‍ തടവിലാക്കിയെന്ന യുവതിയുടെ പരാതി ഞെട്ടിപ്പിക്കുന്നതാണെന്നു ഹൈക്കോടതി.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഗൗരവതരമായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ഹരജി അടുത്തമാസം 10 നു വീണ്ടും പരിഗണിക്കും.
ഇന്നലെ ഹരജി പരിഗണിക്കവെ യുവതി കോടതിയില്‍ ഹാജരായി കേസുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കിയിരുന്നു. യുവതിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്‌തോട്ടെ എന്ന് കോടതി ചോദിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും ഒരു പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും പൊലിസ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കേസന്വേഷണം ഉര്‍ജിതമാക്കണമെന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. യോഗ സെന്ററിനെ കേസില്‍ കക്ഷിയാക്കിയ കോടതി ഈ സ്ഥാപനത്തിനു നോട്ടിസ് അയക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."