സംഗീതം നിലച്ച രാത്രി; കൂട്ടനിലവിളിയായി ലാസ് വേഗസ്
ലാസ് വേഗസ്: ദേശീയ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിക്കെത്തിയവര്‍ ചിതറിയോടി. പ്രാണരക്ഷാര്‍ഥം റോഡില്‍ കമിഴ്ന്നുകിടന്നു, ചിലര്‍ മതിലുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പിറകിലൊളിച്ചു. സംഗീതം നിന്നു. കൂട്ട നിലവിളിയായിരുന്നു പിന്നീട്. ഹോട്ടല്‍ റൂമുകളിലും ഹാളുകളിലുമായിരുന്നവരെ രക്ഷിക്കാനായി പൊലിസ് തന്നെ അവരെ പൂട്ടിയിട്ടു. ജീവിതത്തിനും മരണത്തിനുമിടയില്‍ പ്രാണ ഭയത്തോടെ കഴിഞ്ഞ ഉദ്വോഗ നിമിഷങ്ങള്‍ക്കിടെ 58 പേരാണ് കൊല്ലപ്പെട്ടത്. 200ലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. അഞ്ഞൂറിലേറെ പേര്‍ക്കു പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം അമേരിക്കയിലെ പ്രധാന ചൂതാട്ട കേന്ദ്രമായ ലാസ് വേഗസില്‍ നടന്ന വെടിവയ്പിന്റെ ബാക്കിപത്രമാണിത്. അമേരിക്കയിലെ നേവഡ സ്റ്റേറ്റിലാണ് പ്രധാന ചൂതാട്ടകേന്ദ്രമായ ലാസ് വേഗസ് സിറ്റി. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ഫെസ്റ്റിവലിന്റെ ഭാഗമായി ഇവിടെ വിവിധ പരിപാടികള്‍ നടന്നുവരികയായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഇവിടെയെത്തിയിരുന്നു. ആക്രമണം നടക്കുമ്പോള്‍ സദസില്‍ സംഗീതപരിപാടി ശ്രവിക്കാന്‍ നാല്‍പതിനായിരത്തോളം പേരുണ്ടായിരുന്നതായാണ് വിവരം. ഈ ആളുകള്‍ക്കിടയിലേക്കാണ് യന്ത്രത്തോക്കുമായി അക്രമി തുടരെത്തുടരെ നിറയൊഴിച്ചത്.
വെടിവയ്പ് തുടങ്ങിയതോടെ ആളുകള്‍ ചിതറിയോടി. പലരും സുരക്ഷിത സ്ഥാനങ്ങള്‍ തേടി പരക്കംപാഞ്ഞു.
പൊലിസെത്തി പ്രത്യാക്രമണം തുടങ്ങുകയും ആക്രമണത്തിനു നേതൃത്വം നല്‍കിയ പ്രദേശവാസിയെ വെടിവച്ചു കൊല്ലുകയും ചെയ്തു. ജനങ്ങളില്‍ പലരെയും ഹോട്ടലുകളില്‍ പൂട്ടിയിട്ട പൊലിസ് സുരക്ഷാനിര്‍ദേശങ്ങളും നല്‍കി. 1949നു ശേഷം അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ വെടിവയ്പാണിത്.
അക്രമികളില്‍ പ്രധാനി കൊല്ലപ്പെട്ടെങ്കിലും ഇയാളുടെ കൂടെയുള്ള സ്ത്രീയെ പൊലിസ് ചോദ്യംചെയ്യുകയാണ്. എന്നാല്‍, ആക്രമണവുമായി ബന്ധമില്ലെന്നാണ് ഇവരുടെ വാദം. കൊല്ലപ്പെട്ട സ്റ്റീഫന്‍ പെഡോക്ക് കഴിഞ്ഞ 28 മുതല്‍ ഇവിടെ റൂമെടുത്തു താമസിക്കുകയാണ്. മോസ്‌കിറ്റിലാണ് ഇയാളുടെ വീട്. ഇവിടെയും കാലിഫോര്‍ണിയയിലും തെരച്ചില്‍ നടത്തിയ പൊലിസ് ഇയാളുടെ രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."