പാകിസ്താനില്‍ സൂഫിദര്‍ഗയില്‍ ചാവേര്‍ സ്‌ഫോടനം; 15 മരണം
ക്വറ്റ: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ സൂഫി ദര്‍ഗയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 24ഓളം പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്താനിലെ ജല്‍ മഗ്‌സി നഗരത്തിനടുത്ത് ഫത്തഹ്പൂരിലുള്ള പീര്‍ റാഖേല്‍ ഷാ ദര്‍ഗയിലാണ് ഇന്നലെ വൈകിട്ട് ഭീകരാക്രമണമുണ്ടായത്.
തീര്‍ഥാടകര്‍ നിറഞ്ഞുകവിഞ്ഞ സമയത്ത് ദര്‍ഗയിലെത്തിയ ഭീകരന്‍ കവാടത്തിനടുത്തുവച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. അകത്തു കടക്കാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെയാണ് ഇയാള്‍ പൊട്ടിത്തെറിച്ചത്.
അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥനുമുണ്ട്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
1852ല്‍ ബലൂചിസ്താനില്‍ ജനിച്ച പ്രമുഖ സൂഫി ഗുരു റാഖേല്‍ ഷായുടെ ഖബറിടമാണ് ഇവിടെയുള്ളത്. വ്യാഴാഴ്ചകളില്‍ മഗ്‌രിബ് നിസ്‌കാരശേഷം നടക്കാറുള്ള പ്രത്യേക ചടങ്ങായ ദമാലിനിടെയാണു സ്‌ഫോടനമുണ്ടായത്. സാധാരണ വ്യാഴാഴ്ചകളില്‍ ഇവിടെ ശക്തമായ തീര്‍ഥാടകപ്രവാഹമാണ് ഉണ്ടാകാറ്.
2005ലും പീര്‍ റാഖേല്‍ ഷാ ദര്‍ഗയ്ക്കു നേരെ ഭീകരാക്രമണമുണ്ടായിരുന്നു. അന്ന് 35 പേരാണു കൊല്ലപ്പെട്ടത്. ഈ വര്‍ഷം പാകിസ്താനില്‍ സൂഫി ദര്‍ഗകള്‍ക്കുനേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.
ഫെബ്രുവരിയില്‍ പ്രസിദ്ധമായ ലാല്‍ ഷഹബാസ് ഖലന്ദര്‍ ദര്‍ഗയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."