കണ്ണിന് കുളിരായ് പച്ചവിരിച്ച് വേമോം പാടം
മാനന്തവാടി: മഴ മേഘങ്ങള്‍ കനിയാതെ വിത്തിടല്‍ വൈകിയെങ്കിലും ആശങ്കയകറ്റി വേമോം പാടം പച്ചവിരിച്ചു. വയനാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന വേമോം പാടത്ത് 350 ഹെക്ടറിലാണ് നെല്‍കൃഷി ചെയ്യുന്നത്. ഈ വര്‍ഷം പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ അനുഭവപ്പെട്ടത് പോലെ വേമോം പാടത്തും കൃഷി ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുഴയും തോടും കരകവിഞ്ഞ് ഒഴുകേണ്ട ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇടവിട്ട് ചെറിയ തോതില്‍ മഴ ലഭിച്ചിരുന്നെങ്കിലും ജലസ്രോതസുകളില്‍ ഒന്നും തന്നെ ആവശ്യത്തിന് ജലം ഉണ്ടായിരുന്നില്ല.
248 മില്ലിമീറ്റര്‍ മഴയാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ വയനാട്ടില്‍ ലഭിച്ചത്. ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവില്‍ അറുപത് ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ നിലം ഉഴുത് കൃഷിയിടം ഒരുക്കുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവന്നു. പരമ്പരാഗത വിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നതോടൊപ്പം ഇപ്പോള്‍ ഉല്‍പാദന ശേഷി കൂടുതലുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ചും കൃഷിയിറക്കുന്നുണ്ട്. കബനി നദിയില്‍ നിന്നും വെള്ളം കൃഷിയിടത്തിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് കൃഷിചെയ്യാന്‍ സാധിക്കുമെങ്കിലും അതിന് വരുന്ന സാമ്പത്തിക ചെലവ് എല്ലാ കര്‍ഷകര്‍ക്കും താങ്ങാന്‍ സാധിക്കുകയുമില്ല. ഉറവയായി ലഭിച്ച കുറഞ്ഞ ജലം ഉപയോഗപ്പെടുത്തിയാണ് ഈ വര്‍ഷം ഇവിടെ കൃഷിയിറക്കിയത്. നെല്‍കൃഷിയുടെ സമയത്ത് ലഭിക്കാതെ മഴ ഓഗസ്റ്റ് അവസാന വാരങ്ങളിലും സെപ്റ്റംബര്‍ ആദ്യ വാരങ്ങളിലും ശക്തമായി മഴ പെയ്യുകയും ചെയ്തു. ഇത് വിളവെടുപ്പിനെയാണ് ദോഷകരമായി ബാധിക്കുക. മഴകുറവിന്റെ ആശങ്കയിലും വൈകിയാണ് നെല്‍കൃഷി ഇറക്കിയതെങ്കിലും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വേമോം പാടം പച്ചവിരിച്ച് നില്‍ക്കുകയാണ്. മഴക്കുറവിലും പ്രതിസന്ധികള്‍ തരണം ചെയ്ത് കൃഷിയിറക്കിയ കര്‍ഷകര്‍ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."