ശ്രവിക്കാം... അപൂര്‍വ ഈണങ്ങള്‍
താമരശേരി: 'പ്രിയപ്പെട്ട ഹാജിയാരെ, ഈ ഗ്രാമഫോണിന്റെ സൂചി എവിടെന്നു കിട്ടും'. മലയാളത്തിന്റെ സാഹിത്യസുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ കൊടുവള്ളി കാവില്‍ കുഞ്ഞായിന്‍കുട്ടി ഹാജിക്ക് അയച്ച കത്തിലെ വരിയാണിത്. കത്തു കിട്ടിയ ഹാജിയാരും മകനും ഗ്രാമഫോണുമായി ബേപ്പൂരിലെ സുല്‍ത്താന്റെ വീട്ടിലെത്തി. അദ്ദേഹത്തെ പാട്ടുകള്‍ കേള്‍പ്പിച്ച ശേഷമാണ് അവര്‍ മടങ്ങിയത്.
ഗ്രാമഫോണുകള്‍ എവിടെയുണ്ടെന്ന് കേട്ടാലും അതു സ്വന്തമാക്കണമെന്നത് കുഞ്ഞായിന്‍കുട്ടി ഹാജിയുടെ രീതിയായിരുന്നു. ഇങ്ങനെ സ്വന്തമാക്കിയ ഒന്‍പതു ഗ്രാമഫോണുകളും മൂന്നു ഡെക്കകളും അനേകം റേഡിയോകളും ഹാജിയുടെ ശേഖരത്തിലുണ്ട്. കൂടാതെ നിരവധി പുരാതന വസ്തുക്കളും. 100 വര്‍ഷത്തിലധികം പഴക്കമുള്ള പാട്ടുപെട്ടികള്‍ വരെ ഇതില്‍പ്പെടും.
ഇവയെല്ലാം മകന്‍ ഫൈസലിന്റെ കൊടുവള്ളി മുത്തമ്പലത്തെ വീട്ടില്‍ പ്രത്യേക മുറിയില്‍ മ്യൂസിയം പോലെ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞായിന്‍ ഹാജിയുടെ വേര്‍പാടിനുശേഷം സുഹൃത്ത് അമ്മദ്‌കോയയാണ് ഇതു സംരക്ഷിച്ചു വരുന്നത്. അദ്ദേഹം മാത്രമാണ് ഇപ്പോള്‍ ഈ മുറി തുറക്കുന്നതും ഇവ പരിപാലിക്കുന്നതും. അമ്മദ്‌കോയ ഇവകള്‍ പരിപാലിക്കുന്നതായിരുന്നു ഹാജിക്ക് ഏറെ താല്‍പര്യം.
പഴയകാല പാട്ടുകാരായ സൈഗള്‍, നൂര്‍ജഹാന്‍, പങ്കജ് മല്ലിക്, പങ്കജ് ഉദാസ് തുടങ്ങിയവരുടെ ഹിന്ദി ഗസലുകള്‍, ചെമ്പൈ, ത്യാഗരാജ ഭാഗവതര്‍, എന്‍.എസ് കൃഷ്ണന്‍, എം.എസ് സുബ്ബലക്ഷ്മി തുടങ്ങിയവരുടെ കീര്‍ത്തനങ്ങള്‍, ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി മുഹമ്മദ് റഫി, മുകേഷ് തലത്ത്, ലതാമങ്കേഷ്‌കര്‍, ആശഭോസ്‌ലെ തുടങ്ങിയവരുടെ ഹിറ്റ് പാട്ടുകള്‍. മാപ്പിളപ്പാട്ട് ഗായകരായ സാരാഭായി, എസ്.എം കോയ, കുട്ടിപ്പിലാക്കില്‍ അഹമ്മദ്കുട്ടി, ഗുല്‍ മുഹമ്മദ്, എം.എസ് ബാബുരാജ്, കെ.ജി സത്താര്‍, കോഴിക്കോട് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവരുടെ അപൂര്‍വ ഗാനങ്ങള്‍ എല്ലാം ഹാജിയുടെ ശേഖരണത്തെ വ്യത്യസ്തമാക്കുന്നു.
ബദ്ര്‍, ഉഹ്ദ്, കര്‍ബല, ഷാഹിദാ വിജയം, ആബിദാ വിജയം തുടങ്ങിയ കഥാപ്രസംഗങ്ങള്‍, നാഗൂര്‍ ശരീഫിന്റെ മുസ്‌ലിം ഭക്തി ഗാനങ്ങള്‍, ഉര്‍ദു ഖവാലികള്‍ തുടങ്ങിയ ഈണങ്ങളാലും സമ്പന്നമാണ് ഹാജിയുടെ ശേഖരങ്ങള്‍. പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ കെ.ജി സത്താര്‍ ഒരിക്കല്‍ കുഞ്ഞായിന്‍കുട്ടി ഹാജിയെ തേടിയെത്തിയിരുന്നു. സത്താറിന്റെ പിതാവ് ഗുല്‍ മുഹമ്മദിന്റെയും സാരാഭായിയുടെയും പഴയ റെക്കോര്‍ഡുകള്‍ തേടിയായിരുന്നു വരവ്. ഗുല്‍ മുഹമ്മദിന്റെ ശോകകാവ്യം കേട്ട കെ.ജി സത്താര്‍ കരഞ്ഞു പോയി. അദ്ദേഹം 90 റിക്കാര്‍ഡുകള്‍ കടം ചോദിച്ചു. പകരമായി ഹാജി ആവശ്യപ്പെട്ടത് ഒരു പാട്ടു പാടാനായിരുന്നു.
പഴയ പാട്ടുകള്‍ തേടി പലരും ഇവിടെ വരാറുമുണ്ട്. ഇവകളടങ്ങിയ 3000 കാസറ്റുകളും 6000 പാട്ടുകളും ഇവിടെയുണ്ട്. ഇത്രയും വലിയ കാസറ്റ്, പാട്ട് ശേഖരം പഴമയുടെ രീതിയില്‍ സംരക്ഷിക്കുന്നത് ഒരുപക്ഷേ മറ്റൊരിടത്തുമുണ്ടാകില്ല. പണ്ടു കാലത്തെ കല്യാണ വീടുകളില്‍ സംഗീത തേന്മഴ പെയ്യിച്ചിരുന്നത് ഹാജിയുടെ ഗ്രാമഫോണുകളായിരുന്നു.
നാടുനീളെ അക്കാലത്ത് ഗ്രാമഫോണുകളുമായി ഹാജിയും സ്‌നേഹിതന്‍ അമ്മദ്‌കോയയും നടന്നിരുന്നു. ഈ അവശേഷിപ്പുകള്‍ പുതുതലമുറക്കുകൂടി ബാക്കിവച്ചാണ് കുഞ്ഞായിന്‍ ഹാജി യാത്രയായത്. പഴമയിലും പുതുമ നഷ്ടപ്പെടാതെ ഇന്നും ആ അപൂര്‍വ ഈണങ്ങള്‍ ശ്രവണപഥത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."